Skip to main content

ഡോ.ഇ.കെ.ജാനകി അമ്മാളിൻ്റെ സസ്യശാസ്ത്ര സംഭാവനകൾ വിശേഷണാതീതം ; ഡോ.എ.എ.മാവോ

 

 

 

ഇന്ത്യയിലെ ആദ്യ സസ്യശാസ്ത്രജ്ഞ

ഡോ. ഇ.കെ.ജാനകി അമ്മാള്‍ക്ക്

ശാസ്ത്രഗവേഷക എന്ന നിലയ്ക്കോ ശാസ്ത്രത്തിനായി ജീവിതം സമർപ്പിച്ച വ്യക്തിയെന്ന നിലയ്ക്കോ ഏതുവിശേഷണം നൽകിയാലും വിശേഷണങ്ങൾക്കുമപ്പുറമാണ് അവരുടെ സ്ഥാനമെന്ന് കൊൽക്കത്ത ബൊട്ടാണിക്കൽ സർവേ ഓഫ് ഇന്ത്യ ഡയറക്ടർ ഡോ.എ.എ.മാവോ

പറഞ്ഞു.36-മത് കേരള ശാസ്ത്ര കോണ്‍ഗ്രസിന്റെ ഭാഗമായി നടക്കുന്ന ഡോ.ഇ.കെ.ജാനകി അമ്മാള്‍ സ്മാരക പ്രഭാഷണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

ജാനകി അമ്മാളിന്റെ ശാസ്ത്ര ജീവിതം ഇന്നും പലർക്കും അപരിചിതമാണ്. ഏഷ്യ, വടക്കേ അമേരിക്ക, യൂറോപ്പ് എന്നീ ഭൂഖണ്ഡങ്ങളിൽ പ്രവർത്തിച്ച ഗവേഷകയാണ് ജാനകി അമ്മാള്‍. സസ്യജാതികൾക്കിടയിൽ 'വർഗാന്തര സങ്കരണം' (ഇന്റർജനറിക് ഹൈബ്രിഡൈസേഷൻ) സാധ്യമാണെന്ന് കണ്ടെത്തിയത് ജാനകി അമ്മാള്ളാണ്.

ഇന്ത്യൻ കാലാവസ്ഥയ്ക്ക് ഏറ്റവും അനുയോജ്യമായ മധുരവും ഉയർന്ന വിളവ് നൽകുന്നതുമായ ഒരു ഇനം കരിമ്പ് വികസിപ്പിച്ചെടുത്തതിന്റെ പുറകിലും അവരുടെ പരിശ്രമവും അറിവുമാണ്. അതുപോലെ യൂറോപ്പിനെ അലങ്കരിക്കുന്ന അതിവിശിഷ്ടമായ മഗ്നോളിയ പൂമരങ്ങളും വികസിപ്പിച്ചത് ജാനകി അമ്മാള്ളാണ്. വംശീയസസ്യശാസ്ത്രം (എത്നോബോട്ടണി) എന്ന പഠനശാഖയ്ക്ക് ഇന്ത്യയിൽ തുടക്കംകുറിച്ചതും ഡോ.ഇ.കെ. ജാനകി അമ്മാള്‍ എന്ന ശാസ്ത്ര പ്രതിഭയാണ്.

 

കാർഷികസസ്യങ്ങളും അവയുടെ വന്യബന്ധുക്കളും ഉൾപ്പെടെ ഭൂമുഖത്തെ പതിനായിരം പുഷ്പിതസസ്യങ്ങളുടെ ക്രോമസോം അറ്റ്ലസ് (ദി ക്രോമസോം അറ്റ്ലസ് ഓഫ് കൾട്ടിവേറ്റഡ് പ്ലാന്റ്സ്, 1945) ആദ്യമായി പ്രസിദ്ധീകരിച്ചതും ജാനകി അമ്മാളാണ്. ലണ്ടനിലെ പ്രശസ്തമായ ജോൺ ഇൻസ് ഹോർട്ടിക്കൾച്ചറർ ഇൻസ്റ്റിറ്റ്യൂട്ടിൽ അസിസ്റ്റന്റ് സൈറ്റോളജിസ്റ്റായി പ്രവർത്തിക്കുമ്പോൾ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ സിറിൽ ഡി.ഡാർലിങ്ടണുമായി ചേർന്നാണ് പ്രസിദ്ധീകരണം പുറത്തിറക്കിയത്. സസ്യഗവേഷണരംഗത്ത് ഒട്ടേറെ കണ്ടെത്തലുകൾ അവർ നടത്തി. അസംഖ്യം ഗവേഷണപ്രബന്ധങ്ങൾ ദേശീയ, അന്തർദേശീയ ശാസ്ത്രജേണലുകളിൽ പ്രസിദ്ധീകരിച്ചു.

 

 

ഇന്ത്യയിലെ സ്ത്രീകൾ ഭൂരിഭാഗവും വീടിന്റെ നാലു ചുവരുകൾക്കുള്ളിൽ ഒതുങ്ങിപ്പോയിരുന്ന ഒരു കാലത്ത ഒട്ടേറെ കഠിനമായ പാതയിലൂടെയാണ് ജാനകി അമ്മാൾ തന്റെ സ്വപ്നങ്ങളെ പിന്തുടർന്നത്. തലശ്ശേരിയിലെ ചേറ്റംകുന്നിലെ പുരാതന കുടുംബത്തിൽ ദിവാൻ ബഹദൂർ ഇ.കെ.കൃഷ്ണന്റെയും ദേവി കൃഷ്ണന്റെയും മകളായാണ് ജാനകിയുടെ ജനനം. തലശ്ശേരിയിലെ സ്കൂൾവിദ്യാഭ്യാസത്തിനുശേഷം മദ്രാസിലെ ക്യൂൻ മേരീസ് കോളേജിലാണ് ബാച്ചിലേഴ്സ് ചെയ്തത്. അവിടെത്തന്നെ പ്രസിഡൻസി കോളേജിൽനിന്ന് സസ്യശാസ്ത്രത്തിലും (1921), ഭൗമശാസ്ത്രത്തിലും (1923) എം.എ. ബിരുദങ്ങൾ കരസ്ഥമാക്കി. 1924-ൽ ബാർബർ സ്കോളർഷിപ്പ് നേടി. യു.എസിലെ മിഷിഗൺ സർവകലാശാലയിൽ ഉപരിപഠനത്തിനായി പോയി. മിഷിഗണിൽനിന്ന് മാസ്റ്റേഴ്സ് ബിരുദം നേടി. 1926-ൽ ഇന്ത്യയിൽ തിരിച്ചെത്തിയ ജാനകി, വിമൻസ് ക്രിസ്ത്യൻ കോളേജിൽ രണ്ടുവർഷം അധ്യാപികയായി പ്രവർത്തിച്ചു.

'ഓറിയന്റൽ ബാർബർ ഫെലോഷിപ്പ്' നേടുന്ന ആദ്യവ്യക്തിയെന്നനിലയിൽ ഗവേഷണവിദ്യാർഥിയായി. 1928-ൽ ജാനകി വീണ്ടും മിഷിഗണിലെത്തി. 1931-ൽ ഇന്ത്യയിലാദ്യമായി ഒരു സ്ത്രീ യു.എസിൽ നിന്നും ശാസ്ത്രവിഷയത്തിൽ ഡോക്ടറേറ്റ് നേടി.1931 ൽ ഇന്ത്യയിൽ തിരിച്ചെത്തിയ അവർ രണ്ടുവർഷക്കാലം തിരുവനന്തപുരം മഹാരാജ കോളേജിൽ ബോട്ടണി അസിസ്റ്റന്റ് പ്രൊഫസറായി ജോലി നോക്കി.

ശേഷം 1934-ൽ അധ്യാപനം ഉപേക്ഷിച്ച് കോയമ്പത്തൂരിലെ കരിമ്പുഗവേഷണകേന്ദ്രത്തിൽ ആദ്യ ജനിതകശാസ്ത്രജ്ഞയായി ചേർന്നു. 1939-ൽ ഇന്ത്യവിട്ട ജാനകി ലണ്ടനിലെ ജോൺ ഇൻസ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഗവേഷകയായി ചേർന്നു. 1945-ൽ ജോൺ ഇൻസ് വിട്ട് വൈസ്ലിയിലെ 'റോയൽ ഹോർട്ടിക്കൾച്ചറൽ സൊസൈറ്റി'യിൽ സൈറ്റോളജിസ്റ്റായി. 1951-ൽ ഇന്ത്യയിലേക്ക് മടങ്ങിയ ജാനകി അമ്മാൾ ബി.എസ്.ഐ സ്പെഷ്യൽ ഓഫീസറായി 1954 വരെ പ്രവർത്തിച്ചു. തുടർന്നുളള അഞ്ചു വർഷം അലഹബാദിലെ സെൻട്രൽ ബൊട്ടാണിക്കൽ ലബോറട്ടറി ഡയറക്ടറായിട്ടായിരുന്നു സേവനം. അതിനു ശേഷം കാശ്മീരിലെ റീജണൽ റിസർച്ച് ലബോറട്ടറിയിൽ സ്പെഷ്യൽ ഓഫീസറായി.

പിന്നീട് ഹിമാലയത്തിലെ സസ്യങ്ങളുടെ കോശവിഭജന പഠനത്തിലും ക്രോമസോം പഠനത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച അവർ സസ്യപരിണാമത്തെ സംബന്ധിച്ച പല നിഗമനങ്ങളിലും എത്തിച്ചേർന്നു. ഹിമാലയത്തിലെ സസ്യ ഇനങ്ങളുടെ ഉല്പത്തി, ചൈന, മ്യാൻമർ, മലേഷ്യ എന്നിവിടങ്ങളിലെ സസ്യയിനങ്ങളുടെ സ്വാഭാവിക സങ്കരണം വഴിയായിരിക്കാം സംഭവിച്ചിരിക്കുക എന്ന് അവർ അനുമാനിച്ചു. സസ്യശാസ്ത്രത്തിൽ മാത്രമല്ല ഭൂവിജ്ഞാനീയത്തിലും താല്പര്യമുണ്ടായിരുന്ന അമ്മാൾ ഹിമാലയപർവ്വത നിരകളെക്കുറിച്ചും പഠന പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

1970-ൽ ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ചു. അന്നു മുതൽ മദ്രാസ് സർവ്വകലാശാലയിലെ സെന്റർ ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസ് ഇൻ ബോട്ടണിയില എമറിറ്റസ് സയന്റിസ്റ്റായി സേവനമനുഷ്ഠിച്ചു. 1984 ഫെബ്രുവരി 7-ന് മരണമടയുന്നതുവരെ അവർ ഗവേഷണങ്ങൾ തുടരുകയും ചെയ്തു.

 

 

1977-ൽ പദ്മശ്രീ നൽകി രാഷ്ട്രം ജാനകിയെ ആദരിച്ചു. ഒട്ടേറെ രാജ്യാന്തര ശാസ്ത്രസമിതികളിൽ ഫെലോ ആയിരുന്നു ജാനകി. വർഗീകരണശാസ്ത്രത്തിന്റെ (ടാക്സോണമി) മേഖലയിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിക്കുന്നവർക്കായി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം ഏർപ്പെടുത്തിയ 'പ്രൊഫ. ഇ.കെ. ജാനകി അമ്മാൾ മെമ്മോറിയൽ അവാർഡ്' 1999-ൽ നിലവിൽവന്നു.ജമ്മുവിലെ റീജനൽ റിസർച്ച് ലബോറട്ടറിയിൽ ജാനകി അമ്മാൾ ഹെർബോറിയം എന്ന പേരിൽ ഒരു ബൊട്ടാണിക്കൽ ഗാർഡൻ ഉണ്ട്.

 

ജാനകി അമ്മാള്ളിന്റെ കാലഘട്ടത്തിൽ

താഴ്ന്ന ജാതിയിലുള്ള സ്ത്രീകൾക്ക് പരിമിതികൾ ഏറെ ഉണ്ടായിരുന്നിട്ടും തന്റെ മേഖലയിൽ അതിശയകരമായ പ്രവർത്തനങ്ങൾ നടത്തിയ അവിശ്വസനീയമായ ഒരു സ്ത്രീയായിരുന്നു ഡോ. ജാനകി. ജോലിയിലൂടെ എപ്പോഴും ഓർമ്മിക്കപ്പെടണമെന്ന് ജാനകി വിശ്വസിച്ചു. പുതിയ തലമുറയ്ക്ക് താരതമ്യേന അജ്ഞാതയാണെങ്കിലും ജാനകിയുടെ ജീവിതകാലത്ത് അവർ നൽകിയ സംഭാവനകൾ ഇന്നും അവരുടെ പേര് ഓർമിപ്പിക്കുന്നുവെന്നും ഡോ.എ.എ. മാവോ പറഞ്ഞു.

 

കാസർകോട് ഗവൺമെന്റ് കോളേജ് എം എസ് സ്വാമിനാഥൻ ഹാളിൽ നടന്ന പരിപാടിയിൽ കെ.എസ്.സി.എസ്.ടി.ഇ സെന്റർ ഫോർ എക്സലൻസ് ഇൻ മൈക്രോബയോം ഡയറക്ടർ സ്വാഗതവും

കെ.എസ്.സി.എസ്.ടി.ഇ -സി.ഡബ്ല്യൂ.ആർ.ഡി.എം പ്രിൻസിപ്പൽ സയന്റിസ്റ്റ്‌ ഡോ.ടി.കെ.ദൃശ്യ നന്ദിയും പറഞ്ഞു.

date