Skip to main content

സമൂഹത്തിൽ  നിയമാവബോധം ശക്തിപ്പെടുത്താൻ മാറ്റൊലി

 

നിയമ വകുപ്പിന്റെ നേതൃത്വത്തിൽ മധ്യമേഖലാതലത്തിൽ
മാറ്റൊലി എന്ന പേരിൽ
സാമൂഹിക നിയമ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. നോർത്ത് ഇഎംഎസ് ടൗൺഹാളിൽ സംഘടിപ്പിച്ച പരിപാടി കേരള സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ പ്രസിഡൻ്റ് ജസ്റ്റിസ് കെ. സുരേന്ദ്രമോഹൻ  ഉദ്ഘാടനം ചെയ്തു. 

തിരുവായ്ക്ക് എതിർവാ ഇല്ലാതിരുന്ന രാജഭരണ കാലഘട്ടത്തിൽ നിന്നും ഭരണഘടനയുടെ ചട്ടക്കൂടിൽ സ്വതന്ത്രമായ കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്ന്  അദ്ദേഹം പറഞ്ഞു. നമ്മളെല്ലാവരും ഇന്ന് ജീവിക്കുന്നത് സുരക്ഷിതമായ സമൂഹത്തിലാണ്.

ഇന്നത്തെ നിയമസ്വാതന്ത്ര്യത്തിൽ തെറ്റ് കണ്ടാൽ വിമർശിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. ഭരണഘടന നിലവിൽ വന്നപ്പോൾ ഏറ്റവും കൂടുതൽ ശക്തിപ്പെട്ടത് നിയമവാഴ്ചയാണ്. വ്യക്തിയല്ല നിയമമാണ് വലുത്. ഭരണഘടന ചട്ടക്കൂടിൽ നിന്നല്ലാതെ ഒരു വ്യക്തിക്കും സർക്കാരിനും രാഷ്ട്രീയത്തിനും പ്രവർത്തിക്കാൻ സാധിക്കില്ല. ഇത്തരത്തിൽ ഭരണഘടന മുൻനിർത്തി ജീവിക്കുന്നത് കൊണ്ടാണ് നമ്മൾ സുരക്ഷിതത്വം അനുഭവിക്കുന്നത്. സമൂഹത്തിൽ ഒരു തെറ്റ് കണ്ടാൽ അത് ചൂണ്ടിക്കാണിക്കാൻ നമുക്ക് സാധിക്കണം. അതിന് നിയമം അറിഞ്ഞിരിക്കണം. മാറ്റൊലി എന്ന പേരിൽ ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കുന്നതിലൂടെ സ്ത്രീകൾക്കും അതിലൂടെ കുടുംബത്തിനും സമൂഹത്തിനും നിയമ സംബന്ധിച്ച് അവബോധം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

സമൂഹത്തിൽ നിയമ അവബോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സ്ത്രീകൾക്കും കുട്ടികൾക്കും നിയമ അവബോധം നൽകുന്നതിന് നിയമ (ഔദ്യോഗിക ഭാഷ) വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പദ്ധതിയാണ് മാറ്റൊലി. 

നിയമ സംരക്ഷണം എല്ലാവർക്കും ലഭിക്കുന്നുണ്ട് എന്ന പൊതു അവബോധം രൂപപ്പെടുത്തുന്നതിൽ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് നിയമം അറിയുക എന്നത്. നിയമം അറിയില്ല എന്നത് കുറ്റകൃത്യത്തിൽ നിന്നും രക്ഷപ്പെടാനുള്ള അവകാശമായി ഒരു കോടതിയും പരിഗണിക്കില്ല. സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾ രാജ്യത്ത് വർദ്ധിച്ചു വരുമ്പോൾ സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷ നൽകുന്ന നിയമങ്ങളെക്കുറിച്ച് സമൂഹത്തെ ബോധവൽക്കരിക്കേണ്ടതുണ്ട്. ഇതിനൊരു ചുവടുവയ്പ്പിനാണ് മാറ്റൊലിയിലൂടെ നിയമവകുപ്പ് തുടക്കം കുറിക്കുന്നത്.

ഇന്ത്യൻ ഭരണഘടനയും പ്രധാന ക്രിമിനൽ നിയമങ്ങളും ഉറപ്പാക്കുന്ന സ്ത്രീ സുരക്ഷിതത്വം എന്ന വിഷയത്തിൽ കേരള ഹൈക്കോടതി ഗവ. പ്ലീഡർ അഡ്വ രശ്മിത രാമചന്ദ്രനും, സ്ത്രീ ശാക്തീകരണത്തിൽ പ്രത്യേക നിയമങ്ങൾ വഹിക്കുന്ന പങ്ക് എന്ന വിഷയത്തിൽ ഹൈക്കോടതി സീനിയർ ഗവ. പ്ലീഡർ  അഡ്വ കെ കെ പ്രീത എന്നിവർ ബോധവൽക്കരണ ക്ലാസുകൾ നയിച്ചു.

നിയമ സെക്രട്ടറി കെ ജി സനൽ കുമാർ പരിപാടിയിൽ അധ്യക്ഷത വഹിച്ചു. അഡീഷണൽ നിയമ സെക്രട്ടറി എൻ ജ്യോതി, ജോയിൻ്റ് സെക്രട്ടറി കെ പ്രസാദ്, കുടുംബശ്രീ എ.ഡി.എം.സി അനുമോൾ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

date