Skip to main content
കേരളത്തെ നയിക്കുന്നത് സുതാര്യവും അഴിമതി രഹിതവുമായ ഭരണ സംവിധാനം: മന്ത്രി വി. അബ്ദുറഹിമാൻ

കേരളത്തെ നയിക്കുന്നത് സുതാര്യവും അഴിമതി രഹിതവുമായ ഭരണ സംവിധാനം: മന്ത്രി വി. അബ്ദുറഹിമാൻ

ആലപ്പുഴ: കേരള സമൂഹത്തെ വികസന പാതയിൽ മുന്നോട്ട് നയിക്കുന്നത് സുതാര്യവും അഴിമതി രഹിതവുമായ ഭരണ സംവിധാനമാണെന്ന് മന്ത്രി വി. അബ്ദുറഹിമാൻ. ഗവ. ബോയ്സ് സ്കൂൾ മൈതാനത്ത് നടന്ന മാവേലിക്കര മണ്ഡലം നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാ വികസന കാര്യങ്ങളും ജനങ്ങളുമായി സംവദിച്ച് മുന്നോട്ട് പോകാനാണ് സർക്കാരിന്റെ തീരുമാനം. ഒന്നും നടക്കില്ലെന്ന് കരുതിയ കേരളത്തിൽ നിരവധി വികസന പ്രവർത്തനങ്ങളാണ് 2016 നു ശേഷം നടപ്പാക്കിയത്. 
കേരള രൂപീകരണത്തിനു ശേഷം കായിക മേഖലയിലെ വികസന പ്രവർത്തനങ്ങൾക്കായി ഏറ്റവുമധികം തുക അനുവദിച്ചത് ഈ സർക്കാരിന്റെ കാലത്താണ്. 1700 കോടി രൂപയുടെ വികസന പ്രവർത്തനമാണ് കായിക മേഖലയിൽ നടക്കുന്നത്. വികസന പദ്ധതികൾക്കൊപ്പം ക്ഷേമ പദ്ധതികൾക്കും സർക്കാർ മുൻഗണന നൽകുന്നു.  

പിണറായി വിജയൻ സർക്കാർ അധികാരത്തിലെത്തിയ ശേഷം നിരവധി പ്രവർത്തനങ്ങളാണ് ജനാധിപത്യത്തെ ശക്തിപ്പെടുത്താനായി നടത്തിയത്. ഫയലുകൾ വേഗത്തിൽ തീർപ്പാക്കാൻ ഫയൽ അദാലത്തുകൾ നടത്തി. മത്സ്യത്തൊഴിലാളികൾക്കായി തീരസദസും വന മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ വന സൗഹൃദ സദസും നടത്തി. പരാതികൾ പരിഹരിക്കാൻ മന്ത്രിമാരുടെ നേതൃത്വത്തിൽ താലൂക്ക് തല അദാലത്തുകൾ നടത്തി. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഉയർന്ന ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ വികസന പ്രശ്നങ്ങളും തടസങ്ങളും ചർച്ച ചെയ്യാനും പരിഹാരം കണ്ടെത്താനും മേഖലാതല അവലോകന യോഗങ്ങൾ നടത്തി. ഈ പ്രവർത്തനങ്ങളുടെ തുടർച്ചയായാണ് നവകേരള സദസ്സ് സംഘടിപ്പിച്ചത്. ഇത്രയും സുതാര്യമായ ജനാധിപത്യ സംവിധാനമാണ് കേരളത്തിൽ നടപ്പാക്കുന്നത്. 

പൊതു വിദ്യാഭ്യാസ മേഖലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ മികവിന്റെ കേന്ദ്രങ്ങളായി. 48000 ത്തിലധികം ക്ലാസ് മുറികൾ ഹൈടെക്കായി മാറി. ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകാൻ കേരളത്തിൽ പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കഴിയുന്നു. 
ഉന്നത വിദ്യാഭ്യാസ മേഖലയിലും നിരവധി പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. 

സമാനതകളില്ലാത്ത പ്രവർത്തനങ്ങളാണ് ആരോഗ്യ മേഖലയിൽ നടക്കുന്നത്. അടിസ്ഥാന സൗകര്യ വികസനം, റോഡ് വികസനം എന്നിവയിലും ശ്രദ്ധേയമായ മുന്നേറ്റം നേടാനായി. ദേശീയ പാത വികസനം, മലയോര ഹൈവേ, എയർപോർട്ടുകൾ എന്നിവയുടെ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ലോക ചരിത്രത്തിലെ അസുലഭ സന്ദർഭമാണ് നവകേരള സദസ്സ് എന്നും മന്ത്രി പറഞ്ഞു

date