Skip to main content

ജില്ലാതല എക്സൈസ് ജനകീയ സമിതി യോഗം ചേർന്നു

 

എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ ക്രിസ്മസ് ന്യൂ ഇയർ ആഘോഷങ്ങളുടെ മുന്നോടിയായി ജനകീയ സമിതി യോഗം ചേർന്നു. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കഴിഞ്ഞ നാലു മാസക്കാലയളവിലെ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുകയും തുടർ പ്രവർത്തനങ്ങളെ കുറിച്ച് നിർദ്ദേശങ്ങൾ സ്വീകരിക്കുകയും ചെയ്തു. എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ വി രാജേന്ദ്രൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.

യോഗത്തിൽ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാർ, പ്രതിനിധികൾ, വിവിധ രാഷ്ട്രീയപാർട്ടി സംഘടനാ പ്രതിനിധികൾ എന്നിവർ നിർദ്ദേശങ്ങൾ അവതരിപ്പിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപന പരിധികളിൽ ജനകീയ സമിതികൾ ശക്തിപ്പെടുത്തുവാനും പ്രത്യേക ശ്രദ്ധ വേണ്ട സ്ഥലങ്ങളിൽ എക്സൈസ്, പോലീസ് വകുപ്പുകളുടെ നേതൃത്വത്തിൽ തുടർ പരിശോധനകൾ നടത്താനും യോഗത്തിൽ തീരുമാനിച്ചു. സ്‌കൂളുകളും  കോളേജുകളും കേന്ദ്രീകരിച്ച് ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനും യോഗം നിർദ്ദേശിച്ചു. വിദ്യാർത്ഥികളിൽ മദ്യ-മയക്കുമരുന്ന് വ്യാപനം തടയുന്നതിനായി സ്കൂൾ തലത്തിൽ 459 ലഹരി വിരുദ്ധ ക്ലബ്ബുകളും കോളേജ് തലങ്ങളിൽ 94 ലഹരി വിരുദ്ധ ക്ലബ്ബുകളും പ്രവർത്തിച്ചു വരുന്നുണ്ട്. സ്പെഷ്യൽ ഡ്രൈവ് കാലയളവ് സുഗമമായ രീതിയിൽ നടത്താൻ എല്ലാവരുടെയും സഹായ സഹകരണങ്ങൾ ഉണ്ടാകണമെന്ന് ഡെപ്യൂട്ടി കമ്മീഷണർ യോഗത്തിൽ അറിയിച്ചു.

ഡിസംബർ അഞ്ചിന് തുടങ്ങിയ ക്രിസ്തുമസ് ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവ് കാലയളവിലെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം, മൂന്നു മേഖലകളിലായി സ്ട്രൈക്കിംഗ് ഫോഴ്സുകൾ, റേഞ്ചുകളിൽ രഹസ്യ വിവരം ശേഖരിക്കുന്നതിന് ഇന്റലിജൻസ് ടീമും പ്രവർത്തിച്ചുവരുന്നു. കൂടാതെ, ഇതര സംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലങ്ങളിൽ മിന്നൽ പരിശോധനയും നടത്തി വരുന്നു. യോഗത്തിൽ എ ഡി എം സി മുഹമ്മദ് റഫീഖ്, തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാർ വിവിധ രാഷ്ട്രീയ പാർട്ടി സംഘടന പ്രതിനിധികൾ, എക്സൈസ്, പോലീസ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. പൊതു ജനങ്ങൾക്ക് 0495 2372927 എന്ന കൺട്രോൾ റൂം നമ്പറിൽ പരാതികൾ അറിയിക്കാമെന്നു ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ അറിയിച്ചു.

date