Skip to main content
നവകേരളസദസ്സിനെ ജനങ്ങൾ നെഞ്ചിലേറ്റി; സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവൻ

നവകേരളസദസ്സിനെ ജനങ്ങൾ നെഞ്ചിലേറ്റി; സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവൻ

ആലപ്പുഴ:നവ കേരളസദസ്സിനെ ജനങ്ങൾ നെഞ്ചിലേറ്റിയെന്ന് സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവൻ. അരൂർ മണ്ഡലം നവകേരള സദസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നവംബർ 18-ന് മഞ്ചേശ്വരത്ത് നിന്നും ആരംഭിച്ച നവ കേരള സദസ്സ് 10 ജില്ലകൾ പിന്നിട്ട് പതിനൊന്നാം ജില്ലയായ ആലപ്പുഴയിലേക്ക് പ്രവേശിക്കുമ്പോൾ വൻ ജനസാഗരമാണ് അരൂർ മണ്ഡലത്തിൽ ജനകീയ മന്ത്രിസഭയെ സ്വാഗതം ചെയ്തത്. 

ജനാധിപത്യത്തിൽ ജനങ്ങളാണ് യജമാനന്മാർ, ജനപ്രതിനിധികൾ ദാസന്മാരാണെന്ന സങ്കല്പം അർത്ഥവത്താക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ നയിക്കുന്ന സർക്കാർ. ഓരോ മണ്ഡലത്തിലെയും ജനങ്ങൾക്ക് ജനപ്രതിനിധികളുമായി സംവദിക്കാൻ ലഭിക്കുന്ന അവസരമാണ് നവകേരള സദസ്സ്.

സാങ്കേതികമായി നടപ്പിലാക്കാൻ കഴിയാത്ത ചിലത് ഒഴിച്ചാൽ ഇടതുപക്ഷ ജനാധിപത്യമുന്നണി 2016 ലെ പ്രകടനപത്രികയിൽ അവതരിപ്പിച്ച എല്ലാ വാഗ്ദാനങ്ങളും നടപ്പിലാക്കി കഴിഞ്ഞു. ജനങ്ങൾക്ക് മുന്നിൽ പ്രോഗ്രസ് കാർഡ്    അവതരിപ്പിക്കുന്ന ആദ്യത്തെ സർക്കാരാണ് കേരളത്തിലേത്. 

ഗെയിൽ, കേരളത്തിന്റെ അഭിമാനമായ തീരദേശ, മലയോര ഹൈവേ, ഇന്ത്യയിലെ ആദ്യത്തെ വാട്ടർ മെട്രോ, പാവപ്പെട്ടവർക്കും ഇന്റർനെറ്റ്‌ അവകാശമാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് നടപ്പിലാക്കിയ കെ ഫോൺ, കൂടംകുളം വൈദ്യുതി നിലയം, വിഴിഞ്ഞം പദ്ധതി, ഡിജിറ്റൽ യൂണിവേഴ്സിറ്റി, സയൻസ് പാർക്ക് തുടങ്ങി വികസന രംഗത്ത് വിസ്മയം തീർക്കുകയാണ് പിണറായി വിജയൻ നയിക്കുന്ന സർക്കാർ. 

പൊതു വിദ്യാഭ്യാസ മേഖലയിലും ഉന്നത വിദ്യാഭ്യാസ മേഖലയിലും വിപ്ലവകരമായ മാറ്റമാണ് സർക്കാർ നടപ്പിലാക്കുന്നത്. ആരോഗ്യ പരിപാലന രംഗത്ത് ആഗോള മാതൃക സൃഷ്ടിച്ചാണ് കേരളം മുന്നേറുന്നത്. നവ കേരള സദസ്സിലൂടെ പുത്തൻ കേരളത്തെ കെട്ടിപ്പടുക്കുകയാണ് ലക്ഷ്യമിടുന്നത്. കോവിഡ്ക്കാലത്ത് മാതൃകപരമായ പ്രവർത്തനങ്ങളാണ് സംസ്ഥാനത്ത് നടന്നത്.

കേരളത്തിനെ ലോകത്തിനു മുന്നിൽ അവതരിപ്പിച്ച കേരളീയം പരിപാടി വൻ വിജയമായിരുന്നു. അതിദാരിദ്ര നിർമ്മാർജ്ജനത്തിലൂടെ സമഗ്രമായ വികസനത്തിനാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നതെന്നും ജാതിയുടെയും മതത്തിന്റെയും അതിർവരമ്പുകൾ ഇല്ലാതെ മതനിരപേക്ഷിത നയം മുൻനിർത്തിയാണ് സർക്കാർ പ്രവർത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

date