Skip to main content
കളിക്കളം പദ്ധതി; സി.സി. മുകുന്ദന്‍ എംഎല്‍എ സ്ഥലം സന്ദര്‍ശിച്ചു

കളിക്കളം പദ്ധതി; സി.സി. മുകുന്ദന്‍ എംഎല്‍എ സ്ഥലം സന്ദര്‍ശിച്ചു

ഒരു പഞ്ചായത്തില്‍ ഒരു കളിക്കളം പദ്ധതിയുടെ ഭാഗമായി നാട്ടിക നിയോജക മണ്ഡലത്തില്‍ വലപ്പാട് ഹൈസ്‌ക്കൂള്‍ ഗ്രൗണ്ടിന് അനുവദിച്ച കളിക്കളം സി.സി മുകുന്ദന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സന്ദര്‍ശിച്ചു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെക്കുറിച്ചും അടിസ്ഥാന സൗകര്യ വികസനത്തെക്കുറിച്ചും ചര്‍ച്ച നടത്തി. കളിക്കളം യാഥാര്‍ത്ഥ്യമാകുന്നതോടെ സ്‌കൂളിലെയും ഗ്രാമപഞ്ചായത്തിന്റെയും കായിക കുതിപ്പിന് വേഗം കൂടുമെന്ന പ്രതീക്ഷയിലാണ് ജനപ്രതിനിധികളും നാട്ടുകാരും.

എല്ലാവര്‍ക്കും ഉപയോഗിക്കാവുന്ന രീതിയില്‍ മികച്ച അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിക്കൊണ്ട് പൊതു കളിസ്ഥലങ്ങള്‍ ഒരുക്കുകയാണ് പദ്ധതിയിലൂടെ കായിക യുവജനകാര്യ വകുപ്പ്. കളിക്കളങ്ങള്‍ ഇല്ലാത്ത തദ്ദേശ സ്ഥാപനങ്ങളില്‍ ആധുനിക നിലവാരത്തിലുള്ള കളിക്കളങ്ങള്‍ സമൂഹത്തിലെ എല്ലാ വിഭാഗക്കാര്‍ക്കും പ്രാപ്യമായ രീതിയില്‍ ലഭ്യമാക്കും. കുറഞ്ഞത് ഒരേക്കര്‍ സ്ഥലത്ത്, ഒരു കോടി രൂപ ചെലവിലാണ് ഓരോ കളിക്കളങ്ങള്‍ക്കുമുള്ള ഡിസൈന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. 50 ലക്ഷം കായികവകുപ്പും എംഎല്‍എ ഫണ്ട്, തദ്ദേശ സ്ഥാപന ഫണ്ട്, സിഎസ്ആര്‍, പൊതു സ്വകാര്യ പങ്കാളിത്തം തുടങ്ങിയവയിലൂടെ ബാക്കി തുകയും കണ്ടെത്തിയാണ് പദ്ധതി നടത്തുന്നത്. ഓരോ പഞ്ചായത്തിലേയും സ്‌കൂള്‍ ഗ്രൗണ്ട്, പഞ്ചായത്ത് മൈതാനം, പൊതു ഉടമസ്ഥതയിലുള്ള സ്ഥലങ്ങള്‍ എന്നിവിടങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്. സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷനാണ് നിര്‍മ്മാണ ചുമതല.

ഗ്രൗണ്ട് സന്ദര്‍ശനത്തില്‍ എംഎല്‍എയോടൊപ്പം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷിനിത ആഷിഖ്, സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷന്‍ അസി. എഞ്ചിനീയര്‍ സി.ജി ശ്രേയസ്, പ്രോജക്ട് എഞ്ചിനീയര്‍ പി.സി. രഞ്ജിത്ത്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ അജയഘോഷ്, മണിലാല്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് തോമസ് മാസ്റ്റര്‍, പിടിഎ പ്രസിഡന്റ് ഷഫീഖ് വലപ്പാട്, കിഷോര്‍ വാഴപ്പിള്ളി, കണ്ണന്‍ വലപ്പാട് തുടങ്ങിയവര്‍ പങ്കെടുത്തു.

date