Skip to main content
വൈക്കം നിയോജകമണ്ഡലം നവകേരള സദസ് വൈക്കം ബീച്ചിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു.

ഏഴുവർഷക്കാലയളവിൽ സംസ്ഥാനത്തിന് ലഭിക്കേണ്ട തുകയിൽ വന്ന കുറവ് 1,07500 കോടി രൂപ: മുഖ്യമന്ത്രി

കോട്ടയം: കഴിഞ്ഞ ഏഴുവർഷക്കാലത്തെ കണക്കെടുത്താൽ കേന്ദ്രത്തിൽ നിന്നു സംസ്ഥാനത്തിന്റെ കൈയിൽ എത്തേണ്ട പണത്തിൽ കുറവുവന്നത് 1,07500 കോടി രൂപയെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. വൈക്കം നിയോജകമണ്ഡലം നവകേരള സദസ് വൈക്കം ബീച്ചിൽ  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  
 സംസ്ഥാനത്തിന്  കടമെടുക്കാൻ ഭരണഘടനാപരമായ അവകാശമുണ്ട്. പക്ഷേ കടമെടുപ്പിന് കേന്ദ്രം ഭരണഘടനാവിരുദ്ധമായ പരിധി വയ്ക്കുകയാണ്. ഇത് സംസ്ഥാനത്തെ ഒരിഞ്ചുപോലും മുന്നോട്ടു പോകാൻ അനുവദിക്കാത്ത നിലപാടാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
 2016 മുതൽ 83000 കോടി രൂപയുടെ പദ്ധതികളാണ് കിഫ്ബി മുഖേന സംസ്ഥാനത്ത് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. കിഫ്ബി വായ്പ എടുക്കും. അതു കൃത്യമായി തിരിച്ചടിക്കും. സാമ്പത്തിക അച്ചടക്കം പാലിക്കുന്ന ഏജൻസി എന്ന നിലയിൽ കിഫ്ബി വലിയ വിശ്വാസ്യതയാണ് നേടിയത്. അതുകൊണ്ടാണ് കിഫ്ബിക്കെതിരെ വലിയ പ്രചാരണങ്ങൾ ഉണ്ടായിട്ടും നല്ല നിലയ്ക്ക് വായ്പകൾ എടുക്കാനും കേരളത്തിന് അത് ചെലവഴിക്കാനും കഴിഞ്ഞത്. എന്നാൽ കിഫ്ബി എടുക്കുന്ന കടം സംസ്ഥാന സർക്കാരിന്റെ കടമായി പരിഗണിക്കുമെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. ക്ഷേമപെൻഷൻ നൽകാൻ രൂപീകരിച്ച കമ്പനിയുടെ കടവും സംസ്ഥാന കടമായി പരിഗണിക്കും എന്നാണ് കേന്ദ്രം ഇപ്പോൾ പറയുന്നത്. ചുരുക്കത്തിൽ സർക്കാരിന്റെ കയ്യിൽ ലഭിക്കേണ്ട പണത്തിൽ വലിയ കുറവ് വരും. ഇത് പ്രതീക്ഷിക്കാവുന്നതിനപ്പുറമുള്ള തുകയാണ്.
 സംസ്ഥാനത്തിന്റെ തനതു വരുമാനത്തിന്റെ നില ശക്തമാണ്. ഭദ്രമായ ധനകാര്യ മാനേജ്‌മെന്റിലൂടെ നമ്മുടെ ആഭ്യന്തര വരുമാനവും പ്രതിഷീർഷ വരുമാനവും നല്ലതുപോലെ വർദ്ധിപ്പിക്കാനായി. എന്നാൽ കേന്ദ്രം നൽകേണ്ട പണം ഇതുവരെ ലഭ്യമാക്കിയിട്ടില്ല. നികുതിപ്പണം വീതിക്കുമ്പോൾ നമുക്ക് അർഹതപ്പെട്ടതിൽ വലിയ കുറവ് വരുത്തുന്നു. സാധാരണ റവന്യൂ കമ്മി കണക്കിലെടുത്ത് ഗ്രാന്റ് അനുവദിക്കാറുണ്ട്. അതും വലിയതോതിൽ കുറയ്ക്കുകയാണ്. സംസ്ഥാനവും കേന്ദ്രവും ഒന്നിച്ച് നടപ്പാക്കി വരുന്ന പദ്ധതികളുടെ ചെലവ് സംസ്ഥാനം ചെലവഴിച്ചാലും കുടിശിക തരാതെ കേന്ദ്രം ബോധപൂർവം വിഷമിപ്പിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
 കേരളത്തിന്റെ പൊതു വികാരം പ്രകടിപ്പിക്കുന്ന നിലയിലാണ് ജനങ്ങൾ ഒന്നാകെ നവകേരള സദസ്സിലേക്ക് ഒഴുകി എത്തുന്നത്. സംസ്ഥാനത്തിന്റെ മുന്നോട്ടുപോക്ക് നടക്കാൻ ആരെയും അനുവദിക്കില്ല എന്നതാണ് ജനസാഗരം നൽകുന്ന സന്ദേശമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സി കെ ആശ എം.എൽ.എ അധ്യക്ഷയായിരുന്നു. റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ, വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി, സാംസ്‌കാരിക ഫിഷറീഷ് വകുപ്പ്  മന്ത്രി സജി ചെറിയാൻ എന്നിവർ സംസാരിച്ചു. മറ്റ് മന്ത്രിമാർ, എം.പിമാരായ ജോസ് കെ മാണി, തോമസ് ചാഴികാടൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു, ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി, ഗായിക വൈക്കം വിജയലക്ഷ്മി തുടങ്ങിയവർ സന്നിഹിതരായിരുന്നു.

 

date