Skip to main content

നവകേരളകാഴ്ചപ്പാടുകളുമായി കുറവിലങ്ങാട് പ്രഭാതയോഗം

ഉന്നതവിദ്യാഭ്യാസരംഗത്തെ നവീകരണം മുതൽ ഭിന്നശേഷിക്കാരായവരുടെ അഭിവൃദ്ധി വരെയുള്ള വികസന സാമൂഹിക വിഷയങ്ങളിലെ പ്രശ്‌നങ്ങളും പരിഹാരവും മുന്നോട്ടുള്ള വഴിയും തെളിച്ചു കോട്ടയം ജില്ലയിലെ രണ്ടാം പ്രഭാതയോഗം. നവകേരളസദസിന്റെ ഭാഗമായി കുറവിലങ്ങാട് ദേവമാതാ പള്ളി പാരിഷ് ഹാളിൽ നടത്തിയ പ്രഭാതയോഗത്തിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും സമൂഹത്തിന്റെ നാനാതുറകളിൽപ്പെട്ടവരുടെ പ്രതിനിധികളുടെ നിർദേശങ്ങളും അഭിപ്രായങ്ങളും ശ്രവിച്ചത്. പാലാ, കടുത്തുരുത്തി, വൈക്കം നിയമസഭാ നിയോജകമണ്ഡലത്തിലെ ക്ഷണിക്കപ്പെട്ടവരാണ് പ്രഭാതയോഗത്തിന്റെ ഭാഗമായത്.
 എം.പി.മാരായ തോമസ് ചാഴികാടൻ, ജോസ് കെ. മാണി, സി.കെ. ആശ എം.എൽ.എ, ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി, സിനിമാ സംവിധായകനും നടനുമായ ദിലീഷ് പോത്തൻ, ഗായകൻ ദേവാനന്ദ്, കഥകളി ആചാര്യൻ സുനിൽ പള്ളിപ്പുറം, ഗാനരചയിതാവ് വൈ. സുധാംശു, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് അനഘ ജെ. കോലത്ത്, നാദസ്വര വിദ്വാൻ വൈക്കം ഷാജി, ഡി.സി. ബുക്ക്‌സ് മാനേജിംഗ് ഡയറക്ടർ ഡി.സി. രവി , പഴയിടം മോഹനൻ നമ്പൂതിരി, പാലാ  ബ്രിലന്റ്‌സ് സ്റ്റഡി സെന്റർ പ്രിൻസിപ്പൽ സെബാസ്റ്റ്യൻ ജി. മാത്യു, പാലാ രൂപത കോർപ്പറേറ്റ് എഡ്യൂക്കേഷൻ മാനേജർ ഫാ. ബർക്കു മാൻസ് കുന്നുംപുറത്ത്, പാലാ രൂപത വികാരി ജനറൽ റവ. ഫാ. സെബാസ്റ്റ്യൻ വേത്താനത്ത്, മുൻ പി.എസ്.സി അംഗം പ്രൊ. ലോപ്പസ് മാത്യു, ഭിന്നശേഷി വിഭാഗക്കാരുടെ ഗാനമേള ട്രൂപ്പായ മാജിക്ക് വോയ്‌സിന്റെ പ്രതിനിധി സുനീഷ് ജോസഫ്, കെ.പി.പി.എൽ സ്‌പെഷ്യൽ ഓഫീസർ പ്രസാദ് ബാലകൃഷ്ണൻ, പൊതി പിയാത്ത ഭവൻ  സിസ്റ്റർ മേരി ലൂസി, ജെന്റിൽമാൻ ബാബു, പ്രദീപ് മാളവിക, മിസ് ട്രാൻസ്‌ജെൻഡർ വുമൺ ഗ്ലോബൽ 2021 ജേതാവ് ശ്രുതി സിത്താര, കയർ തൊഴിലാളി പ്രതിനിധി രതിമോൾ, ഇൻഡോ അമേരിക്കൻ ആശുപത്രി മാനേജിംഗ് ഡയറക്ടർ ഡോ. ജാഫർ മുഹമ്മദ് ഇക്ബാൽ, ആദിവാസി വിദ്യാഭ്യാസ ഉന്നമനത്തിനായി പ്രവർത്തിച്ച ധന്യ പി.വാസു, ഉഴവൂർ വിജയന്റെ ഭാര്യ ചന്ദ്രമണിയും മകളും, മള്ളിയൂർ ദിവാകരൻ നമ്പൂതിരി, ബാബു നമ്പൂതിരി, നോർക്ക ഡയറക്ടർ ബോർഡംഗം അജിത്കുമാർ കല്യാടിക്കൽ, കോഴ ഹോളിക്രോസ്  സ്‌പെഷ്യൽ സ്‌കൂൾ പ്രിൻസിപ്പൽ സിസ്റ്റർ റാണി ജോസ്, അഖില കേരള ധീവരസഭ പ്രതിനിധി മോഹൻലാൽ, സംയോജിത കൃഷി സംസ്ഥാന അവാർഡ് ജേതാവ് വിധു രാജീവ് തുടങ്ങി നാനാതുറകളിൽ നിന്നുള്ള ഇരുന്നൂറിലേറെ വിശിഷ്ടാതിഥികൾ പങ്കെടുത്തു.

പ്രഭാതയോഗത്തിൽ അതിഥികൾ ഉന്നയിച്ച നിർദേശങ്ങളും മുഖ്യമന്ത്രിയുടെ മറുപടി

 സ്‌കൂളുകളിൽ വായന നിർബന്ധമാക്കുന്ന കാര്യം സർക്കാർ ഗൗരവതരമായി പരിശോധിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.  വായന സ്‌കൂൾ കരിക്കുലത്തിന്റെ ഭാഗമാകുന്നതും സർക്കാർ പരിശോധിക്കുന്നതാണെന്നു മുഖ്യമന്ത്രി പറഞ്ഞു. യൂറോപ്യൻ രാജ്യങ്ങളിൽ പന്ത്രണ്ടാം ക്ലാസ് വരെ വായന നിർബന്ധമാണെന്നും കേരളത്തിലെ സ്‌കൂളുകളിലും അത്തരത്തിലൊരു സമ്പ്രദായം കൊണ്ടുവരണമെന്നും പ്രഭാതയോഗത്തിൽ ആദ്യം സംസാരിച്ച പുസ്തകപ്രസാധകരംഗത്തെ പ്രമുഖനായ രവി ഡിസിയാണ് അഭിപ്രായപ്പെട്ടത്. കേരളത്തിലെ ബൗദ്ധിക മൂലധനം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുവേണ്ടി ഉന്നതവിദ്യാഭ്യാസമേഖലയെ കൂടുതൽ ശക്തിപ്പെടുത്തണമെന്നും അതുവഴി 50000 കോടി രൂപയുടെ സാമ്പത്തിക പുരോഗതി നേടുന്ന വിപ്ലവത്തിലേക്കു സംസ്ഥാനത്തിനു നീങ്ങാനാവുമെന്നും രവി ഡിസി ചൂണ്ടിക്കാട്ടി. ഈ സർക്കാർ അധികാരത്തിൽ വന്നപ്പോൾ ഉന്നതവിദ്യാഭ്യാസത്തിന്റെ നവീകരണത്തിനാണു മുൻഗണന കൊടുത്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തെ ഉന്നതവിദ്യാഭ്യാസത്തിന്റെ ഹബ് ആക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ നീങ്ങുന്നത്. നിലവിലുള്ള പ്രശ്‌നങ്ങൾ സർക്കാർ പരിഹരിച്ചുകൊണ്ടിരിക്കുകയാണ്.  ലാബുകളും ലൈബ്രറികളും പോലുള്ള അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കിക്കൊണ്ടിരിക്കുകയാണ്. വിദേശരാജ്യങ്ങളിലെ പോലെ ഈ സൗകര്യങ്ങൾ വിദ്യാർഥികൾക്ക് എപ്പോഴും  ഉപയോഗിക്കാനാകാവുന്ന തരത്തിലുള്ള മാറ്റമാണ് ലക്ഷ്യമിടുന്നത്. ഇക്കാര്യത്തിൽ സർവകലാശാലകളുമായി ചർച്ച നടത്തി. ഉന്നതവിദ്യാഭ്യാസത്തിന്റെ മാറ്റം സംബന്ധിച്ചു പഠനങ്ങൾ നടക്കുകയാണ്. പല റിപ്പോർട്ടുകളും സമർപ്പിച്ചു.
വിദേശരാജ്യങ്ങളിലേക്കു കുടിയേറുന്ന യുവജനങ്ങളെ സംസ്ഥാനത്തു പിടിച്ചുനിർത്താനുള്ള പദ്ധതികൾ സർക്കാർ തലത്തിൽ ആവിഷ്‌കരിക്കണമെന്നായിരുന്നു പാലാ രൂപത വികാർ ജനറൽ മോൺ. സെബാസ്റ്റിയൻ വേത്താനത്തിന്റെ ആവശ്യം. എന്നാൽ യുവാക്കൾ പുറത്തുപോകുന്നതിനെപ്പറ്റി ആശങ്ക വേണ്ടെന്നും അതു കാലത്തിന്റെ മാറ്റമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പഠിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ ഇനി എങ്ങോട്ടുപോകണമെന്നു വിദ്യാർഥികൾ ആലോചിക്കുന്ന കാലമാണെന്നു മുഖ്യമന്ത്രി പറഞ്ഞു.
 സർക്കാർ സ്‌കൂളുകിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ബൃഹത്തായ അടിസ്ഥാനസൗകര്യവികസനം എയ്ഡഡ് സ്‌കൂളുകളിലും നടപ്പാക്കണമെന്നു മോൺ. സെബാസ്റ്റിയൻ വേത്താനത്ത് ആവശ്യപ്പെട്ടപ്പോൾ നിലവിൽ അതുണ്ടെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. എയ്ഡഡ് സ്‌കൂൾ വികസനത്തിന് മാനേജ്‌മെന്റുകൾ എത്ര തുക മുടക്കുന്നുവോ അത്രയും തുക സർക്കാരും നൽകും. ഇത്തരത്തിൽ ഒരു കോടി രൂപ വരെയാണു നൽകുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു. ന്യൂനപക്ഷ വകുപ്പിനെപ്പറ്റി ചില ആശങ്കകൾ ഉന്നയിച്ചപ്പോൾ അത്തരത്തിലൊരു ആശങ്കയ്ക്കും അടിസ്ഥാനമില്ലെന്നും ആരു വകുപ്പു കൈകാര്യം ചെയ്താലും സർക്കാർ ഒരേ രീതിലിലുള്ള നിലപാടാണ് സ്വീകരിക്കുന്നതെന്നും ഭരണനടപടിയുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ അതു പ്രത്യേകമായി പരിശോധിക്കാവുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ആസിയാൻ കരാർ നടപ്പാക്കിയതാണ് കാർഷിക മേഖലയിൽ റബർ വിലയിടിവിനടക്കമുള്ള കാരണമെന്നു ഫാ. സെബാസ്റ്റിയൻ ഉന്നയിച്ച പ്രശ്‌നത്തിനു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.
കർഷകർ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സർക്കാർ ഒാഫീസുകളെ സമീപിക്കുമ്പോൾ ഉദ്യോഗസ്ഥർ കൃത്യമായി കാര്യങ്ങൾ വിശദീകരിക്കുന്നതിന് നിർദേശം കൊടുക്കണമെന്നായിരുന്നു സംയോജിത കൃഷിയിൽ സംസ്ഥാന പുരസ്‌കാര ജേതാവായ വിധു രാജീവിന്റെ ആവശ്യം.
അഗതികളെയും അനാഥരെയും സംരക്ഷിക്കുന്നതു സ്‌കൂൾ കരിക്കുലത്തിന്റെ ഭാഗമാക്കണമെന്ന് സന്തോഷ് മരിയസദനം ആവശ്യപ്പെട്ടു.

മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്കായുള്ള സ്ഥാപനങ്ങളിൽ പതിനെട്ടു വയസിനുശേഷം അവർക്കു നിലവിൽ തുടരാനാകില്ല. ഇവിടങ്ങളിൽ അവർക്കായ സൗകര്യങ്ങൾ ഇല്ലാത്തതും വലിയ വെല്ലുവിളിയാണ്. ഇത്തരം ഇടങ്ങളിൽ അവർക്കു 18 വയസിനുശേഷവും തുടരാനുള്ള അവകാശം നൽകുന്ന രീതിയിൽ മാറ്റമുണ്ടാകണമെന്നു ഭിന്നശേഷിവിദ്യാർഥികളുടെ അധ്യാപികയായ സിസ്റ്റർ റാണി ജോർജ് പറഞ്ഞു. ദേശീയ, രാജ്യാന്തര തലത്തിലുള്ള മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്കു സർക്കാർ ജോലി നൽകണമെന്നും മാനസിക വെല്ലുവിളി നേരിടുന്നവർക്കും സർക്കാർ ജോലികളിൽ സംവരണം നൽകണമെന്നും സിസ്റ്റർ റാണി ജോസ് ആവശ്യപ്പെട്ടു. ഇക്കാര്യങ്ങളിൽ എന്തു ചെയ്യാൻ പറ്റുമെന്നു സർക്കാർ ഗൗരവതരമായി പരിശോധിക്കുന്നതാണെന്നു മുഖ്യമന്ത്രി പറഞ്ഞു.

ദേവസ്വം ക്ഷേത്രങ്ങളിലുള്ള കലാ അവതരണത്തിൽ സംസ്ഥാന സർക്കാർ പ്രത്യേക നടപടികളൊന്നും എടുക്കുന്നില്ലന്ന് മുഖ്യമന്ത്രി പറഞ്ഞു. ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ നാടകം അവതരിപ്പിക്കുന്നതിന് അവസരം ഒരുക്കണമെന്ന് നാടക കലാകാരൻ പ്രദീപ് മാളവികയുടെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. ക്ഷേത്രങ്ങളിൽ ക്ഷേത്ര കലകളുമായി ബന്ധപ്പെട്ട് പരമ്പരാഗതമായ സ്വീകരിച്ചു വരുന്ന നിലപാടിൽ നിന്ന് വ്യത്യസ്തമായ നടപടിയൊന്നും സ്വീകരിക്കുന്നില്ല. രാത്രി 10 മണിക്ക് ശേഷം ഉത്സവപറമ്പുകളിൽ പരിപാടികൾ അവതരിപ്പിക്കുന്നതിനുള്ള ഹൈകോക്കതി വിലക്ക് നീക്കം ചെയ്യാൻ സർക്കാർ കാര്യക്ഷമമായി ഇടപെടണമെന്നും പ്രദീപ് ആവശ്യപ്പെട്ടു.

സംസ്ഥാനത്തെ ഹെൽത്ത് കെയർ ഡെസ്റ്റിനേഷൻ ആക്കി വളർത്തണമെന്ന് ഇൻഡോ അമേരിക്കൻ ആശുപത്രി മാനേജിങ് ഡയറക്ടർ ഡോ. ജാഫർ മുഹമ്മദ് ഇക്ബാൽ നിർദ്ദേശിച്ചു. നഴ്‌സുമാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ കേരളത്തിൽ തന്നെ സൃഷ്ടിക്കുന്നതിന് ഇതുവഴി സാധിക്കും. നഴ്‌സിംഗ്  കൗൺസിലുമായി ചർച്ചചെയ്ത്  നഴ്‌സിംഗ് കോളേജുകളിൽ വിദ്യാർഥി അധ്യാപക അനുപാതം1:10 എന്നതിന് പകരം 1:20 എന്ന രീതിയിലേക്ക് മാറ്റണം. ഉത്തരവാദിത്ത ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മറവൻതുരുത്ത് പഞ്ചായത്തിനെ ടൂറിസ്റ്റ് വില്ലേജായി പ്രഖ്യാപിക്കണമെന്നും ഡോ. ജാഫർ മുഹമ്മദ് ഇക്ബാൽ പറഞ്ഞു.

നെൽകർഷകരുടെ പിആർഎസ് വായ്പയെക്കുറിച്ച് അനാവശ്യമായ പരിഭ്രാന്തി വേണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. പി.ആർ.എസ് വ്യവസ്ഥ പ്രകാരമുള്ള ത്രികക്ഷി കരാർ കർഷകന് കടബാധ്യതയായി നിൽക്കുന്നതിനാൽ മറ്റ് ബാങ്ക് ഇടപാടുകളിൽ പ്രതിസന്ധി നേരിടുന്നുമെന്ന വ്യവസായ പ്രധിനിധി
വി കെ മുരളീധരന്റെ ആക്ഷേപത്തോടു പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. വായ്പാ ബാധിത കർഷകനല്ല സർക്കാരിനാണെന്നും മറ്റേതെങ്കിലും തരത്തിൽ വായ്പ എടുക്കുന്നതിൽ കർഷകന് യാതൊരു തടസ്സവും ഉണ്ടാവില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കുറവിലങ്ങാട് ദേവമാത മുത്തിയമ്മ പള്ളിയും മള്ളിയൂർ മഹാഗണപതി ക്ഷേത്രവും ജലാധിവാസ ഗണപതി ക്ഷേത്രവും യോജിപ്പിച്ചുകൊണ്ട്  ടൂറിസം മേഖലയായി ഉയർത്തണമെന്ന സിനിമാ നാടൻ ബാബു നമ്പൂതിരിയുടെ നിർദ്ദേശത്തിൽ അനുഭാവ നടപടികൾ സ്വീകരിക്കാമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ടൂറിസത്തിന് ഗുണകരമാകുന്ന ഈ ആശയം ആലോചിച്ചു മുന്നോട്ടു പോകാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ കയർ തൊഴിലാളികൾക്ക് ആഴ്ചയിൽ കൂലിലഭിക്കുന്ന നിലപാട് സ്വീകരിക്കണമെന്ന്  കയർ തൊഴിലാളി പ്രതിനിധി രതിമോൾ പറഞ്ഞു. കയർതൊഴിലാളിക്ഷേമനിധി അംഗങ്ങൾക്ക് റിട്ടയർമെന്റ് ആനുകൂല്യം അതത് വർഷം കൊടുക്കണം. കയർ തൊഴിലാളികൾക്ക് ഇൻഷുറൻസ് ഏർപ്പെടുത്തണമെന്നും പ്രവർത്തന ഫണ്ട് കൃത്യമായി കൊടുക്കണം എന്നും അവർ ആവശ്യപ്പെട്ടു.

കുറവിലങ്ങാടിന്റെ സമഗ്ര വികസനം ലക്ഷ്യം വെച്ചുള്ള സയൻസ് സിറ്റി എത്രയും വേഗം പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കണമെന്ന് ദേവമാതാ കോളേജ് റിട്ട. പ്രിൻസിപ്പൽ പ്രൊ.താർസീസ് ജോസഫ്  ആവശ്യപ്പെട്ടു. സ്‌കൂൾതലത്തിൽ ഹെൽത്ത് എജുക്കേഷൻ  പാഠ്യ വിഷയമാക്കാൻ സർക്കാർ മുൻകൈയെടുക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

ദളിത് ക്രൈസ്തവരുടെ പ്രശ്‌നങ്ങൾ ഇപ്പോഴും നിലനിൽക്കുന്നതാണെന്നും നടപടികൾ കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാവേണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ദളിത് ക്രൈസ്തവർക്ക് പട്ടികജാതി സംഭരണം നൽകാൻ കേന്ദ്രത്തിന് ശുപാർശ നൽകുന്ന പ്രമേയം പാസാക്കണമെന്ന പാലാ രൂപത ദളിത് കത്തോലിക്ക മഹാജനസഭ ഡയറക്ടർ ഫാ. ജോസ് വടക്കേക്കൂട്ടിന്റെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. പരിവർത്തിത ക്രൈസ്തവ ശുപാർശിത വികസന കോർപ്പറേഷന്റെ പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് ലഭിക്കുന്നില്ല. ദളിത് വിദ്യാർഥികൾക്ക് വിദ്യാഭ്യാസ ആനുകൂല്യങ്ങൾ കൃത്യമായി ലഭിക്കണം. പ്രൊഫഷണൽ കോഴ്‌സിന് പഠിക്കുന്നവർക്കും ആനുകൂല്യം വേണം. ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ടിൽ ദളിത് ക്രൈസ്തവർക്കുവേണ്ടി നൽകിയ ശുപാർശകൾ നടപ്പാക്കണം.ജാതി സെൻസസ് എത്രയും വേഗം നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.

വ്യവസായികരംഗത്ത് നൈപുണ്യമുള്ള യുവാക്കളെ ജോലിക്കായി ലഭിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന്  യുവ സംരംഭകൻ പി.സച്ചിൻ ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് നൂതന രീതിയിലുള്ള വ്യവസായരീതികൾ ഐടിഐ പോലെയുള്ള കരിക്കുലങ്ങളിൽ ഉൾപ്പെടുത്തണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

ഭിന്നശേഷിക്കാർക്ക് നാല് ശതമാനം സംവരണം നടപ്പാക്കുമ്പോൾ അവ പരിശോധിക്കാൻ ജില്ലാ അടിസ്ഥാനത്തിൽ സമിതിക്ക് രൂപം നൽകണമെന്ന് ഭിന്നശേഷിക്കാരുടെ പ്രതിനിധി അഡ്വ.ജിതിൽ ജോസ് അഭിപ്രായപ്പെട്ടു. ഭിന്നശേഷിക്കാർക്കായി പുനരധിവാസ അഭയ കേന്ദ്രങ്ങൾ ജില്ലാ അടിസ്ഥാനത്തിൽ തുടങ്ങണം. ഭിന്നശേഷിക്കാർക്ക് മെഡിസെപ്പ് മാതൃകയിൽ ഇൻഷുറൻസ് പരിരക്ഷ നൽകണം. ഭിന്നശേഷിക്കാർക്കായി പ്രത്യേക വകുപ്പ് രൂപീകരിക്കണമെന്നും അഡ്വ.ജിതിൻ ജോസ് ആവശ്യപ്പെട്ടു.

date