Skip to main content
പൊതുമരാമത്ത് പ്രവൃത്തികളുടെ അവലോകന യോഗം ചേര്‍ന്നു

പൊതുമരാമത്ത് പ്രവൃത്തികളുടെ അവലോകന യോഗം ചേര്‍ന്നു

ഗുരുവായൂര്‍ മണ്ഡലം പൊതുമരാമത്ത് പ്രവൃത്തികളുടെ അവലോകന യോഗം എന്‍.കെ. അക്ബര്‍ എംഎല്‍എ യുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. മണ്ഡലത്തിലെ റോഡുകള്‍, പാലങ്ങള്‍, കെട്ടിടങ്ങള്‍, ഹാര്‍ബര്‍ തുടങ്ങിയ പ്രവൃത്തികളുടെ പുരോഗതി യോഗം വിലയിരുത്തി. കെട്ടിട വിഭാഗവുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ കൂടുതല്‍ കാര്യക്ഷമമാക്കണമെന്ന് എംഎല്‍എ നിര്‍ദ്ദേശിച്ചു.

കടപ്പുറം ഗ്രാമപഞ്ചായത്തിലെ സൈക്ലോണ്‍ ഷെല്‍ട്ടര്‍ ഈ മാസം തുറന്ന് നല്‍കുന്നതിനായി കെട്ടിട്ടത്തിലെ ഇലക്ട്രിഫിക്കേഷന്‍ അടക്കമുള്ള പ്രവൃത്തികള്‍ ഉടന്‍ പൂര്‍ത്തീകരിക്കാനും നിര്‍ദ്ദേശിച്ചു. രാമുകാര്യാട്ട് സ്മാരക മന്ദിരത്തില്‍ കുഴല്‍ക്കിണര്‍ സ്ഥാപിക്കുന്നതിന് പഞ്ചായത്തില്‍ നിന്നും അനുമതി ലഭ്യമാക്കാനുള്ള നടപടി ഉടന്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് എംഎല്‍എ നിര്‍ദ്ദേശം നല്‍കി. നാട്ടിക കുടിവെള്ള പദ്ധതിയുടെ നടപടി ക്രമങ്ങള്‍ വേഗത്തിലാക്കാന്‍ വാട്ടര്‍ അതോറിറ്റി അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കനോലി കനാലിന് മുകളിലൂടെയുള്ള പുതിയ പാലങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ചചെയ്യുന്നതിന് ഇറിഗേഷന്‍ വകുപ്പ്, പൊതുമരാമത്ത് പാലം എന്നിവയുടെ പ്രത്യേക യോഗം ചേരാനും തീരുമാനിച്ചു.

ചിങ്ങനാത്ത് കടവ് പാലം അപ്രോച്ച് റോഡ് എന്നിവയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സാമൂഹ്യാഘാത പഠനം പൂര്‍ത്തീകരിച്ച് എക്‌സ്‌പേര്‍ട്ട് കമ്മിറ്റി സ്ഥലം സന്ദര്‍ശിച്ചതായും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ യോഗത്തെ അറിയിച്ചു. ബ്രിഡ്ജ് ഡിസൈന്‍ കമ്മിറ്റിയുടെ അംഗീകാരം നേടുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കാനും എംഎല്‍എ നിര്‍ദ്ദേശിച്ചു.

ചാവക്കാട് റസ്റ്റ് ഹൗസില്‍ ചേര്‍ന്ന യോഗത്തില്‍ പൊതുമരാമത്ത് വകുപ്പ് എക്‌സി. എഞ്ചിനീയര്‍ എസ്. ഹരീഷ്, അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ മാലിനി, വിവിധ വകുപ്പുകളിലെ എഞ്ചിനീയര്‍മാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date