Skip to main content

ദേശീയ വിര വിമുക്ത ദിനം  ഫെബ്രുവരി എട്ടിന്

ഫെബ്രുവരി എട്ട് വ്യാഴാഴ്ച്ച ദേശീയ വിരവിമുക്ത ദിനമായി ആചരിക്കുന്നു. ദിനാചരണത്തിന്റെ ഭാഗമായി 1 മുതല്‍ 19 വയസ്സുവരെ പ്രായമുളള എല്ലാ കുട്ടികള്‍ക്കും വിരനശീകരണത്തിനുള്ള ആല്‍ബന്‍ഡസോള്‍ ഗുളികകള്‍ നല്‍കും. മണ്ണില്‍ കൂടി പകരുന്ന വിരകള്‍ ഇന്നും ഒരു പൊതുജനാരോഗ്യ പ്രശ്‌നമായി നിലനില്‍ക്കുന്നു. 65 ശതമാനം കുട്ടികള്‍ക്കും വിരബാധയുള്ളതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. വിളര്‍ച്ച, പോഷക കുറവ്, വിശപ്പില്ലായ്മ, ഛര്‍ദ്ദിയും വയറിളക്കവും, മലത്തില്‍കൂടി രക്തം പോകല്‍ എന്നിവയാണ് വിരബാധമൂലം കുട്ടികളില്‍ ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍. കുട്ടികളുടെ ശരീരത്തില്‍ വിരകളുടെ തോത് വര്‍ദ്ധിക്കും തോറും ശാരീരിക മാനസിക പ്രശ്നങ്ങള്‍ കുട്ടികളിലുണ്ടാകുന്നു. മാത്രമല്ല സ്‌കൂളില്‍ പോകാനാകാതെ പഠനം തടസ്സപ്പെടുന്ന അവസ്ഥയും ഉണ്ടാകുന്നു.

മണ്ണില്‍ കൂടി പകരുന്ന വിരകള്‍ മനുഷ്യന്റെ ആമാശയത്തില്‍ ജീവിച്ചു മനുഷ്യനാവശ്യമുള്ള പോഷകങ്ങളെല്ലാം ആഗിരണം ചെയ്തു വളരുകയും പൊതുസ്ഥലത്തു മല വിസര്‍ജ്ജനം നടത്തുന്നതുവഴി ഇതിന്റെ മുട്ടകള്‍ മണ്ണിലും ജലത്തിലും കലരാന്‍ ഇടവരികയും ചെയ്യുന്നു. പഴങ്ങളും പച്ചക്കറികളും വേണ്ടവിധം വൃത്തിയാക്കാതെ ഉപയോഗിച്ചാലും സുരക്ഷിതമല്ലാത്ത വെള്ളത്തിലൂടെയും കൈകള്‍ ശുചിയാക്കാതെ ഭക്ഷണം കഴിക്കുമ്പോഴും രോഗപ്പകര്‍ച്ച ഉണ്ടാകാം. കുട്ടികള്‍ക്ക് ആറുമാസത്തിലൊരിക്കല്‍ വിരയിളക്കല്‍ നടത്തിയാല്‍ വിരബാധ ഇല്ലാതാക്കുന്നതിനും മറ്റുള്ളവരിലേക്ക് പകരുന്നത് തടയുന്നതിനും കഴിയും. വര്‍ഷത്തില്‍ രണ്ടുപ്രാവശ്യം വിരയിളക്കല്‍ നടത്തണമെന്ന് ലോകാരോഗ്യ സംഘടന അനുശാസിക്കുന്നുമുണ്ട്.

1 മുതല്‍ 19 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് സ്‌കൂളുകളിലും അങ്കണ്‍വാടികളിലും വെച്ചാണ് ആല്‍ബന്‍ഡസോള്‍ ഗുളികകള്‍ വിതരണം ചെയ്യുന്നത്. 1 വയസ്സ് മുതല്‍ 2 വയസ്സുവരെയുള്ള കുട്ടികള്‍ക്കു അര ഗുളികയും 2 മുതല്‍ 3 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് ഒരു ഗുളികയും തിളപ്പിച്ചാറ്റിയ വെള്ളത്തില്‍ അലിയിച്ചു കൊടുക്കണം . 3 മുതല്‍ 19 വരെ പ്രായമുള്ള കുട്ടികള്‍ ഉച്ചഭക്ഷണത്തിനു ശേഷം ഒരു ഗുളിക ചവച്ചരച്ച് കഴിക്കണം അതോടൊപ്പം ഒരു ഗ്ലാസ് ശുദ്ധജലം കുടിക്കുകയും വേണം. കുട്ടികള്‍ ആല്‍ബന്‍ഡസോള്‍ ഗുളികകള്‍ സ്ഥാപനത്തില്‍ നിന്ന് തന്നെ കഴിക്കേണ്ടതാണ്. ഗുളിക കഴിച്ചെന്നു അധ്യാപകരും അങ്കണ്‍വാടിവര്‍ക്കറും ഉറപ്പുവരുത്തേണ്ടതുമാണ്.

ഫെബ്രുവരി എട്ടിന് ദേശീയ വിരവിമുക്ത ദിനാചാരണത്തോടനുബന്ധിച്ച് ജില്ലയിലെ 1 മുതല്‍ 19 വയസ്സുവരെ 360035 കുട്ടികള്‍ക്കാണ് വിര ഗുളിക (ആല്‍ബണ്‍ഡസോള്‍) നല്‍കുന്നത്. അന്നേ ദിവസവും വിര ഗുളിക കഴിക്കാന്‍ സാധിക്കാത്തവര്‍ക്ക് ഫെബ്രുവരി  15ന്  അങ്കണവാടികള്‍ വഴി ഗുളിക  നല്‍കും. ജില്ലാ ഭരണകൂടം, തദ്ദേശസ്വയംഭരണ, വിദ്യാഭ്യാസ, വനിതാ ശിശു വികസന വകുപ്പുകള്‍, ജനപ്രതിനിധികള്‍, സന്നദ്ധസംഘടനകള്‍ എന്നിവരുമായി സംയോജിച്ചാണ് ആരോഗ്യ വകുപ്പ് വിരവിമുക്ത ദിനാചരണപ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നത്.

പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ഫെബ്രുവരി എട്ടിന് കാഞ്ഞങ്ങാട് ദുര്‍ഗ്ഗാ ഹയര്‍ സെക്കണ്ടറി  സ്‌കൂളില്‍ നടക്കും. കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.വി.സുജാത ടീച്ചര്‍ ഉച്ചയ്ക്ക് രണ്ടിന് ഉദ്ഘാടനം നിര്‍വ്വഹിക്കും. സബ്കളക്ടര്‍ സൂഫിയാന്‍ അഹമ്മദ് മുഖ്യാതിഥിയാകും.

date