Skip to main content

ജില്ലയില്‍ ഇന്ന് (ഡിസംബര്‍ 17) ഓറഞ്ച് അലര്‍ട്ട് ജാഗ്രത പാലിക്കണം - ജില്ലാ കലക്ടര്‍

കേന്ദ്രകാലാവസ്ഥാ വകുപ്പ് ജില്ലയില്‍ ഇന്ന് (ഡിസംബര്‍ 17) ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ് മുന്നറിയിപ്പ് നല്‍കി.

പൊതുജനങ്ങള്‍ പരമാവധി വീട്ടിനുള്ളില്‍ തന്നെ കഴിയണം. പ്രളയ മേഖലയിലും മണ്ണിടിച്ചില്‍ മേഖലയില്‍ നിന്നും ജനങ്ങള്‍ സുരക്ഷിതസ്ഥാനങ്ങളിലേയ്ക്ക് മാറുകയും വേണം. ഉരുള്‍പൊട്ടല്‍ സാധ്യതമേഖലകളില്‍ രാത്രി ഏഴ് മുതല്‍ രാവിലെ ഏഴ്‌വരെ മലയോരമേഖലയിലേക്കുള്ള യാത്ര പരിമിതപെടുത്തണം. ബീച്ചുകളില്‍ ഇറങ്ങരുത്. പുഴകളിലും ചാലുകളിലും, വെള്ളകെട്ടിലും ഇറങ്ങാതിരിക്കാനും ശ്രദ്ധിക്കണം

മലയോര മേഖലയിലെ ചാലുകളുടെ അരികില്‍ വാഹനങ്ങള്‍ നിര്‍ത്തരുത്; ശക്തമായ നീരൊഴുക്ക് ഉണ്ടെങ്കില്‍ മുറിച്ച് കടക്കാനും പാടില്ല. ഇടിമിന്നല്‍ സമയത്ത് പുറത്തിറങ്ങരുത്. മരങ്ങള്‍ക്ക് താഴെ വാഹനം പാര്‍ക്ക് ചെയ്യാനും പാടില്ല. മലയോര മേഖലയിലെ ജനങ്ങള്‍ ജാഗരൂകരായിരിക്കണം, ഉദ്യോഗസ്ഥരുടെ നിര്‍ദേശങ്ങളോട് സഹകരിക്കണം. പരിശീലനംസിദ്ധിച്ച സന്നദ്ധപ്രവര്‍ത്തകര്‍ ഒഴികെയുള്ളവര്‍ വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍ ബാധിച്ച സ്ഥലങ്ങളിലേക്ക് പോകരുത്.

ജലാശയങ്ങളില്‍ ക്രമാതീതമായി ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. പ്രധാനപ്പെട്ട രേഖകള്‍ അടക്കമുള്ള വിലപ്പെട്ട വസ്തുക്കള്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയുംവേണം.

അടിയന്തര സഹായത്തിനായി 1077 ടോള്‍ഫ്രീ നമ്പരില്‍ ബന്ധപ്പെടാമെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി.

date