Skip to main content

കദളി വനം രണ്ടാം ഘട്ട പദ്ധതിക്ക് തുടക്കമായി

ഗുരുവായൂര്‍ നഗരസഭയുട കദളി വനം രണ്ടാം ഘട്ട പദ്ധതിക്ക് തുടക്കമായി. നഗരസഭയുടെ 2023 - 24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നാലു ലക്ഷം രൂപയാണ് കദളി വനം രണ്ടാം ഘട്ടത്തിന് വിനിയോഗിക്കുന്നത്. ആനക്കോട്ട കിഴക്കേപ്പടിയില്‍ 'അപൂര്‍വ്വ' അയല്‍ക്കൂട്ടത്തില്‍ ക്ലസ്റ്റര്‍ പദ്ധതിക്ക് തുടക്കം കുറിച്ചു. 3000 കദളിവാഴ തൈകളാണ് 100 മേനി വിളവ് പ്രതീക്ഷിച്ച് നഗരസഭയുടെ 35 ക്ലസ്റ്ററുകളിലായി ഈ വര്‍ഷം കൃഷി ചെയ്യുന്നത്.

ഗുരുവായൂരിന്റെ വിപണി സാധ്യതയും ഗുരുവായൂര്‍ അമ്പലം എന്ന പ്രത്യേകതയും പരിഗണിച്ച് കഴിഞ്ഞവര്‍ഷം നഗരസഭ പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച ഈ പദ്ധതി വന്‍ വിജയമായിരുന്നു. പ്രതീക്ഷിച്ചതിലധികം വിളവും പിന്തുണയും കര്‍ഷകരില്‍ നിന്നും ലഭിച്ച ആത്മവിശ്വാസമാണ് ഈ വര്‍ഷം പദ്ധതി തുടരുവാന്‍ നഗരസഭയെ പ്രേരിപ്പിച്ചത്. കര്‍ഷകര്‍ക്കും കര്‍ഷകക്കൂട്ടങ്ങള്‍ക്കും ഉത്പ്പാദിപ്പിച്ച കദളിവാഴയ്ക്ക് മാന്യമായ വരുമാനവും ലഭിച്ചു. കഴിഞ്ഞ വര്‍ഷത്തെ അഭിമാനകരമായ നേട്ടങ്ങളുടെ തുടര്‍ച്ച ഈ വര്‍ഷവും ആവര്‍ത്തിക്കാന്‍ കഴിയുമെന്ന ശുഭപ്രതീക്ഷയിലാണ് നഗരസഭയും കര്‍ഷക കൂട്ടായ്മകളും.

35-ാം വാര്‍ഡില്‍ ആനക്കോട്ട കിഴക്കേപ്പടിയില്‍ നഗരസഭ തല നടീല്‍ ഉത്സവം ചെയര്‍മാന്‍ എം. കൃഷ്ണദാസ് നിര്‍വഹിച്ചു. വൈസ്

ചെയര്‍പേഴ്‌സണ്‍ അനിഷ്മ ഷനോജ് അധ്യക്ഷയായി. നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്‍മാരായ എ.എം ഷഫീര്‍, ഷൈലജ സുധന്‍, ബിന്ദു അജിത്കുമാര്‍, കൗണ്‍സിലര്‍മാരായ നിഷി പുഷ്പരാജ്, ബിബിത മോഹന്‍, കൃഷി ഓഫീസര്‍മാരായ ശശീന്ദ്ര, വി.സി. റെജീന, എം. സാജിദ റഹ്മാന്‍, തൊഴിലുറപ്പ് പദ്ധതി അസിസ്റ്റന്റ് എഞ്ചിനീയര്‍ അഭി തുടങ്ങിയവര്‍ പങ്കെടുത്തു.

date