Skip to main content

വരാപ്പുഴ ടൂറിസം ഫെസ്റ്റ്: ഒരുക്കങ്ങൾ പൂർത്തിയായി

 

വരാപ്പുഴ ഗ്രാമപഞ്ചായത്തും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും ചേർന്ന് സംഘടിപ്പിക്കുന്ന വരാപ്പുഴ ടൂറിസം ഫെസ്റ്റിന് ഡിസംബർ 22ന് തുടക്കമാകും. വൈകിട്ട് നാലിന് വരാപ്പുഴ പഞ്ചായത്ത് ജംഗ്ഷനിൽ നിന്ന് വാദ്യ മേളങ്ങളുടെ അകമ്പടിയോടെ  ആരംഭിക്കുന്ന ഘോഷയാത്രയിൽ വൈവിധ്യമാർന്ന കലാരൂപങ്ങൾ അണിനിരക്കും. തുടർന്ന് ഗ്രൗണ്ടിലെ പ്രധാന വേദിയിൽ  ക്ലാസിക്കൽ ഫ്യൂഷനും കൊച്ചിൻ മ്യൂസിക് ട്രാക്കിന്റെ ഗാനമേളയും ഉണ്ടാകും. 

പത്തു ദിവസം നീണ്ടുനിൽക്കുന്ന ടൂറിസം ഫെസ്റ്റിൻ്റെ ഉദ്ഘാടന സമ്മേളനം ഡിസംബർ 23ന് വൈകിട്ട് ഏഴിനാണ്. ഫെസ്റ്റിനോടനുബന്ധിച്ച് 23ന് വൈകിട്ട് എട്ടിന് ചാലക്കുടി ഉണർത്തിന്റെ നാടൻപാട്ടും ദൃശ്യാവിഷ്കാരവും, 24ന് വൈകിട്ട് ഏഴിന് കാക്ക മ്യൂസിക് ബാന്റിന്റെ ഇൻസ്ട്രുമെന്റൽ ഫ്യൂഷൻ നൈറ്റ്,  25ന് താമരശ്ശേരി ചുരം ബാന്റിന്റെ മെഗാ മ്യൂസിക്കൽ നൈറ്റ്, 26 വൈകിട്ട് ഏഴിന്  സിനിമ - ടെലിവിഷൻ താരം ബിനു അടിമാലിയും സംഘവും അവതരിപ്പിക്കുന്ന മെഗാ കോമഡി ഷോ,  27ന് പാലാപ്പിള്ളി ഫെയിം അതുൽ നറുകരയും സംഘവും അവതരിപ്പിക്കുന്ന മെഗാ  മ്യൂസിക്കൽ നൈറ്റ്, 28ന്  പയ്യപ്പിള്ളി തമ്പി ആശാനും സംഘവും അവതരിപ്പിക്കുന്ന ചവിട്ടുനാടകം, 29ന് കൊല്ലം അനശ്വര തീയേറ്റർ അവതരിപ്പിക്കുന്ന പ്രൊഫഷണൽ നാടകം, 30ന് പ്രസീത ചാലക്കുടിയും സംഘവും അവതരിപ്പിക്കുന്ന നാടൻപാട്ടും ദൃശ്യാവിഷ്കാരവും, 31ന്  ഡിജെ നൈറ്റ്  എന്നിവയും ഉണ്ടാകും.  

പ്രാചീന സവാരികൾ, നാടൻ ഭക്ഷ്യമേള, അമ്യൂസ്മെന്റ് പാർക്ക്, ഗോസ്റ്റ് ഹൗസ്,  ഫിഷ് മസാജിങ്, വാണിജ്യ മേള, നാട്ടങ്ങാടി, കരകൗശല വസ്തുക്കളുടെ പ്രദർശനം എന്നിവയും ഫെസ്റ്റിന് മികവേകും. പ്രദർശന നഗരിയിലേക്കുള്ള പ്രവേശനം സൗജന്യമാണ്. ഫെസ്റ്റിന്റെ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി സംഘാടകസമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. 

വരാപ്പുഴ പഞ്ചായത്ത് ഹാളിൽ നടന്ന  പത്രസമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചു റാണി ജോസഫ്, വൈസ് പ്രസിഡന്റ് ജോൺസൺ പുനത്തിൽ, ജനറൽ കൺവീനർ ടി.പി പോളി, ചീഫ് കോർഡിനേറ്റർമാരായ കെ.വി രാജശേഖരൻ, കെ.കെ ശശിനാഥ്  എന്നിവർ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി വിനോദ് കുമാർ, പഞ്ചായത്ത് അംഗങ്ങളായ വിജു ചുള്ളിക്കാട്, സുസ്മിതാ സുനിൽ, അനിൽകുമാർ, സംഘാടകസമിതി ഭാരവാഹികളായ രത്നാകര പൈ, രഞ്ജിത്ത് പൈ എന്നിവർ പങ്കെടുത്തു.

date