വിജയം തീര്‍ത്ത് കൂടെ 2.0
വിഭിന്നശേഷിയുള്ള കുട്ടികള്‍ നിര്‍മ്മിച്ച വിവിധ വസ്തുക്കളുടെ പ്രദര്‍ശന വിപണന മേളയായ 'കൂടെ 2.0' യ്ക്ക് ലഭിച്ചത് വലിയ പിന്തുണ. സിവില്‍ സ്റ്റേഷന്‍ അങ്കണത്തില്‍ രണ്ടു ദിവസങ്ങളായാണ് കൂടെ എന്ന പേരില്‍ പ്രദര്‍ശന വിപണന മേള ഒരുക്കിയത്. ജില്ലാ ഭരണകൂടത്തിന്റെ നേരിട്ടുള്ള ഇടപെടലിലാണ് 21 സ്ഥാപനങ്ങളുടെ പങ്കാളിത്തത്തില്‍ മേള നടത്തിയത്.
ജില്ലയിലെ ബഡ്‌സ്, ബി.ആര്‍.സി, സ്‌പെഷ്യല്‍ സ്‌കൂളുകള്‍ തുടങ്ങിയവയില്‍ നിന്നുള്ള വിഭിന്നശേഷിക്കാരായ കുട്ടികളാണ് തങ്ങള്‍ നിര്‍മ്മിച്ച ഉല്‍പ്പന്നങ്ങളുമായി മേളയില്‍ എത്തിയത്. അലോവേര ജ്യൂസ്, അരി ഹല്‍വ, കിളി ഞാവല്‍ സ്‌ക്വാഷ്, ചെമ്പരത്തി ജ്യൂസ്, ബട്ടര്‍ കുക്കീസ്, മുന്തിരിങ്ങ അച്ചാര്‍ തുടങ്ങിയ വിവിധയിനം വ്യത്യസ്തവും രുചി വൈവിധ്യമുള്ളതുമായ ആഹാരങ്ങള്‍, ക്രിസ്തുമസ് അലങ്കാരങ്ങള്‍, വീട്ടുപയോഗത്തിന് ആവശ്യമായ വിവിധ വസ്തുക്കള്‍ തുടങ്ങിയ ഒട്ടേറെ വിഭവങ്ങളാണ് മേളയില്‍ എത്തിച്ചത്.
സിവില്‍ സ്റ്റേഷനില്‍ ഈ വര്‍ഷത്തെ രണ്ടാമത്തെ മേളയാണ് ക്രിസ്തുമസിന്റെ ഭാഗമായി ഒരുക്കിയത്. ഇതിന് പുറമേ ഒമ്പത് മേളകളോളം ജില്ലയില്‍ ഉടനീളമായി കുട്ടികള്‍ ഈ വര്‍ഷം ഒരുക്കിയിട്ടുണ്ട്. ജില്ലാ കളക്ടര്‍ വി.ആര്‍ കൃഷ്ണ തേജ 'കൂടെ' പ്രദര്‍ശന വിപണന മേള സന്ദര്‍ശിച്ചു. കളക്ട്രേറ്റിലെ ജീവനക്കാര്‍ അടക്കം നിരവധി ആളുകളാണ് മേളയെ വിജയമാക്കിയത്.
- Log in to post comments