Skip to main content

ബഹിരാകാശ ശാസ്ത്രം മുതല്‍ നിർമിത ബുദ്ധി വരെ; ശാസ്ത്രജ്ഞരുമായി സംവദിച്ച് പി.ജി. വിദ്യാര്‍ത്ഥികള്‍

 

 

കാസര്‍കോട് നടക്കുന്ന 36 ാമത് കേരള ശാസ്ത്ര കോണ്‍ഗ്രസില്‍ സംഘടിപ്പിച്ച മുതിര്‍ന്ന ശാസ്ത്രജ്ഞരും ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികളും തമ്മിലുള്ള സംവാദം ആശയങ്ങളുടെയും അറിവുകളുടെയും ആധിക്യം കൊണ്ട് ശ്രദ്ധേയമായി. സമൂഹത്തില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന അടിസ്ഥാന ശാസ്ത്രത്തെ എങ്ങനെയാണ് പ്രായോഗികവല്‍ക്കരിക്കുക, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എങ്ങനെയാണ് സമൂഹത്തെ സ്വാധീനിക്കുന്നത് , ചന്ദ്രയാന്‍ ദൗത്യം, രസതന്ത്രവും ബഹിരാകാശ ശാസ്ത്രവും തുടങ്ങി നിരവധി വിഷയങ്ങള്‍ സംവാദത്തില്‍ ചര്‍ച്ച ചെയ്തു. മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേശകനും ബഹിരാകാശശാസ്ത്രജ്ഞനുമായ എം.സി. ദത്തന്‍, കെ.എസ്‌.സി.എസ്.ടി.ഇ മുന്‍ എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ടും സി.എസ്.ഐ.ആര്‍ - എന്‍.ഐ.ഐ.എസ്.ടി മുന്‍ ഡയറക്ടറുമായ പ്രൊഫ. സുരേഷ് ദാസ്,

കോഴിക്കോട് പ്രൊഫസര്‍ എന്‍. സന്ധ്യാ റാണി,

 ഐ.സി.എ.ആര്‍ - ഐ.ഐ.എച്ച്.ആര്‍ ബംഗളുരു മുന്‍ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. പി.ഇ. രാജശേഖരന്‍, കൊച്ചി കുസാറ്റ് പ്രൊഫസര്‍ എസ്. അപര്‍ണ്ണ ലക്ഷ്മണന്‍,

വി.ഐ.ടി. വെളളൂര്‍ പ്രൊഫ. ജി. അനില്‍ കുമാര്‍ എന്‍.ഐ.ടി. സെന്‍ട്രല്‍ യൂണിവേഴ്സിറ്റി ഓഫ് കേരള പ്രൊഫസര്‍ സുധ കൊപ്പള്ളി എന്നിവരാണ് പാനലില്‍ പങ്കെടുത്തത്. നിര്‍മ്മിത ബുദ്ധിയുടെ വളര്‍ച്ചയില്‍ ആശങ്കപ്പെടേണ്ടതുണ്ടോ എന്ന ചോദ്യത്തിന് സാങ്കേതിക വിദ്യ എപ്പോഴും നമ്മുടെ സേവനാവശ്യത്തിനായിരിക്കണമെന്നും അല്ലാതെ ഭരിക്കാനുള്ളതല്ല എന്നതായിരുന്നു പാനല്‍ നല്‍കിയ ഉത്തരം. ഡാറ്റയുടെ ലഭ്യതയ്ക്കനുസരിച്ച് മാത്രമാണ് നിര്‍മ്മിത ബുദ്ധിയുടെ പ്രവര്‍ത്തനമെന്നും ആശങ്കപ്പെടാനുള്ളതൊന്നുമില്ലെന്നും പാനല്‍ പറഞ്ഞു.

കെ.എസ്.സി.എസ്.ടി.ഇ എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് പ്രൊഫ. കെ.പി. സുധീര്‍ മോഡറേറ്ററായി. കെ.എസ്.സി.എസ്.ടി.ഇ സയന്റിസ്റ്റ് ഡോ. സിജു സി. രാഘവന്‍ സംസാരിച്ചു. കാസര്‍കോട് ഗവണ്‍മെന്റ് കോളേജ്, കേരള കേന്ദ്ര സര്‍വ്വകലാശാല, കണ്ണൂര്‍ യൂണിവേഴ്സിറ്റി, എല്‍.ബി.എസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് തുടങ്ങി വിവിധ സര്‍വ്വകലാശാലയിലെയും കോളേജുകളിലെയുമായി 180 ഓളം വിദ്യാര്‍ത്ഥികള്‍ സംവാദത്തില്‍ പങ്കെടുത്തു.

 

 

 

ശാസ്ത്ര ബോധത്തെ സമൂഹത്തില്‍ പ്രചരിപ്പിക്കാന്‍ സോഷ്യല്‍ മീഡിയകളെ ഉപയോഗിക്കണം ; കെ.ജയകുമാര്‍

 

ശാസ്ത്ര ബോധത്തെ സമൂഹത്തില്‍ പ്രചരിപ്പിക്കാനും തെറ്റായ ധാരണകളെ തിരുത്താനും സോഷ്യല്‍ മീഡിയകളെ ഉപയോഗിക്കണമെന്ന് കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ ഗവൺമെന്റ് ഡയറക്ടര്‍ കെ.ജയകുമാര്‍. കാസര്‍കോട് നടക്കുന്ന 36 ാമത് കേരള ശാസ്ത്ര കോണ്‍ഗ്രസില്‍ പി.ടി.ഭാസ്ക്കര പണിക്കര്‍ അനുസ്മരണ പ്രഭാഷണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശാസ്ത്രമാണ് ഇന്ന് ലോകത്തെ മുന്നോട്ട് നയിച്ചുകൊണ്ടിരിക്കുന്നത്. ശാസ്ത്രവിരുദ്ധത പ്രചരിപ്പിക്കുന്നത് വലിയ അപകടത്തിന്റെ സൂചനയാണ്. അന്ധവിശ്വാസങ്ങളില്‍ നിന്നും തെറ്റായ ധാരണകളില്‍ നിന്നും യുക്തിയിലേക്ക് വരികയെന്നതാണ് മനുഷ്യന്റെ പുരോഗതിയുടെ അടിസ്ഥാനം. സാമ്പത്തികമായ വളര്‍ച്ചയോടൊപ്പം അറിവും വളരുമ്പോഴാണ് സന്തുലിതമായ സമൂഹമായി മാറുകയുള്ളു. അന്ധവിശ്വാസങ്ങളെ, യാഥാസ്ഥിതികതയെ, അജ്ഞതയെ കീഴ്പ്പെടുത്തികൊണ്ടാണ് കേരളം പുരോഗതി കൈവരിച്ചത്. ശാസ്ത്ര അവബോധത്തെ കാര്‍ന്നുതിന്നുന്ന സാഹചര്യത്തെ കാണാതിരിക്കാന്‍ കഴിയില്ല. നിലവില്‍ ലോകം നേരിടുന്ന വലിയ പ്രശ്നമാണ് കാലാവസ്ഥ വ്യതിയാനം. നമ്മുടെ കാലാവസ്ഥയ്ക്കും ഭൂപ്രകൃതിക്കും അനുയോജ്യമായിട്ടായിരിക്കണം വികസനം നടപ്പിലാക്കേണ്ടത്. പരിസ്ഥിതി എവിടെ ഭീഷണി നേരിടുന്നുവോ അവിടെ ശാസ്ത്രം ശബ്ദമുയര്‍ത്തണം. അതായിരിക്കണം ഇന്നത്തെ തലമുറയുടെ ശാസ്ത്ര അവബോധം. സാധാരണക്കാര്‍ക്ക് ഏറ്റവും എളുപ്പത്തില്‍ മനസ്സിലാവുന്ന രീതിയിലായിരിക്കണം ശാസ്ത്രീയ അവബോധം നല്‍കേണ്ടതെന്നും കെ.ജയകുമാര്‍ പറഞ്ഞു. കെ.എസ്.സി.എസ്.ടി.ഇ ചീഫ് സയന്റിസ്റ്റ് ഡോ.വി.അജിത് പ്രഭു കെ.ജയകുമാറിനെ പരിചയപ്പെടുത്തി. സി.ഡബ്ല്യു.ആര്‍.ഡി.എം സയന്റിസ്റ്റ് പി.ജെ.ജയ്നെറ്റ് സംസാരിച്ചു.

 

 

 

ശാസ്ത്ര ഗവേഷണങ്ങളിൽ രാജ്യത്തിന് മാതൃകയാണ് കേരളം; പ്രൊഫസർ കെ.ജെ.ജോസഫ്

 

ശാസ്ത്ര ഗവേഷണ കാര്യങ്ങളിൽ രാജ്യത്തിന് മാതൃകയാണ് കേരളമെന്ന് ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷൻ പ്രൊഫസർ കെ.ജെ.ജോസഫ് പറഞ്ഞു. 36 മത് കേരള ശാസ്ത്ര കോൺഗ്രസ്സിൽ ഡോ.പി.കെ.ഗോപാലകൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. 

 

1972 ഇൽ കേരളത്തിലെ ശാസ്ത്ര സാങ്കേതിക നയം രൂപീകരിക്കുന്നതിലും അതിന് കീഴിൽ ഗവേഷണ വികസന സ്ഥാപനങ്ങൾ സ്ഥാപിക്കുന്നതിലും പ്രമുഖ സാമൂഹ്യശാസ്ത്രജ്ഞനും സാമ്പത്തിക വിദഗ്‌ധനുമായ ഡോ.പി.കെ.ഗോപാലകൃഷ്‌ണൻ നിർണായക പങ്ക് വഹിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ശാസ്ത്ര വിഷയങ്ങളിലെ ശാസ്ത്രജ്ഞരെ പോലെ തന്നെ പ്രാധാന്യം അർഹിക്കുന്നവരാണ് സാമൂഹ്യ ശാസ്ത്രജ്ഞരെന്ന് അദ്ദേഹം പറഞ്ഞു. 

 

പരിപാടിയിൽ കെ.എസ്.സി.എസ്.ടി.ഇ - എൻ.എ.ടി.പി.എ.സി തിരുവനന്തപുരം ഡയറക്ടർ പ്രൊഫസർ സാംസൺ മാത്യു സ്വാഗതവും കെ.എസ്.സി.എസ്.ടി.ഇ സയന്റിസ്റ്റ്‌ ഡോ.ജയ മേരി ജേക്കബ് നന്ദിയും പറഞ്ഞു.

date