Skip to main content

തെരഞ്ഞെടുപ്പ് ചെലവ്: കരട് നിരക്ക് പട്ടിക ആയി; 12നകം നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കണം

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട വസ്തുക്കളുടെയും ഉപാധികളുടെയും കരട് ചെലവ് നിരക്ക് പട്ടിക തയ്യാറായി. ഇത് സംബന്ധിച്ച ചേര്‍ന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗത്തില്‍ പട്ടികയുടെ കോപ്പി കൈമാറി. നിരക്ക് സംബന്ധിച്ച് ഭേദഗതി നിര്‍ദേശവും മറ്റ് ശുപാര്‍ശകളും ഉണ്ടെങ്കില്‍ മാര്‍ച്ച് 12ന് രാവിലെ 11 മണിക്കകം ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗത്തെ അറിയിക്കണമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ അറിയിച്ചു. സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് ചെലവ് കണക്കാക്കുക ഈ നിരക്കിന്റെ അടിസ്ഥാനത്തിലായിരിക്കും. പ്രചാരണവുമായി ബന്ധപ്പെട്ട 147 ഇനങ്ങളുടെ നിരക്കാണ് കരട് പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. 95 ലക്ഷം രൂപയാണ് ഒരു സ്ഥാനാര്‍ഥിക്ക് ഒരു ലോക്സഭാ മണ്ഡലത്തില്‍ പരമാവധി ചെലവഴിക്കാവുന്ന തുകയെന്ന് ചെലവ് നിരീക്ഷണത്തിന്റെ നോഡല്‍ ഓഫീസര്‍ സീനിയര്‍ ഫിനാന്‍സ് ഓഫീസര്‍ ശിവപ്രകാശന്‍ നായര്‍ പറഞ്ഞു. ജില്ലാ തലത്തില്‍ അംഗീകരിക്കുന്ന നിരക്ക് പട്ടിക അനുസരിച്ചായിരിക്കും ചെലവ് കണക്കാക്കുക എന്നും അദ്ദേഹം അറിയിച്ചു. യോഗത്തില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ഡോ. വി ശിവദാസന്‍ എംപി, പി വി ഗോപിനാഥ്, കെ പി സുധാകരന്‍ (സിപിഐഎം), കെ ബാലകൃഷ്ണന്‍ മാസ്റ്റര്‍ (ഐഎന്‍സി), അഡ്വ. എം പി മുഹമ്മദലി ( ഐയുഎംഎല്‍), ഹാഷിം അരിയില്‍ ( ഐഎന്‍എല്‍), കെ എം സപ്ന ( സിപിഐ), ജോണ്‍സണ്‍ ഡി തോമസ് (ആര്‍എസ്പി), എ ഫൈസല്‍ ( എസ്ഡിപിഐ), സീനിയര്‍ ഫിനാന്‍സ് ഓഫീസര്‍ ശിവപ്രകാശന്‍ നായര്‍, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ബി രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date