Skip to main content
നാടിന്റെ മുന്നേറ്റത്തിന് കരുത്താകുന്ന നിർദ്ദേശങ്ങളുമായി കായംകുളത്തെ പ്രഭാത സദസ്സ്

നാടിന്റെ മുന്നേറ്റത്തിന് കരുത്താകുന്ന നിർദ്ദേശങ്ങളുമായി കായംകുളത്തെ പ്രഭാത സദസ്സ്

ആലപ്പുഴ: നാടിന്റെ മുന്നേറ്റത്തിന് കരുത്താകുന്ന നിർദ്ദേശങ്ങളുമായി കായംകുളത്തെ പ്രഭാത സദസ്സ്. കായംകുളം, ചെങ്ങന്നൂർ, ഹരിപ്പാട്, മാവേലിക്കര മണ്ഡലങ്ങളിലെ ക്ഷണിക്കപ്പെട്ട അതിഥികളെ  പങ്കെടുപ്പിച്ചുകൊണ്ട് കായംകുളം താമരശ്ശേരിൽ കൺവെൻഷൻ സെന്ററിലാണ് പ്രഭാത യോഗം സംഘടിപ്പിച്ചത്. പ്രഭാത ഭക്ഷണത്തിനുശേഷം നാടിന്റെ  വികസനവുമായി ബന്ധപ്പെട്ട് അതിഥികൾ അഭിപ്രായങ്ങൾ രേഖപ്പെടുത്തി. കൃഷി, ഉന്നത വിദ്യാഭ്യാസം, ആയുർവേദം, ഭിന്നശേഷി, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് നിർദ്ദേശങ്ങൾ ചർച്ചയിൽ ഉയർന്നു.

ബിഷപ്പ് എബ്രഹാം മാർ എപ്പിഫാനിയോസ്

ജനങ്ങളിലേക്ക് ഇറങ്ങി വന്നാണ് സർക്കാർ പ്രവർത്തിക്കുന്നതെന്ന് ബിഷപ്പ് എബ്രഹാം മാർ എപ്പിഫാനിയോസ്. സർക്കാരിൻ്റെ കീഴിൽ ന്യൂനപക്ഷ വിഭാഗങ്ങൾ സുരക്ഷിതരാണെന്നും അവരെ ചേർത്ത് പിടിക്കുന്ന സമീപനമാണ് സർക്കാരിന്റേതെന്നും അദ്ദേഹം പറഞ്ഞു. മാവേലിക്കരയിൽ പൊതുമേഖല സ്ഥാപനങ്ങൾ ആരംഭിക്കണം. ബി.എസ്.സി നേഴ്സിങ് പോലുള്ള പാരാ മെഡിക്കൽ കോഴ്സുകൾ ആരംഭിക്കാനുള്ള സാധ്യതകൾ പരിശോധിക്കണം. 
മാവേലിക്കര താലൂക്ക് ആശുപത്രിയിൽ കാർഡിയോളജി വിഭാഗം ആരംഭിക്കണം.
സ്പോർട്ട്സ് അക്കാദമിയും സ്റ്റേഡിയവും നിർമ്മിക്കണമെന്നും അദ്ദേഹം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.

താഹ മുസലിയാർ
സമസ്ത മുശാവറ അംഗം

കേരള ചരിത്രത്തിലെ അതുല്യ സന്ദർഭമാണിതെന്ന് അദ്ദേഹം പറഞ്ഞു.
ഗുണ്ട, മയക്കുമരുന്ന് സംഘങ്ങളെ നിയന്ത്രിക്കാനും പ്രതിരോധ നടപടികൾ കൈക്കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു. കായംകുളത്തെ താലൂക്കായി പ്രഖ്യാപിക്കണം. ദേശീയപാതയിൽ കായംകുളത്ത് എലിവേറ്റഡ് ഹൈവെ നിർമ്മിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഡോ. എ.വി ആനന്ദരാജ് 
എസ്.എൻ.ഡി.പി യോഗം പ്രതിനിധി

ടൂറിസം സാധ്യതകളെ പരിപോഷിപ്പിക്കാൻ ആയുർവേദത്തിൻ്റെ സാധ്യതകൾ  ഉപയോഗപ്പെടുത്തി വെൽനെസ് ടൂറിസം ക്ലിനിക്കുകൾ സ്ഥാപിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ആലപ്പുഴയുടെ അനന്തമായ ടൂറിസം സാധ്യതകളും കേരളത്തിൻ്റെ പരമ്പരാഗത ചികത്സാ രീതികളും ശരിയായ രീതിയിൽ ഉപയോഗപ്പെടുത്തിയാൽ കേരളത്തിൻ്റെ വരുമാനം വർധിപ്പിക്കാൻ സാധിക്കും. കേരളത്തെ ഹെൽത്ത് ടൂറിസം ഹബ് ആക്കി മാറ്റണമെന്നും അദ്ദേഹം പറഞ്ഞു.

ചെറിയാൻ കൽപ്പകവാടി
തിരക്കഥാകൃത്ത്

ഹരിപ്പാട് മണ്ഡലത്തിലെ കുടിവെള്ള പ്രശ്നത്തെ കുറിച്ച് മുഖ്യ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.

ഗൗതമി
ബിരുദ വിദ്യാർത്ഥി

കേരളത്തിലെ ആരോഗ്യ മേഖലയിലെ ചികിത്സ സംവിധാനങ്ങൾ മികച്ചതാണെന്ന് അത്യപൂർവ രോഗമായ സ്പൈനൽ മസ്കുലർ അട്രോഫി ബാധിതയായ ഗൗതമി അഭിപ്രായപ്പെട്ടു. സ്പൈൻ സർജറി സൗജന്യമായി നടപ്പാക്കിയ സംസ്ഥാനമാണ് കേരളം. സാധാരണക്കാർക്കായി എല്ലാ ചികിത്സ സംവിധാനങ്ങളും സർക്കാർ ഉറപ്പാക്കുന്നുണ്ടെന്ന് അവർ പറഞ്ഞു. സ്പൈനൽ കോഡ് സർജറി പോലുള്ളവ ചെയ്യുന്നതിനുള്ള സംവിധാനങ്ങൾ ഇന്ന് കേരളത്തിൽ തന്നെ ഉണ്ടെന്നും സർജറിയ്ക്ക് വിധേയയായിരുന്ന ഗൗതമി പറഞ്ഞു.

കെ. അമ്പിളിക്കല
ഭിന്നശേഷി കുട്ടികളുടെ സ്പെഷ്യൽ ട്രെയിനർ

ഭിന്നശേഷികുട്ടികൾക്ക് ബ്ലോക്ക് അടിസ്ഥാനത്തിൽ തൊഴിലധിഷ്ഠിത പുനരധിവാസ കേന്ദ്രങ്ങൾ സ്ഥാപിക്കണം.
തീവ്രശാരീരിക ബുദ്ധിമുട്ടുകൾ നേരിടുന്നവർക്ക് പഞ്ചായത്ത് അടിസ്ഥാനത്തിൽ തെറാപ്പിസ്റ്റുളുടെ സേവനം ലഭ്യമാക്കാണം. ശൈശവത്തിൽ തന്നെ പ്രശ്നങ്ങൾ മനസിലാക്കാൻ പഞ്ചായത്ത്, ബ്ലോക്ക് അടിസ്ഥാനത്തിൽ കേന്ദ്രങ്ങൾ സ്ഥാപിക്കണം. മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് എളുപ്പത്തിൽ ലഭ്യമാക്കണം, ഭിന്നശേഷി സൗഹൃദ പാർക്കുകൾ സ്ഥാപിക്കണമെന്നും അമ്പില്ലിക്കല ആവശ്യപ്പെട്ടു.

അനിൽ അമ്പാടി
ക്ഷീര കർഷകൻ 

മികവാർന്ന വികസന പ്രവർത്തനങ്ങളാണ് കാർഷിക മേഖലയിൽ സർക്കാരിന്റെ നേതൃത്വത്തിൽ നടക്കുന്നത്. ഉത്പാദന ശേഷിയുള്ള ബീജം ക്ഷീരകർഷകർക്ക് ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

നമിത ശെൽവരാജ്
എം. ജി യൂണിവേഴ്സിറ്റി റാങ്ക് ഹോൾഡർ

വിദേശ മാതൃകയിൽ പഠനത്തിനോടൊപ്പം തന്നെ വിദ്യാർത്ഥികൾക്ക് തൊഴിൽ കണ്ടെത്തുന്നതിനുള്ള സാഹചര്യം കേരളത്തിലും ഉണ്ടാകണമെന്ന് അഭിപ്രായപ്പെട്ടു. ഇതിലൂടെ വിദേശരാജ്യങ്ങളിൽ തൊഴിൽ അന്വേഷിച്ച് പോകുന്നത് ഒഴിവാക്കി സ്വന്തം നാട്ടിൽ തന്നെ നിൽക്കാൻ സാധിക്കും.

ഡോ. ഉമ്മൻ വർഗീസ്
നേത്രരോഗ വിദഗ്ധൻ

ആരോഗ്യ മേഖലയിൽ മാതൃകാപരമായ പ്രവർത്തനമാണ് സംസ്ഥാനം കാഴ്ചവയ്ക്കുന്നത്. ആശുപത്രി സംരക്ഷണ നിയമം പാസാക്കിയത് അഭിനന്ദനാർഹമാണ്. ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ട് ഭേദഗതി ചെയ്യാൻ നടപടികൾ സ്വീകരിക്കണം. പ്ലാസ്റ്റിക് മാലിന്യ സംസ്കരണത്തിനായി താലൂക്ക് തലത്തിൽ സംസ്കരണ കേന്ദ്രങ്ങൾ സ്ഥാപിക്കാൻ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സുധീഷ്
മത്സ്യബന്ധന തൊഴിലാളി

മത്സ്യത്തൊഴിലാളികൾക്കായി മികച്ച പദ്ധതികളാണ് സർക്കാർ നടപ്പിലാക്കി വരുന്നത്. ഹൃദയസ്തംഭനം പോലുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് ചികിത്സ ധനസഹായം ലഭ്യമാകാത്ത അവസ്ഥയുണ്ട്. ഇതിനായി നടപടി സ്വീകരിക്കണം. മത്സ്യത്തൊഴിലാളികളുടെ വ്യക്തിഗത അനുകൂല്യങ്ങൾ ആയ സാനിറ്റൈസേഷൻ, വീട് പുനരുദ്ധാരണം, വയറിങ്ങ് തുടങ്ങിയ പ്രവർത്തനങ്ങൾക്ക് സഹായങ്ങൾ നൽകണം.

എം. സഹദേവൻ
ലൈഫ് ഭവന പദ്ധതിക്കായി ഭൂമിദാനം നൽകിയ വ്യക്തി

 ഭവനരഹിതരും ഭൂരഹിതരും ഇല്ലാത്ത കേരളം എന്ന ലക്ഷ്യത്തോടെ മുന്നേറുന്ന ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായുള്ള മനസ്സോടെ ഇത്തിരി മണ്ണ് പദ്ധതിയിൽ എല്ലാവരും അണി ചേരണം. ദൂരഹിതർക്ക്  ഭൂമി ദാനം ചെയ്യുന്നതിന് മുന്നോട്ടുവരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ടി.കെ ഗോപിനാഥ പണിക്കർ
 ഓഡിറ്റോറിയം ഓണേഴ്സ് അസോസിയേഷൻ

 മുടങ്ങിക്കിടന്ന ദേശീയപാത വികസനം സർക്കാർ അതിവേഗം നടപ്പിലാക്കുകയാണ്. ഇത് അഭിനന്ദനാർഹമാണ്. തനതായ വരുമാനം കണ്ടെത്തുന്നതിനുള്ള പദ്ധതികൾ ശക്തിപ്പെടുത്തണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ലോജിസ്റ്റിക് പോലുള്ള മേഖലകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണം.

ഒ.എസ് ഉണ്ണികൃഷ്ണൻ
കേരള ഫോക് ലോർ അക്കാദമി ചെയർമാൻ

 കളരി പരമ്പരയുടെ ആധികാരികത നിലനിർത്തുന്നതിന്  ചെങ്ങന്നൂരിൻറെ പശ്ചാത്തലത്തിൽ സാംസ്കാരിക കേന്ദ്രം സ്ഥാപിക്കണം. ഉൾനാടൻ ജലപാതയുടെ സാധ്യതകൾ ഉപയോഗപ്പെടുത്തി  നദീതട  ടൂറിസം പദ്ധതി നടപ്പിലാക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

അനിൽ കുമാർ
കർഷകൻ

 സംയോജിത കൃഷി രീതികൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് അഭിപ്രായം രേഖപ്പെടുത്തി. ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ പദ്ധതികൾ നടപ്പിലാക്കണം.

ഫാ ജോൺസ് ഈപ്പൻ
 ഓർത്തഡോക്സ് സഭ മാവേലിക്കര ഭദ്രാസനം
 സെക്രട്ടറി

 ദേശീയപാതയെയും എം സി റോഡിനെയും ഉൾപ്പെടുത്തി ബൈപ്പാസ് നിർമ്മിച്ച് യാത്ര ക്ലേശം  പരിഹരിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഓണാട്ടുകരയുടെ തനത് കൃഷി രീതികൾ  പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതികൾ രൂപീകരിക്കണം.

 രാമചന്ദ്രൻ മുല്ലശ്ശേരി

 ലൈഫ് മിഷൻ പദ്ധതിപ്രകാരമുള്ള ഭവന നിർമ്മാണം  സമയബന്ധിതമായി പൂർത്തിയാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

 മജീഷ്യൻ സാമ്രാട്ട്

മാലിന്യം സംസ്കരണം ശക്തിപ്പെടുത്തുന്നതിനായി പ്രവർത്തനങ്ങൾ നടപ്പിലാക്കണം. പ്രകൃതി സംരക്ഷണം ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ജോൺ മത്തായി
വിദേശ വ്യവസായി

വ്യവസായങ്ങൾ ആരംഭിക്കാനുള്ള ലൈസൻസിനായി വിദേശ രാജ്യങ്ങളിൽ നിരവധി ഏജൻസികൾ സർക്കാരിന് കീഴിൽ  പ്രവർത്തിക്കുന്നുണ്ട്. അപേക്ഷ നൽകിയാൽ  അവർ പേപ്പർ വർക്ക് നടത്തി ഗവൺമെന്റിന് സമർപ്പിക്കും. നമ്മുടെ സംസ്ഥാനത്ത് അത്തരത്തിൽ ഒരു രീതി നിലവിലില്ല. ഇവിടെയും ഇതുപോലെ സർക്കാരിന്റെ നേതൃത്വത്തിൽ പ്രൈവറ്റ് ഏജൻസികളെ നിയോഗിച്ചാൽ നന്നായിരിക്കുമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജാഫർ സാദിക്ക് സിദ്ദിഖി 

മാനവ വിഭവ ശേഷിയാണ് നമ്മുടെ നാടിന്റെ ഏറ്റവും വലിയ പ്രത്യേകത. അതിൽ പ്രധാനപ്പെട്ടതാണ് വിദ്യാർത്ഥികളും യുവാക്കളും.  നമ്മുടെ വിദ്യാർത്ഥികൾ ഇന്ന് ഉന്നത വിദ്യാഭ്യാസത്തിനായി വിദേശരാജ്യങ്ങളിലേക്ക് പോവുകയും അവിടെ തന്നെ താമസം ആക്കുകയുമാണ്. അതിനാൽ പുതിയ തലമുറയിലെ വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം ജോലിചെയ്യാനുള്ള സാഹചര്യം ഒരുക്കണം. സാങ്കേതിക വിദ്യകൾ വളരെയധികം വികസിച്ച സാഹചര്യത്തിൽ പോലീസ് സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പോലീസ് യൂണിവേഴ്സിറ്റി സ്ഥാപിക്കണം. അറബി ഭാഷയ്ക്ക് കൂടുതൽ പ്രചോദനം നൽകുന്നതിനായി അറബിക് യൂണിവേഴ്സിറ്റി ആരംഭിക്കുന്നത് മുൻകൈയെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ജി. മധുസൂദനൻ നായർ
കർഷകൻ

 കൃഷി സ്കൂൾ പാഠ്യപദ്ധതിയുടെ ഭാഗമാക്കണം. ബ്ലോക്ക് തലത്തിൽ കാർഷിക വിപണന കേന്ദ്രങ്ങൾ സ്ഥാപിക്കണം. സുസ്ഥിരമായ കാർഷികാവസ്ഥ നേടിയെടുക്കുന്നതിനായി ഓണാട്ടുകരയിൽ ഫാം ടൂറിസം പദ്ധതി നടപ്പിലാക്കണം. 

ഡോ. മധു
സയന്റിസ്റ്റ്

 നമ്മുടെ നാടിന്റെ വികസനം കാർഷിക വികസനമാണ്. അതിനാൽ കൂടുതൽ ടെക്നോളജികൾ അടിസ്ഥാനമാക്കിയുള്ള കൃഷി രീതികൾ നടപ്പിലാക്കണം. പാടശ്ശേഖര കമ്മറ്റികൾക്ക് ഗവേണിങ് ബോഡി ആവശ്യമാണെന്നും സീസണൽ ആയിട്ടുള്ള കൃഷി രീതിയെ കൂടുതൽ പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ നിർദേശങ്ങളും പരിശോധിച്ചു ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

date