Skip to main content
കുടിവെള്ള പ്രശ്നത്തിന് പൂർണ പരിഹാരം ലക്ഷ്യം: മന്ത്രി റോഷി അഗസ്റ്റിൻ

കുടിവെള്ള പ്രശ്നത്തിന് പൂർണ പരിഹാരം ലക്ഷ്യം: മന്ത്രി റോഷി അഗസ്റ്റിൻ

ആലപ്പുഴ: കുടിവെള്ള പ്രശ്നത്തിന് പൂർണ പരിഹാരം കണ്ടെത്തുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. സെന്റ് മൈക്കിൾസ് കോളേജ് ഗ്രൗണ്ടിൽ നടന്ന ചേർത്തല മണ്ഡലം നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
എല്ലാവർക്കും കുടിവെള്ളം ലഭ്യമാകുന്ന സാഹചര്യം കേരളത്തിലുണ്ടാകണം.
 70, 85000 ഗ്രാമീണ ഭവനങ്ങളാണ് കേരളത്തിലുള്ളത്. ഇതിൽ 17 ലക്ഷം ഭവനങ്ങൾക്കാണ് കുടിവെള്ള കണക്ഷൻ നൽകിയിരുന്നത്. കഴിഞ്ഞ രണ്ടര വർഷത്തിനിടെ ഗ്രാമീണ ഭവനങ്ങളിലെ കുടിവെള്ള കണക്ഷനുകളുടെ എണ്ണം 38 ലക്ഷമാക്കി ഉയർത്തി. അവശേഷിക്കുന്ന കണക്ഷനുകൾ അടുത്ത രണ്ടുവർഷത്തിനകം പൂർത്തിയാക്കും. ഈ മണ്ഡലത്തിലെ കുടിവെള്ള പ്രശ്നം പരിഹരിക്കാനാവശ്യമായ തുക നൽകിക്കഴിഞ്ഞു. ആലപ്പുഴ ജില്ലയിൽ 1657 കോടി രൂപ അനുവദിച്ചു. ഗ്രാമീണ മേഖലയിൽ 42.58 കോടി രൂപയും അനുവദിച്ചു. കുടിവെളളവുമായി ബന്ധപ്പെട്ട് കിഫ്ബി പദ്ധതിയുടെ ഭാഗമായി 883 കോടി രൂപയുടെ പ്രവർത്തനങ്ങൾ നടക്കുന്നു. 

തീരദേശ മേഖല വലിയ പ്രശ്നങ്ങൾ നേരിടുകയാണ്. കടൽ ക്ഷോഭത്തെ തുടർന്ന് പ്രയാസമനുഭവിക്കുന്നവരെ സഹായിക്കാൻ സർക്കാർ നിരവധി പ്രവർത്തനങ്ങൾ നടത്തുന്നു.  ടെട്രാപോഡ് ഉപയോഗിച്ചുള്ള കടൽഭിത്തി നിർമ്മാണത്തിലൂടെയുള്ള തീരസംരക്ഷണ പ്രവർത്തനങ്ങൾ തുടങ്ങിയത് എറണാകുളം ജില്ലയിലെ ചെല്ലാനത്താണ്. രാജ്യത്ത് തന്നെ പദ്ധതി മാതൃകയായി മാറി. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റൽ റിസർച്ചിന്റെ അടിസ്ഥാനത്തിൽ ഹോട്ട്സ് സ്പോട്ടായി നിശ്ചയിക്കപ്പെട്ടിട്ടുള്ള തീരദേശങ്ങളിൽ തീരസംരക്ഷണ പ്രവർത്തനങ്ങൾ നടന്നുവരികയാണ്. കൃഷി മന്ത്രി പി. പ്രസാദിന്റെ ഇടപെടലിനെ തുടർന്ന് ഒറ്റമശേരിയിലെ കടൽഭിത്തി നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കാൻ കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു.

ഒന്നാം പിണറായി സർക്കാർ പൊതുവിദ്യാഭ്യാസ മേഖലയിൽ വലിയ മാറ്റങ്ങൾ സൃഷ്ടിച്ചു. ഗുണമേന്മയുള്ള വിദ്യാഭ്യാസവും ഉയർന്ന അക്കാദമിക് നിലവാരവും ഉറപ്പാക്കുന്ന വിദ്യാഭ്യാസ സംസ്കാരത്തിന് രൂപം നൽകി. രണ്ടാം പിണറായി സർക്കാർ ഉന്നത വിദ്യാഭ്യാസ മേഖല മെച്ചപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നത്. വിദേശ വിദ്യാർഥികൾക്ക് ഇവിടെ പഠിക്കുവാനുള്ള സാഹചര്യമൊരുക്കണം. 
ആരോഗ്യ മേഖലയിലും വലിയ മാറ്റങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞു. കോവിഡ് കാലത്ത് ആരോഗ്യ മേഖലയിലെ മികവ് നേട്ടമായി. 

ഭരണപക്ഷത്തെ എതിർക്കുക എന്നത് മാത്രമായി പ്രതിപക്ഷത്തിന്റെ പ്രവർത്തനം ചുരുങ്ങി. നവകേരള സദസ്സിനെ ഇകഴ്ത്തിക്കാട്ടാനുളള ശ്രമവും പ്രതിപക്ഷ കക്ഷികൾ നടത്തുകയാണെന്നും മന്ത്രി പറഞ്ഞു.

date