Skip to main content
ഡബ്ല്യു ആന്‍ഡ് സി ആശുപത്രിയില്‍ കാന്റീനും വാട്ടര്‍ടാങ്കും മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു

ഡബ്ല്യു ആന്‍ഡ് സി ആശുപത്രിയില്‍ കാന്റീനും വാട്ടര്‍ടാങ്കും മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു

ആലപ്പുഴ: സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ പുതുതായി നിര്‍മ്മിച്ച കാന്റീന്‍, വാട്ടര്‍ടാങ്ക് എന്നിവയുടെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി നിര്‍വഹിച്ചു. ചടങ്ങില്‍ എച്ച്. സലാം എം.എല്‍.എ. അധ്യക്ഷനായി. 

ആരോഗ്യക്ഷേമ വകുപ്പ് 2018-2019 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 1.7 കോടി രൂപ ചെലവിലാണ് കോണ്‍ക്രീറ്റ് ജലസംഭരണിയുടെ നിര്‍മ്മാണം. രണ്ടു ലക്ഷം ലിറ്ററാണ് സംഭരണശേഷി. ഉന്നതതല ജലസംഭരണി, പമ്പ് റൂം, സ്റ്റീല്‍ സ്റ്റെയര്‍കെയ്സ്, ബോര്‍വെല്‍, വാട്ടര്‍ ടാങ്കിലേയ്ക്കുള്ള ജലവിതരണ ലൈനുകള്‍, രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമുള്ള കാത്തിരുപ്പ് സ്ഥലം, വൈദ്യുതീകരണ പ്രവൃത്തികള്‍ തുടങ്ങിയവ പദ്ധതിയില്‍ ഉള്‍പ്പടുത്തി. നിലവിലെ നിര്‍മ്മാണ രീതിയില്‍ നിന്നും വ്യത്യസ്തമായി പൊറോതേര്‍മം എച്ച്.പി. ബ്ലോക്ക് ഉപയോഗിച്ച് പരിസ്ഥിതി സൗഹൃദമായാണ് പുതിയ ക്യാന്റിന്‍ കെട്ടിടം നിര്‍മ്മിച്ചത്. താഴത്തെ നിലയില്‍ അടുക്കള, ഭക്ഷണമുറി എന്നിവയാണുള്ളത്. കടലിന്റെ ഭംഗി ആസ്വദിക്കാവുന്ന വിധത്തില്‍ മുകളിലത്തെ നിലയിലും ഭക്ഷണമുറി  ഒരുക്കിയിട്ടുണ്ട്. ആരോഗ്യക്ഷേമ വകുപ്പിന്റെ അസെറ്റ് മെയിന്റനന്‍സ് ഫണ്ടില്‍ ഉള്‍പ്പെടുത്തി 28 ലക്ഷം രൂപ ചെലവിലാണ് നിര്‍മ്മാണം.

ചടങ്ങില്‍ നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ.എസ്. കവിത, നഗരസഭാംഗം പ്രഭാ ശശികുമാര്‍, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി സൂപ്രണ്ട് ഡോ. കെ.കെ. ദീപ്തി, പി.ഡബ്ല്യു.ഡി. അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ദീപ വര്‍ഗീസ്, ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ. ജമുനാ വര്‍ഗീസ്, ഡി.പി.എം. ഡോ. കോശി സി. പണിക്കര്‍, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.എ. ശ്യാമ മോള്‍, ആശുപത്രി വികസന സമിതി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

date