Skip to main content

സ്നേഹിത ജെൻഡർ ഹെൽപ്പ് ഡെസ്ക്; ജില്ലാതല കോ - ഓർഡിനേഷൻ കമ്മിറ്റി യോഗം ചേർന്നു

സ്നേഹിത ജെൻഡർ ഹെൽപ്പ് ഡെസ്കിന്റെ ജില്ലാതല കോ- ഓർഡിനേഷൻ കമ്മിറ്റി, സ്നേഹിത - എഫ്എൻഎച്ച് ഡബ്ലിയു (ഫുഡ്, ന്യൂട്രീഷൻ, ഹെൽത്ത്, വാഷ്) യോഗം ചേർന്നു. ജില്ലാതല കോ - ഓർഡിനേഷൻ കമ്മിറ്റി ചെയർമാൻ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവിസ് മാസ്റ്റർ അധ്യക്ഷനായ യോഗത്തിൽ സ്നേഹിത പദ്ധതിയുടെ സുഗമമായ നടത്തിപ്പിന് ജില്ലയിൽ സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി പ്രവർത്തിക്കുന്ന മുഴുവൻ സർക്കാർ - സർക്കാരിതര വകുപ്പുകളും സംയോജിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചു.

യോഗത്തിൽ പദ്ധതിയുടെ ഭാഗമായി ജില്ലയിൽ ഒരു ലക്ഷം സൗഹൃദ വീടുകളും സ്നേഹിതയിലെ അന്തേവാസികൾക്ക് പുതിയ ഉപജീവന മാർഗമായ ന്യൂട്രിലഞ്ച് ഉച്ച ഭക്ഷണ പദ്ധതിയും ആരംഭിക്കാൻ തീരുമാനിച്ചു.

ജില്ലാ പഞ്ചായത്തിന്റെ സമേതം പദ്ധതിയിലുൾപ്പെടുത്തി സ്നേഹിത അറ്റ് സ്കൂൾ പദ്ധതി കൂടുതൽ സ്കൂളിലേക്ക് വ്യാപിപ്പിക്കാൻ യോഗത്തിൽ തീരുമാനിച്ചു. സ്നേഹിത പദ്ധതിയെ വിപുലികരിക്കുന്നതിന്റെ ഭാഗമായി ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയായി സ്വന്തമായ കെട്ടിടം നിർമ്മിക്കും. ഇതിനായി കുടുംബശ്രീയ്ക്ക് ഡിപിആർ തയ്യാറാക്കാൻ നിർദേശം നൽകി.

ഇനി മുതൽ ആറ് മാസത്തിലൊരിക്കൽ കോ - ഓർഡിനേഷൻ കമ്മിറ്റി കൂടും. ജില്ലയിലെ ട്രൈബൽ മേഖലയിലെ ഗാർഹിക പീഡനം, ലഹരി ഉപയോഗം എന്നിവ തടയാനായി സ്നേഹിത പദ്ധതിയോടെപ്പം ജില്ലയിലെ എക്സൈസ്, വിമുക്തി മിഷൻ, പട്ടികജാതി പട്ടിക വർഗ്ഗ വകുപ്പ് എന്നിവർ സംയോജിച്ച് പ്രവർത്തിക്കും. സ്ത്രീ തൊഴിലാളികൾ തമ്മിലുള്ള പ്രശ്ന പരിഹാരത്തിന് ലേബർ ഓഫീസും സ്നേഹിതയും ചേർന്ന് പ്രവർത്തിക്കാനും യോഗത്തിൽ തീരുമാനിച്ചു.

ജില്ലയിൽ സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ പ്രതിരോധിക്കുന്നതിനും അവബോധ പ്രവർത്തനങ്ങൾ നടത്തുന്നതിനും അതിക്രമത്തിന് ഇരയായവർക്ക് സംരക്ഷണവും പുനരധിവാസവും നൽകുന്നതിന്റെ ഭാഗമായാണ് കുടുംബശ്രീ മിഷന്റെ കീഴിൽ സ്നേഹിത ജെൻഡർ ഹെൽപ്പ് ഡെസ്ക് രൂപികരിച്ചിരിക്കുന്നത്.

ജില്ലയിൽ 24 മണിക്കൂർ സേവനം നൽകുന്ന സ്നേഹിത ഹെൽപ്പ് ഡെസ്ക് അഞ്ച് വർഷം പിന്നിട്ടപ്പോൾ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട് 2471 കേസുകളാണ് രജിസ്റ്റർ ചെയ്തത്. സ്ത്രീകൾക്കും കുട്ടികൾക്കുമായി 837 പേർക്ക് താത്കാലിക താമസ സൗകര്യവും നൽകിയിട്ടുണ്ട്.

കലക്ട്രേറ്റിൽ ചേർന്ന യോഗത്തിൽ ഡെപ്യൂട്ടി കലക്ടർ എം സി റെജിൽ, കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ എ. കവിത, എഡിഎംസി എസ് സി നിർമ്മൽ, വകുപ്പ് മേധാവിമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. ജില്ലാ പ്രോഗ്രം മാനേജർ യു മോനിഷ റിപ്പോർട്ട് അവതരിപ്പിച്ചു.

date