Skip to main content
ജനാവലി നാടിന്റെ ഭാവി ഭദ്രമെന്നതിന്റെ സൂചന- മുഖ്യമന്ത്രി പിണറായി വിജയന്‍ 

ജനാവലി നാടിന്റെ ഭാവി ഭദ്രമെന്നതിന്റെ സൂചന- മുഖ്യമന്ത്രി പിണറായി വിജയന്‍ 

ആലപ്പുഴ: നാടിന്റെ ഭാവി ഭദ്രമാണെന്ന സൂചനയാണ് തടിച്ചുകൂടിയ ജനാവലി നല്‍കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജില്ലയിലെ നവകേരള സദസ്സ് ആദ്യ വേദിയായ അരൂര്‍ മണ്ഡലത്തിലെ അരയങ്കാവ് ക്ഷേത്ര മെതാനിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഒത്തൊരുമയോടെ ഐക്യത്തോടെ കഴിയുന്ന നാടിനെ ഒരു പ്രതിസന്ധിക്കും തകര്‍ക്കാനാവില്ല. ആ നാടിന് അതിജീവിക്കാനാകും. ആതാണ് ജനാവലി നല്‍കുന്ന ഏറ്റവും വലിയ സന്ദേശം-മുഖ്യമന്ത്രി പറഞ്ഞു. 

സംസ്ഥാനത്തിന്റെ പൊതുവായ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കുകയാണ് നവകേരള സദസ്സുകൊണ്ട് ലക്ഷ്യംവയ്ക്കുന്നത്. സംസ്ഥാനം വികസന- ക്ഷേമ പ്രവർത്തനങ്ങളിൽ എവിടെയെത്തി നിൽക്കുന്നു എത്രത്തോളം മുന്നോട്ട് പോകണം എന്നതിനെ കുറിച്ചെല്ലാം ആശയ രൂപീകരണമാണ് ഉദ്ദേശം.
സാധാരണ ഗതിയിൽ സംസ്ഥാനത്തിന് അർഹതപ്പെട്ട ധനസഹായം പോലും നൽകാതെ  കേന്ദ്രസർക്കാർ കേരളത്തെ പ്രതിസന്ധിയിൽ ആക്കൂകയാണ്.  വിവിധ രീതിയിലുള്ള വരുമാനം ഒന്നിച്ചു ചേർത്താണ് സർക്കാർ മുന്നാട്ടുപോകുന്നത്. തനതു വരുമാനത്തിലൂടെ നാടിന് നല്ല പുരോഗതിയാണ് ഉണ്ടാകുന്നത്. ആഭ്യന്തര വരുമാനവും പ്രതിശീർഷ വരുമാനവും നല്ലതോതിൽ വർദ്ധിക്കുന്നുണ്ട്. സാധാരണ രീതിയില്‍ സാമ്പത്തിക പ്രശ്നങ്ങളില്ലാതെ മുന്നോട്ടുപോകാൻ കഴിയുമെന്ന സൂചനയാണിത്. ഫലപ്രദമായ ധനകാര്യ നയമാണ് സർക്കാരിന്റേത്. എന്നാൽ നമുക്ക് വലിയ സാമ്പത്തിക പ്രയാസമാണ്. മികവാർന്ന അവസ്ഥയുണ്ടായിട്ടും സാമ്പത്തിക പ്രയാസം അനുഭവപ്പെടുന്നു. കേന്ദ്ര സർക്കാർ വിവിധ ഇനത്തിൽ നമുക്ക് നൽകേണ്ട പണത്തിലും നാം സമാഹരിക്കേണ്ട പണത്തിലും തടസ്സങ്ങൾ സൃഷ്ടിക്കുകയാണ്.  ചെറിയ തോതിലുള്ള നികുതി മാത്രമാണ് നമുക്ക് ലഭിക്കുന്നത്. കാര്യങ്ങളിൽ സുതാര്യതയുമില്ല. സംസ്ഥാനത്തെ ദ്രോഹിക്കുന്ന നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നത്. കേന്ദ്രവും സംസ്ഥാനവും ഒരുമിച്ചു നടപ്പിലാക്കുന്ന പദ്ധതികളിൽ ആദ്യം സംസ്ഥാനമാണ് പണം ചിലവിടുന്നത്. പിന്നീട് കേന്ദ്രത്തിൽ നിന്ന് ലഭിക്കുകയാണ്. എന്നാൽ ഇതിലും കേന്ദ്രം കുടിശ്ശിക വരുത്തിയിരിക്കുകയാണ്. സംസ്ഥാനത്തിന്റെ വരുമാനത്തിൽ കടമെടുപ്പും ഭാഗമാണ്. കടമെടുക്കുന്ന പണം വിവിധ വികസന പദ്ധതികൾക്കാണ് സംസ്ഥാനം ചിലവഴിക്കുന്നത്. ആ പദ്ധതികളുടെ വരുമാനത്തിൽ നിന്നാണ് കടം വീട്ടുന്നത്. നാടിന്റെ അഭിവൃദ്ധിക്കാണ് ആ പണം ഉപയോഗിക്കുന്നത്. ഇതിൽ നിയമവും പരിധിയും നിശ്ചയിച്ചിട്ടുണ്ട്. എന്നാൽ ഭരണഘടന വിരുദ്ധമായി സംസ്ഥാനത്തിന് കടമെടുക്കുന്നതിനുള്ള പരിധി കുറച്ചു കൊണ്ടുള്ള നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നത്. കിഫ്ബി മുഖേന നടപ്പാക്കുന്ന പദ്ധതികൾക്കെടുക്കുന്ന കടവും സംസ്ഥാനത്തിന്റെ കടമായാണ് ഇപ്പോൾ കേന്ദ്രം കണക്കാക്കുന്നത്. അതേസമയം ദേശീയപാത വികസനത്തിനായി കേന്ദ്രം എടുക്കുന്ന കടം കേന്ദ്രത്തിന്റെ കടമായി കണക്കാക്കുന്നുമില്ല. ക്ഷേമ പെൻഷൻ നൽകുന്നതിനായി രൂപീകരിച്ച കമ്പനി എടുക്കുന്ന കടവും സംസ്ഥാനത്തിന്റെ കടമായാണ് കേന്ദ്ര സർക്കാർ കണക്കാക്കുന്നത്. ഇത്തരത്തിൽ ശ്വാസംമുട്ടിക്കുന്ന നിലപാടാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നത്. ഇതിനെതിരെയുള്ള സന്ദേശവുമായാണ് നവകേരള സദസ്സ് സംഘടിപ്പിക്കുന്നത്. കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെയുള്ള ഈ പ്രയാണമാണ് പ്രതിപക്ഷം ബഹിഷ്കരിക്കുന്നത്. 
സംസ്ഥാന സർക്കാരിന്റെ വികസന ക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമായി 2025 നവംബർ ഒന്നോടെ അതിദാരിദ്രരില്ലാത്ത സംസ്ഥാനമായി കേരളം മാറും - മുഖ്യമന്ത്രി പറഞ്ഞു.

തുറമുഖ, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ, മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി, സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ എന്നിവർ ചടങ്ങിൽ അഭിസംബോധന ചെയ്ത് സംസാരിച്ചു. മറ്റ് മന്ത്രിമാർ ചടങ്ങിൽ സന്നിഹിതരായി. 
ദലീമ ജോജോ എം.എൽ.എ. അധ്യക്ഷത വഹിച്ചു. എ.എം. ആരിഫ് എം.പി., മണ്ഡലം കൺവീനർ കെ.എസ്. ശിവകുമാർ, പിന്നാക്ക വികസന കോർപ്പറേഷൻ ചെയർമാൻ കെ. പ്രസാദ്, മറ്റ് ജനപ്രതിനിധികൾ  തുടങ്ങിയവർ പങ്കെടുത്തു. അതിനുശേഷം സദസിന്റെ ഭാഗമായി നടത്തിയ മത്സര വിജയികൾക്കുള്ള സമ്മാനദാനവും നടന്നു.

date