Skip to main content

ചരിത്രനിമിഷം; മൂന്ന് വർഷം പൂർത്തിയാകും മുമ്പേ 100 പാലങ്ങൾ യാഥാർഥ്യമായി

 

 

അഞ്ച് വർഷങ്ങൾ കൊണ്ട് 100 പാലങ്ങൾ നിർമിക്കുക എന്ന വലിയ ലക്ഷ്യത്തോടെയാണ് 2021 മെയ് മാസം ഈ സർക്കാർ അധികാരത്തിൽ വരുന്നത്. എന്നാൽ മൂന്ന് വർഷത്തിന് മുന്നേ തന്നേ ലക്ഷ്യം പൂർത്തിയാക്കി ചരിത്രം കുറിച്ചിരിക്കുകയാണ് സർക്കാർ. പ്രളയത്തിലും കോവിഡിലും  തളരാത്ത മനക്കരുത്തിൻ്റെ മറ്റൊരു ഉദാഹരണമാണ് ചാത്തമംഗലം, പെരുവയൽ ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിച്ച് ചെട്ടിക്കടവിൽ നിർമ്മാണം പൂർത്തിയാക്കിയ നൂറാമത്തെ പാലം. വ്യാഴാഴ്ചയാണ് പാലം ഉദ്ഘാടനം ചെയ്തത്. 

പാലം നിർമാണങ്ങൾക്ക് പുറമെ, വിദേശ രാജ്യങ്ങളിലേത് പോലെ നദികൾക്ക് കുറുകെയുളള പാലങ്ങൾ രാത്രികളിൽ ദീപാലംകൃതമാക്കി ടൂറിസ്റ്റ് കേന്ദ്രമായി മാറ്റുക എന്ന വലിയ ലക്ഷ്യവും ഉണ്ടായിരുന്നു. ഈ ഉദ്ദേശ്യത്തോടെ പൊതുമരാമത്ത്,  വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പ്രവർത്തിച്ചപ്പോൾ സംസ്ഥാനത്തെ ആദ്യത്തെ ദീപാലംകൃത പാലമായി ഫറോക്ക് പഴയ പാലം മാറി.  ഇങ്ങനെ സംസ്ഥാനത്തെ പാലങ്ങളുടെ മുഖച്ഛായ മാറ്റുന്ന വികസ പ്രവർത്തനങ്ങളാണ് നടന്നിട്ടുള്ളത്.

ചെറുപുഴക്ക് കുറുകെ ചെട്ടിക്കടവിൽ വീതി കുറഞ്ഞ ചെറിയ പാലമായിരുന്നു ഉണ്ടായിരുന്നത്. 1997-98 ൽ എം കെ നമ്പ്യാർ മാസ്റ്റർ ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായിരിക്കെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഈ പാലം നിർമ്മിച്ചത്.

32.825 മീറ്റർ നീളത്തിലുള്ള രണ്ട് സ്പാനും, 12.50 മീറ്റർ നീളത്തിലുള്ള 2 ലാൻ്റ് സ്പാനും, 32 മീറ്റർ നീളത്തിലുള്ള സെൻ്റർ സ്പാനും ഉൾപ്പെടെ അഞ്ച് സ്പാനിൽ 123.55 മീറ്റർ നീളത്തിലാണ് പാലം നിർമ്മിച്ചത്. ഇരുവശങ്ങളിലും 1.50 മീറ്റർ വീതിയിൽ നടപ്പാതയും 7.50 മീറ്റർ വീതിയിൽ കാരിയേജ് വേയും ഉൾപ്പെടെ ആകെ 11 മീറ്റർ വീതിയാണ് പാലത്തിന്. പാലത്തിൻ്റെ അടിത്തറ പൈൽ ഫൗണ്ടേഷനാണ്. ചെട്ടിക്കടവ് ഭാഗത്ത് 168 മീറ്ററും, ചാത്തമംഗലം ഭാഗത്ത് 190 മീറ്ററും നീളത്തിൽ അനുബന്ധ റോഡും നിർമ്മിച്ചിട്ടുണ്ട്.

കാലക്രമേണ റോഡുകൾ നവീകരിക്കപ്പെടുകയും വാഹനത്തിരക്ക് വർധിക്കുകയും ചെയ്തു. ഇതോടെ ചെട്ടിക്കടവിൽ വലിയ വാഹനങ്ങൾക്ക് കടന്നുപോകാൻ പറ്റുന്ന പുതിയ പാലമുണ്ടാക്കണമെന്ന ആവശ്യം ശക്തമായി. തുടർന്ന് 2020 നവംബറിൽ പാലം നിർമ്മാണത്തിന് സർക്കാർ 11.16 കോടി രൂപ അനുവദിച്ചതോടെയാണ് നാട്ടുകാരുടെ ഏറെക്കാലമായുള്ള സ്വപ്നത്തിന് ചിറക് മുളക്കുന്നത്.

date