Skip to main content

ഹെവി മെഷീനറിയിൽ കേരളത്തിന്റെ അഭിമാന  സംരംഭകർ

 

 ഹെവി മെഷീനറിയിൽ ഇതാദ്യമായി ശ്രദ്ധേയ സാന്നിധ്യമറിയിച്ച്, കേരളത്തിന്റെ വ്യാവസായിക മേഖലയുടെ അഭിമാനമുയർത്തി സംരംഭകർ. സാറ്റോ ക്രെയിൻ അവതരിപ്പിച്ച് സീ ഷോർ ഗ്രൂപ്പിന്റെ സഹകരണത്തിലുള്ള മതിലകം ലീവേജ്  എഞ്ചിനീയറിംഗ് കമ്പനിയും വേസ്റ്റ് ടു ക്ളീൻ യന്ത്രവുമായി വാളകം ട്രാവൻകൂർ ഇൻഡസ്ട്രിയൽ സൊല്യൂഷൻസുമാണ് മെഷീൻ എക്സ്പോ 2024 ൽ മുഖ്യ ആകർഷണമാകുന്നത്. 

ഖത്തറിലെ സീഷോർ കമ്പനിയുടെ സാങ്കേതിക വിദ്യയുപയോഗിച്ച് പൂർണ്ണമായും കേരളത്തിൽ നിർമ്മിച്ച സാറ്റോ ക്രെയിൻ സാധനങ്ങൾ ലോഡും അൺലോഡും ചെയ്യാൻ പ്രയോജനപ്പെടുന്നു. ട്രക്കിൽ നിലയുറപ്പിച്ച് ഏതു ദിശയിലും ചലിപ്പിക്കാനാകുന്ന ക്രെയിനുകൾ വിവിധ ശേഷികളിലായുണ്ട്. മൂന്നുമുതൽ 12 വരെ ടൺ വരെ കൈകാര്യം ചെയ്യാൻ ശേഷിയുള്ള ഇത്തരം ലോഡിംഗ് - അൺലോഡിംഗ് ക്രെയിനുകൾ കേരളത്തിൽ നിർമ്മിക്കുന്നത് ഇതാദ്യം. 

സാറ്റോ ക്രെയിനുകൾ എക്സ്പോയിൽ പ്രദർശിപ്പിച്ചിട്ടുണ്ടെങ്കിലും ഔപചാരിക പ്രവർത്തനോദ്ഘാടനം അടുത്തമാസം കൊടുങ്ങല്ലൂർ മതിലകത്ത് വ്യവസായ മന്ത്രി പി രാജീവ് നടത്തുമെന്ന് ചെയർമാൻ മുഹമ്മദാലി സീഷോറും വൈസ് ചെയർമാൻ എ വി സിദ്ദിഖും അറിയിച്ചു.

ഭക്ഷ്യാവശിഷ്ടങ്ങൾ നൂറുശതമാനം മാലിന്യമുക്തമായി സംസ്കരിച്ച് കമ്പോസ്റ്റാക്കി മാറ്റുന്നതാണ് മൂവാറ്റുപുഴ വാളകത്തെ ട്രാവൻകൂർ ഇൻഡസ്ട്രിയൽ സൊല്യൂഷൻസിന്റെ വേസ്റ്റ് ടു  ക്ളീൻ യന്ത്രം. 24 മണിക്കൂർ കൊണ്ട് 100 കിലോഗ്രാം ജൈവ, ഭക്ഷ്യ അവശിഷ്ടങ്ങൾ കമ്പോസ്റ്റാക്കി മാറ്റാനാകും. മെഷീനറി എക്സ്പോയുടെ ആറാംപതിപ്പിൽ അവതരിപ്പിക്കാൻ ഒരുക്കിയതാണ് വേസ്റ്റ് ടു  ക്ളീൻ. നികുതിക്ക് പുറമെ ആറു ലക്ഷം രൂപയാണിതിന്റെ വില. 

 ട്രാവൻകൂർ ഇൻഡസ്ട്രിയൽ സൊല്യൂഷൻസിന്റെ ടെലിസ്കോപ്പിക് കൺവേയറും എക്സ്പോയിലെ ശ്രദ്ധേയ യന്ത്രമാണ്. 20 അടി കണ്ടെയ്‌നറിൽ ലോഡിംഗ് നടത്താനും അരിക്കമ്പനികളിൽ 24 അടിവരെ ഉയരത്തിൽ അരി, നെല്ല് ചാക്കുകൾ എത്തിക്കാനും സഹായകമായ ടെലിസ്കോപ്പിക് കൺവേയർ. 450 ചാക്ക് വരെ വളരെ എളുപ്പത്തിൽ ഉയരത്തിലേക്ക് എത്തിക്കാനാകും. മനുഷ്യ അധ്വാനം കഴിയുന്നത്ര കുറയ്ക്കാനും സമയം ലഭിക്കാനും യന്ത്രം സഹായകം. ശേഷിക്കനുസൃതമായ നികുതിക്കുപുറമെ 12 ലക്ഷം മുതലാണ് വില. 

എഞ്ചിനീയർമാരായ സഹോദരങ്ങൾ അരുൺചന്ദ്രനും അഖിൽചന്ദ്രനും പാർട്ട്ണർമാരായി നടത്തുന്ന സ്ഥാപനമാണ്  ട്രാവൻകൂർ ഇൻഡസ്ട്രിയൽ സൊല്യൂഷൻസ്. ഇരുവരും നേരത്തെ വിദേശത്ത് മൾട്ടിനാഷണൽ കമ്പനികളിൽ ജോലി ചെയ്യുകയായിരുന്നു. 2016 മുതലാണ് സ്വന്തം സംരംഭത്തിന് തുടക്കമിടുന്നത്. സുഖകരവും ആദായകരവുമായി സംരംഭം നടത്താനാകുന്നുവെന്ന മെച്ചത്തിനു പുറമെ കുറച്ചുപേർക്ക് തൊഴിൽ നൽകാനാകുന്നതിന്റെ സംതൃപ്തിയുമുണ്ട്. നാലുവർഷം മെഷീനറി എക്സ്പോയിൽ പങ്കെടുത്തിട്ടുണ്ട്. ഓരോതവണയും ഓരോ പുതിയ യന്ത്രങ്ങൾ അവതരിപ്പിച്ചുവെന്നും ഇവർ പറയുന്നു.

date