Skip to main content
കേന്ദ്രം  സ്വീകരിക്കുന്ന കേരള വിരുദ്ധ നിലപാടുകളോട് പ്രതിപക്ഷത്തിനും ഒരേ മനസ്സ് : മുഖ്യമന്ത്രി പിണറായി വിജയൻ

കേന്ദ്രം  സ്വീകരിക്കുന്ന കേരള വിരുദ്ധ നിലപാടുകളോട് പ്രതിപക്ഷത്തിനും ഒരേ മനസ്സ് : മുഖ്യമന്ത്രി പിണറായി വിജയൻ

ആലപ്പുഴ: കേരളത്തെ സാമ്പത്തികമായി ഞെരുക്കി  മുട്ടിക്കാൻ സ്വീകരിക്കുന്ന കേന്ദ്ര നിലപാടുകളെ അനുകൂലിക്കുന്നതാണ് പ്രതിപക്ഷത്തിന്റെ പ്രവർത്തികളിൽ കാണാൻ സാധിക്കുന്നത്. രാജ്യത്തിൻറെ ഫെഡറൽ തത്വം  ലംഘിക്കുന്ന നടപടികൾക്ക് എതിരെ കേരളം സുപ്രീം കോടതിയെ സമീപിക്കാൻ നിർബന്ധിതമായി. ഈ അവസരത്തിൽ കേരളത്തിന്റെ നന്മ ആണ് ആഗ്രഹിക്കുന്നതെങ്കിൽ പ്രതിപക്ഷം കേരളത്തിനോടൊപ്പം നിൽക്കണം എന്നാണ്സർക്കാർ അഭ്യർത്ഥന.എന്നാൽ ആ അഭ്യർത്ഥനയോട് നിർഭാഗ്യകരമായ നിലപട് ആണ് പ്രതിപക്ഷത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായത് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കായംകുളം എൽമെക്സ ഗ്രൗണ്ടിൽ കായംകുളം നിയോജകമണ്ഡലം നവകേരള സദസ്സിനെ അഭിസംബോധന ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

നവകേരള സദസ്സിന്റെ 29 ആം ദിവസവും കാണുന്ന കാഴ്ച കേരളത്തെ ആർക്കും തകർക്കാനാവില്ല എന്നത് ആണ് . ഒരുമയോടും  ഐക്യത്തോടും ജീവിക്കുന്ന നാടിനു ആ ഐക്യത്തെ തകർക്കാൻ വരുന്ന ശക്തികളെ ചെറുക്കാൻ സാധിക്കും. ഈ സദസ്സിനെ ഉൾക്കൊള്ളുവാൻ കഴിയുന്നവേദികൾ കേരളത്തിൽ ഒരിടത്തും ഇല്ല എന്നതാണ് എല്ലാ വേദികളിലും എത്തുന്ന ജനക്കൂട്ടങ്ങൾ കാണിക്കുന്നത്. എന്താണോ നാടിൻറെ മുന്നിൽ അവതരിപ്പിക്കാൻ ഉദേശിച്ചത് അത് ജനങ്ങളിലേക്ക് എത്തിക്കാൻ സാധിച്ചു. ഇത് ആർക്കും എതിരെയുള്ള പരിപാടിയല്ല , മറിച്ചു നാടിനും ജനങ്ങൾക്കും വേണ്ടിയുള്ള പരിപാടിയാണ്. 

ലോകത്തിന്റെ തന്നെ അംഗീകാരങ്ങൾ നേടിയ പ്രത്യേക നേട്ടങ്ങൾ നമുക്കുണ്ട്. ആ നേട്ടങ്ങളിൽ നിന്ന് പോകുകയല്ല മറിച്ചു ഇനിയും ഒരുപാടു മുന്നേറാൻ ആണ് സർക്കാർ ശ്രമിക്കുന്നത്. അതിനു തടസ്സം നിൽക്കുന്ന  നയങ്ങൾ ആണ്  കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്. സഹായിക്കുകയും പിന്തുണനൽകി നാടിന്റെ വികസനം ഉറപ്പാക്കേണ്ടിടത് കേരളം വികസിക്കരുത് എന്ന നിലപാട് ആണ് കേന്ദ്രം സ്വീകരിക്കുന്നത്. കഴിഞ്ഞ 7 വർഷമായി കേരളം ഇതിലൂടെ അനുഭവിക്കുന്ന ദുരിതം ചെറുതല്ല. 
സംസ്ഥാനം നടത്തുന്ന പ്രവർത്തനങ്ങളിലൂടെ ആഭ്യന്തര, തനത്, പ്രതിശീർഷ വരുമാനം ഒക്കെയും വർധിപ്പിക്കുവാൻ സാധിച്ചു. എന്നാൽ നമുക്ക് ലഭിക്കേണ്ട അർഹതപ്പെട്ട നികുതി വിഹിതവും റവന്യു കമ്മിയുടെ ഭാഗമായി ലഭിക്കേണ്ട ഗ്രാൻഡും കേന്ദ്രം വെട്ടിച്ചുരുക്കുന്നു. അതിനോടൊപ്പം സംസ്ഥാനത്തിന്റെ  കടമെടുക്കൽപരിധിയിൽ കേന്ദ്രം ഭരണഘടനാവിരുദ്ധമായി ഇടപെടുന്നു. ക്ഷേമ പെൻഷൻ നല്കാൻ രൂപീകരിച്ച കമ്പനിയുടെയും കിഫ്‌ബി എടുക്കുന്ന കടങ്ങളും സംസ്ഥാനത്തിന്റെ കടം ആയി കണ്ടു സാമ്പത്തിക ശ്വാസംമുട്ടൽ ഏർപ്പെടുത്തുന്നു.  കേരളത്തെ പകയോടെ വീക്ഷിക്കുന്ന കേന്ദ്ര നയങ്ങൾ ആണ് കാണാൻ കഴിയുന്നത്. കേരളത്തിന്റെ മതനിരപേക്ഷിത മനസാണ് ഈ ശത്രുതയ്ക് കാരണം.ഈ കേന്ദ്ര നിലപാടുകളെ തുറന്നു കാണിക്കുന്ന നവകേരള സദസ്സിനോട് എന്തുകൊണ്ടാണ് പ്രതിപക്ഷം ചേർന്ന് നിൽക്കാത്തത് എന്ന് മനസിലാകുന്നില്ല. അതൊരു കേരളം വിരുദ്ധ മനസിനെ ആണ് കാണിക്കുന്നത്. ഇതിനെയെല്ലാം അതിജീവിച്ചു മുന്നോട്ട് കേരളത്തെ നയിക്കുന്ന സർക്കാരിനോട് നിങ്ങൾ ധൈര്യമായി മുന്നോട്ട് പൊയ്ക്കോളൂ ഞങൾ ഒപ്പമുണ്ട് എന്ന് പറയുന്ന ജനതയാണ് ഊർജ്ജം എന്ന് മുഖ്യമന്ത്രി പറഞ്ഞു. 
മന്ത്രിമാരായ റോഷി അഗസ്റ്റിൻ, മുഹമ്മദ് റിയാസ്, എം ബി രാജേഷ്, ആർ ബിന്ദു, കെ എൻ ബാലഗോപാൽ, ജെ ചിഞ്ചുറാണി, പി പ്രസാദ്, വി അബ്ദുൽ റഹിമാൻ, കെ രാജൻ, ആന്റണി രാജു, കെ രാധാകൃഷ്ണൻ, പി രാജീവ്, വി എൻ വാസവൻ, വി ശിവൻകുട്ടി, ജി ആർ അനിൽ,  വീണ ജോർജ്, അഹമ്മദ് ദേവർകോവിൽ, സജി ചെറിയാൻ എന്നീ മന്ത്രിമാർ സന്നിഹിതരായി. യു.പ്രതിഭ എം.എൽ. എ അധ്യക്ഷത വഹിച്ചു. ആലപ്പുഴ എം പി എ എം ആരിഫ്,  ജില്ലാ കളക്ടർ ജോൺ വി. സാമുവൽ, മുതുകുളം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഡി. ആംബുജാക്ഷി ടീച്ചർ, ഭരണിക്കാവ് ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ്. രജനി , മാവേലിക്കര ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഇന്ദിരദാസ് ,  ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റുമാരായ പി. സുധാകര കുറുപ്പ്, കെ. ദീപ,എൽ. ഉഷ, എസ്. പവനനാഥൻ, കണ്ടല്ലൂർ പഞ്ചായത്ത്‌ കൺവീനർ സുരേഷ് ബാബു,  ജില്ലാ പഞ്ചായത്ത്‌ അംഗം നികേഷ് തമ്പി, കെ. ജി സന്തോഷ്‌,നവകേരള സദസ് കൺവീനറും എൽ. എസ് ജി. ടി ജോയിന്റ് ഡയറക്ടർ വി. സുദേശൻ എന്നിവർ പങ്കെടുത്തു.

date