Skip to main content
ഗോത്രവര്‍ഗങ്ങളില്‍ നിന്നും ആദ്യമായി പാസിംഗ് ഔട്ട് പരേഡിനായി തയ്യാറെടുത്ത് 460 ബിഎഫ്ഒമാര്‍ 

ഗോത്രവര്‍ഗങ്ങളില്‍ നിന്നും ആദ്യമായി പാസിംഗ് ഔട്ട് പരേഡിനായി തയ്യാറെടുത്ത് 460 ബിഎഫ്ഒമാര്‍ 

കാട് ഇറങ്ങിയവന്‍ ഇനി കാടിനെ കാക്കും

- നിലമ്പൂര്‍ മാഞ്ചീരി കോളനിയില്‍ നിന്നും കാട് കാക്കാന്‍ ഇനി രവീന്ദ്രനും

കാടിന്റെ വന്യതയിലും അളകളുടെ (ഗുഹാ വീടുകള്‍) സുരക്ഷിതത്വത്തിലുമായിരുന്നു രവീന്ദ്രന്റെ ബാല്യം. എന്നാല്‍ സ്വപ്നങ്ങള്‍ക്കപ്പുറം രവീന്ദ്രന്റെ ജീവിതയാത്ര ഒരു ചരിത്രം എഴുതാന്‍ ഒരുങ്ങുകയാണ്. നിലമ്പൂര്‍ ഉള്‍ക്കാടുകളിലെ ചോലനായ്ക്കര്‍ വിഭാഗത്തില്‍ നിന്നും രണ്ടാമത്തെ ബീറ്റ് ഫോറസ്റ്റ് ഓഫീസറായാണ് പി രവീന്ദ്രന്‍ എന്ന 27 കാരന്‍ ചരിത്രത്തില്‍ ഇടം നേടുന്നത്. 

കേരളത്തില്‍ ആദ്യമായി ഗോത്രവര്‍ഗത്തില്‍ നിന്നും 460 ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാര്‍ കേരള പോലീസ് അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കി സേനയുടെയും ചരിത്രത്തിന്റെയും ഭാഗമാകാന്‍ ഒരുങ്ങുമ്പോള്‍ രവീന്ദ്രന് സ്വപ്നസാക്ഷാത്കാരം കൂടിയാണത്. ചോലനായ്ക്കര്‍ വിഭാഗത്തില്‍ നിന്നും കാട് ഇറങ്ങി സര്‍ക്കാര്‍ ജോലിയില്‍ ആദ്യം പ്രവേശിച്ചത് ബി എഫ് ഒ ആയിരുന്ന ബാലനാണു. രവീന്ദ്രന്റെ ചെറിയച്ഛനാണു ബാലന്‍. 2007 ലാണ് ബാലന്‍ സേനയുടെ ഭാഗമാകുന്നത്. അതൊരു ചരിത്രവും പ്രചോദനവുമായി മാറുകയായിരുന്നു. തുടര്‍ന്ന് കാടിനെ അറിയുന്നവരെ കാട് കാക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിട്ടപ്പോള്‍ രവീന്ദ്രന്റെ സ്വപ്നങ്ങളിലേക്കുള്ള വാതിലായി അത് തുറന്നു. സ്വന്തമായി വരുമാനം കണ്ടെത്തി ജീവിക്കണമെന്നും ലോകം കാണണമെന്നും സ്വപ്നങ്ങള്‍ പങ്കിടുമ്പോഴും കാടും കാട്ടറിവും പൂര്‍വികര്‍ പകര്‍ന്ന പാരമ്പര്യങ്ങളും കൈമോശം വരാതെ കാത്തുസൂക്ഷിക്കുമെന്നും രവീന്ദ്രന്‍ പറയുന്നു.

നിലമ്പൂര്‍ ഐജി എം എം ആര്‍ സ്‌കൂളില്‍ നിന്നും പ്ലസ് ടൂ വിദ്യാഭ്യാസമാണ് രവീന്ദ്രന്‍ കരസ്ഥമാക്കിയത്. തുടര്‍ന്ന് വാച്ചറായി ജോലി ചെയ്തു.
മാഞ്ചീരി കോളനിയിലെ പാണപ്പുഴയാണ് ജന്മദേശം. നെടുങ്കയം ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലുള്ള ഈ മേഖല ഉള്‍വനപ്രദേശമാണ്.  ബാലനെയും രവീന്ദ്രനെയും കൂടാതെ ഈ പ്രദേശത്തു നിന്നും സര്‍ക്കാര്‍ സര്‍വീസില്‍ ജോലി നേടിയ മറ്റൊരാള്‍ ഫോറസ്റ്റ് വാച്ചറായ വിജയനാണ്. 

ഇന്ത്യയിലെ പ്രാചീന ഗോത്രവര്‍ഗ വിഭാഗങ്ങളില്‍ ഒന്നാണ് ചോലനായ്ക്കര്‍. 70 കുടുംബങ്ങളിലായി 231 പേരാണ് ചോല നായ്ക്കര്‍ വിഭാഗത്തില്‍ നിലവിലുള്ളത്.

പാസിങ് ഔട്ട് പരേഡ് 11ന്

460 ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരാണ് പാസിംഗ് ഔട്ട് പരേഡിനായി കേരള പോലീസ് അക്കാദമിയില്‍ തയ്യാറെടുക്കുന്നത്. 13 ജില്ലകളില്‍നിന്നായി 500 പേരെയാണ് പരിശീലനത്തിനായി തെരഞ്ഞെടുത്തിരുന്നത്. പരിക്കും അസുഖങ്ങളും കാരണം പരിശീലനം പൂര്‍ത്തിയാക്കാന്‍ കഴിയാത്തവര്‍ക്കായി രണ്ടാംഘട്ടത്തില്‍ പാസിങ് ഔട്ട് പരേഡ് നടത്തും. സംസ്ഥാന വനം ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടുകളായ അരിപ്പാറ, വാളയാര്‍ എന്നിവടങ്ങളിലാണ് വിദഗ്ധ പരിശീലനം പൂര്‍ത്തിയാക്കിയത്.  ആദ്യമായാണ് ഇത്രയധികം ഗോത്രവിഭാഗക്കാര്‍ക്ക് പിഎസ്സിയുടെ പ്രത്യേക റിക്രൂട്ട്‌മെന്റിലൂടെ യൂണിഫോം സേനകളില്‍ നിയമനം നല്‍കുന്നത്. വിജയകരമായി ട്രെയിനിങ് പൂര്‍ത്തീകരിച്ചവരില്‍ ഭാര്യ ഭര്‍ത്താക്കന്മാര്‍, സഹോദരങ്ങള്‍, ഇരട്ട സഹോദരങ്ങള്‍ തുടങ്ങിയവരും ഉണ്ട്.

date