Skip to main content
ലൈഫില്‍ ആകെ നിര്‍മിച്ചത് 270 വീട് 125 കുടുംബങ്ങള്‍ക്ക് വീടൊരുക്കി കുറുമാത്തൂര്‍ ഒന്നാമത്

ലൈഫില്‍ ആകെ നിര്‍മിച്ചത് 270 വീട് 125 കുടുംബങ്ങള്‍ക്ക് വീടൊരുക്കി കുറുമാത്തൂര്‍ ഒന്നാമത്

 

ഭവനരഹിതരായ മുഴുവന്‍ കുടുംബങ്ങള്‍ക്കും വീടൊരുക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ലൈഫ് മിഷന്‍ പദ്ധതിയില്‍ ജില്ലയില്‍ കൂടുതല്‍ വീടുകളൊരുക്കി കുറുമാത്തൂര്‍ ഗ്രാമ പഞ്ചായത്ത്. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ ലൈഫ് 2020ലാണ് കൂടുതല്‍ വീടുകളൊരുക്കി കുറുമാത്തൂര്‍ ഈ നേട്ടം കൈവരിച്ചത്. കരാര്‍ ഒപ്പിട്ട 184ല്‍ 125 കുടുംബങ്ങള്‍ക്കുമുള്ള വീട് നിര്‍മാണം പൂര്‍ത്തിയായി. ബാക്കി 59 വീടുകളുടെ നിര്‍മാണം പുരോഗമിക്കുകയാണ്. വീടുകളുടെ താക്കോല്‍ കൈമാറ്റം ഫെബ്രുവരി ഒമ്പതിന് രാവിലെ 10ന് പനക്കാട് ഗവ. എല്‍ പി സ്‌കൂള്‍ പരിസരത്ത് പൊതുവിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി നിര്‍വഹിക്കും. എം വി ഗോവിന്ദന്‍ മാസ്റ്റര്‍ എംഎല്‍എ അധ്യക്ഷത വഹിക്കും.

ത്രിതല പഞ്ചായത്തുകളുടെ 1.72 കോടി രൂപ, സംസ്ഥാന സര്‍ക്കാരിന്റെ 1.70 കോടി രൂപ, ഹഡ്‌കോ വായ്പ വഴി 2.45 കോടി രൂപയടക്കം 5.93 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. പഞ്ചായത്തില്‍ 244 കുടുംബങ്ങളാണ് ഭവനരഹിതരായുള്ളത്. 214 ജനറല്‍ വിഭാഗം, രണ്ട് മത്സ്യതൊഴിലാളികള്‍, 22 പട്ടികജാതിക്കാര്‍ ഒരു പട്ടിക വര്‍ഗ്ഗ കുടുംബം, അഞ്ച് അതിദരിദ്ര കുടുംബവും ഉള്‍പ്പെടുന്നു. ഇതില്‍ 184 പേരാണ് ലൈഫ് പദ്ധതിയില്‍ കരാര്‍ ഒപ്പിട്ടത്. ലൈഫിന്റെ വിവിധ ഘട്ടങ്ങളിലായി പഞ്ചായത്തില്‍ 270 വീടുകളാണ് പൂര്‍ത്തിയാക്കിയത്. 2016ല്‍ ആദ്യഘട്ടത്തില്‍ വിവിധ സര്‍ക്കാര്‍ ഭവന പദ്ധതികളില്‍ ആരംഭിച്ച് പണി പൂര്‍ത്തിയാകാത്ത ആറ് വീടുകള്‍ പൂര്‍ത്തിയാക്കി. രണ്ടാം ഘട്ടത്തില്‍ 95 ഭൂമിയുള്ള ഭവനരഹിതര്‍ക്ക് വീട് നിര്‍മിച്ചു. മൂന്നാംഘട്ടത്തില്‍ 27 ഭൂരഹിത ഭവനരഹിതരെ കണ്ടെത്തി സ്ഥലവും വീടും പണിതു നല്‍കി. അഡീഷണല്‍ ലിസ്റ്റ് പ്രകാരം പട്ടികജാതി, പട്ടികവര്‍ഗ, മത്സ്യതൊഴിലാളി കുടുംബങ്ങളിലെ 17 പേര്‍ക്കും 7.4 കോടി രൂപ ചെലവില്‍ വീടുകള്‍ പണിതു നല്‍കി. തുടര്‍ന്നാണ് ലൈഫ് 2020ല്‍ ഉള്‍പ്പെടുത്തി 125 വീടുകള്‍ കൂടി കൈമാറുന്നത്. 2024-25 വര്‍ഷത്തില്‍ അര്‍ഹരായ മുഴുവന്‍ കുടുംബങ്ങള്‍ക്കും ലൈഫിലൂടെ വീട് നിര്‍മിച്ചു നല്‍കാനാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്. ഇതോടെ സമ്പൂര്‍ണ പാര്‍പ്പിട പദ്ധതി എന്ന ലക്ഷ്യം കൈവരിക്കാന്‍ പഞ്ചായത്തിനാകും.

date