Skip to main content

ശ്രദ്ധേയമായി അരുവിക്കരയിലെ മെഗാ തൊഴിൽ മേള

നവകേരള സദസ്സിന് മുന്നോടിയായി അരുവിക്കര മണ്ഡലത്തിൽ മെഗാ തൊഴിൽ മേള സംഘടിപ്പിച്ചു. അരുവിക്കര ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന മേള ജി. സ്റ്റീഫൻ എം. എൽ.എ ഉദ്ഘാടനം ചെയ്തു.  കേരളത്തിൽ  തൊഴിൽ സ്ഥാപനങ്ങൾക്ക്  നന്നായി വളരാൻ കഴിയുന്ന സാഹചര്യമാണുള്ളതെന്ന്  എം. എൽ എ പറഞ്ഞു. ഗ്രാമീണ മേഖലയായ അരുവിക്കരയിൽ ആദ്യമായി സംഘടിപ്പിച്ച തൊഴിൽമേള വീട്ടമ്മമാരുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.  

രാവിലെ ഒൻപതിന്  ആരംഭിച്ച് വൈകിട്ട് നാലുമണിക്ക് സമാപിച്ച തൊഴിൽമേളയിൽ 1200 ഓളം പേരാണ് രജിസ്റ്റർ ചെയ്തത്. എട്ടാം ക്ലാസ്സ്‌  മുതൽ ബിരുദാനന്തരം വരെ യോഗ്യതയുള്ളവർക്ക് മേളയിൽ  പങ്കെടുക്കാൻ അവസരം ഉണ്ടായിരുന്നു. വിവിധ അഭിമുഖങ്ങളിൽ നിന്നും തൊഴിൽ മേളയിൽ പങ്കെടുത്ത 547 പേർ ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുകയും 119 പേരെ തെരഞ്ഞെടുക്കുകയും  ചെയ്തു. ടെക്നോപാർക്കിലെ ഐടി കമ്പനികൾ, അക്കൗണ്ടിംഗ്, ഇൻഷുറൻസ്, ബാങ്കിംഗ്, എജ്യൂടെക്, മാർക്കറ്റിംഗ് കമ്പനികൾ ഉൾപ്പെടെ 39 കമ്പനികളാണ് മേളയിൽ പങ്കെടുത്തത്.

ജില്ലാ പ്ലാനിങ് ഓഫീസറും നവകേരള സദസ്സ് അരുവിക്കര മണ്ഡലം സംഘാടക സമിതി കൺവീനറുമായ വി. എസ് ബിജു, ബ്ലോക്ക് പഞ്ചായത്ത്‌ അംഗം വിജയൻ നായർ, അരുവിക്കര ഗ്രാമപഞ്ചായത്ത്‌ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ അലിഫിയ, പാലോട് കാർഷിക വികസന ബാങ്ക് പ്രസിഡന്റ് സഞ്ജയൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

date