Skip to main content

ലഹരിക്കെതിരെ ചെക്ക് വെച്ച് വിദ്യാർത്ഥികൾ

 

ജില്ലാതല ചെസ്സ് ടൂർണ്ണമെന്റ് സംഘടിപ്പിച്ചു

എക്സൈസ് വിമുക്തി മിഷൻ റോട്ടറി കാലിക്കറ്റ് സെൻട്രലും സംയുക്തമായി ജില്ലാ ചെസ്സ് അസ്സോസ്സിയേഷന്റെ സഹകരണത്തോടെ സ്കൂൾ കുട്ടികള്‍ക്കായി ലഹരിക്കെതിരെ ചെക്ക് വെക്കാം, ജില്ലാതല ചെസ്സ് ടൂർണ്ണമെന്റ് സംഘടിപ്പിച്ചു. സംസ്ഥാനത്ത് ഉടനീളം വിദ്യാർത്ഥികൾക്കായി ചെസ് ടൂര്‍ണമെന്‍റ് സംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് ജില്ലയിലും പരിപാടി നടന്നത്. 

ജില്ലയിലെ സ്കൂളുകളിലെ വിമുക്തി ക്ലബ്ബുകൾ മുഖേന പ്രാഥമിക മത്സരങ്ങൾക്ക് ശേഷം തിരഞ്ഞെടുത്ത 90 ഓളം ഹൈസ്കൂൾ കുട്ടികളാണ് ജില്ലാതല മത്സരത്തിൽ പങ്കെടുത്തത്. ചെസ്സ് ടൂർണമെന്റിൽ ഫിദൽ ആർ പ്രേം ഒന്നാം സ്ഥാനവും മഞ്ജു മഹേഷ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. കൂടാതെ മികച്ച പ്രകടനം കാഴ്ചവച്ച 10 വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റും ട്രോഫിയും വിതരണം ചെയ്തു.

കാരാപറമ്പ് ഹയർസെക്കണ്ടറി ഓഡിറ്റോറിയത്തിൽ നടന്ന ജില്ലാതല ചെസ്സ് മത്സരങ്ങളുടെ ഉദ്ഘാടനം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ വി. രാജേന്ദ്രൻ നിർവഹിച്ചു. വിജയികൾക്കുള്ള സമ്മാനദാനം കോഴിക്കോട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ രാജീവ് ടി നിർവഹിച്ചു. റോട്ടറി ചടങ്ങിൽ കാലിക്കറ്റ് സെൻട്രൽ പ്രസിഡന്റ് അൻവർ സാദത്ത് സംസാരിച്ചു. എക്സൈസ് പ്രിവന്റീവ് ഓഫീസർ സന്തോഷ് ചെറുവോട്ട് സ്വാഗതവും വിമുക്തി ജില്ലാ കോർഡിനേറ്റർ ഇ പ്രിയ നന്ദിയും പറഞ്ഞു.

date