Skip to main content

നവകേരളം ബഹുജന സദസ്;  നിയമസഭ മണ്ഡലംതല സ്വാഗതസംഘരൂപീകരണ യോഗം

കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ മന്ത്രിമാർ നിയമസഭ മണ്ഡലങ്ങളിൽ പര്യടനം നടത്തി ബഹുജനസദസും പ്രമുഖ വ്യക്തികളുമായി ജില്ലാതല കൂടിക്കാഴ്ചയും നടത്തുന്നതിന്റെ ഭാഗമായുള്ള നിയമസഭ മണ്ഡലംതല സംഘാടക സമിതി രൂപീകരണയോഗം ഇന്ന് (ഞായറാഴ്ച ഒക്‌ടോബർ 8) പുതുപ്പള്ളി, പാലാ, വൈക്കം, കടുത്തുരുത്തി എന്നിവിടങ്ങളിൽ നടക്കും.
ഇന്ന് (ഞായറാഴ്ച ഒക്‌ടോബർ 8) ഉച്ചകഴിഞ്ഞ് രണ്ടിന് പുതുപ്പള്ളി നിയമസഭ മണ്ഡലംതല സംഘാടക സമിതി രൂപീകരണയോഗം പാമ്പാടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടക്കും. പാലായിലെ യോഗം ഉച്ചകഴിഞ്ഞ് 3.30ന് പാലാ ടൗൺ ഹാളിലും വൈക്കത്ത്് വൈകിട്ട് നാലിന് വൈക്കം സത്യഗ്രഹ മെമ്മോറിയൽ ഹാളിലും കടുത്തുരുത്തിയിൽ വൈകിട്ട് അഞ്ചിന് ഗൗരീശങ്കരം ഓഡിറ്റോറിയത്തിലും നടക്കും.
കോട്ടയം മണ്ഡലത്തിലെ യോഗം നാളെ (തിങ്കളാഴ്ച, ഒക്‌ടോബർ 9) രാവിലെ 11ന് കോട്ടയം ബസേലിയസ് കോളജിലും ഏറ്റുമാനൂരിൽ ഉച്ചകഴിഞ്ഞ് രണ്ടിന് ഏറ്റുമാനൂർ തോംസൺ കൈലാസ് ഓഡിറ്റോറിയത്തിലും നടക്കും. കാഞ്ഞിരപ്പള്ളിയിൽ ഒക്ടോബർ 10ന് വൈകിട്ട് നാലിന് ചിറക്കടവ് മഹാത്മാഗാന്ധി ടൗൺഹാളിലും പൂഞ്ഞാറിൽ ഉച്ചകഴിഞ്ഞ് മൂന്നിന് മുണ്ടക്കയം സെന്റ് മേരീസ് ലാറ്റിൻ ചർച്ച് പാരിഷ് ഹാളിലും നടക്കും. ചങ്ങനാശേരിയിൽ ഒക്ടോബർ 11ന് വൈകിട്ട് അഞ്ചിന് മുനിസിപ്പൽ ടൗൺഹാളിലും നടക്കും. സഹകരണ-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ, സർക്കാർ ചീവ് വിപ്പ് ഡോ. എൻ. ജയരാജ്, എം.പി.മാർ, എം.എൽ.എ.മാർ എന്നിവർ വിവിധ യോഗങ്ങളിൽ പങ്കെടുക്കും.
നവകേരള നിർമ്മിതിയുടെ ഭാഗമായി ഇതിനകം സർക്കാർ നടത്തിയ മുന്നേറ്റത്തെക്കുറിച്ച് ജനങ്ങളുമായി സംവദിക്കാനും സമൂഹത്തിന്റെ ചിന്താഗതികൾ അടുത്തറിയാനുമാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിമാർ എല്ലാ നിയമസഭ മണ്ഡലങ്ങളിലും പര്യടനം നടത്തി വിവിധമേഖലയിലെ പ്രമുഖ വ്യക്തികളുമായുള്ള ജില്ലാതല കൂടിക്കാഴ്ചയും മണ്ഡലം കേന്ദ്രീകരിച്ച് ബഹുജനസദസും നടത്തുന്നത്. ഡിസംബർ 12ന് പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി, പുതുപ്പള്ളി മണ്ഡലങ്ങളിലും ഡിസംബർ 13ന് കോട്ടയം, ചങ്ങനാശേരി, പാലാ, ഏറ്റുമാനൂർ മണ്ഡലങ്ങളിലും ഡിസംബർ 14ന് കടുത്തുരുത്തി, വൈക്കം മണ്ഡലങ്ങളിലുമാണ് നവകേരളം ബഹുജന സദസും ജില്ലാതല കൂടിക്കാഴ്ചയും നടക്കുക.
സംഘാടനത്തിനായി മണ്ഡലാടിസ്ഥാനത്തിൽ ഉദ്യോഗസ്ഥരെ കൺവീനറായും ജോയിന്റ് കൺവീനറായും നിയോഗിച്ചിട്ടുണ്ട്. ചങ്ങനാശേരി-ഡെപ്യൂട്ടി കളക്ടർ എൽ.ആർ., കാഞ്ഞിരപ്പള്ളി-ഡെപ്യൂട്ടി കളക്ടർ ആർ.ആർ., പൂഞ്ഞാർ-പുഞ്ച സ്‌പെഷൽ ഓഫീസർ, പുതുപ്പള്ളി-ഡെപ്യൂട്ടി കളക്ടർ എൽ.എ., വൈക്കം-ഡെപ്യൂട്ടി കളക്ടർ ജനറൽ, പാലാ-പാലാ ആർ.ഡി.ഒ., കോട്ടയം-കോട്ടയം ആർ.ഡി.ഒ., ഏറ്റുമാനൂർ-ജോയിന്റ് ഡയറക്ടർ, തദ്ദേശസ്വയംഭരണ വകുപ്പ്, കടുത്തുരുത്തി-എ.ഡി.സി. ജനറൽ. അതത് സ്ഥലത്തെ തഹസിൽദാർമാരും ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാരുമാണ് ജോയിന്റ് കൺവീനർമാർ.

 

date