Skip to main content

പരിസ്ഥിതി സൗഹൃദ തെരഞ്ഞെടുപ്പ്; കൊടികളും ബാനറുകളും പ്രകൃതിസൗഹൃദമാക്കണം

 

ആലപ്പുഴ: ലോകസഭാ തിരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹൃദമായി നടത്തുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ചു.
സ്ഥാനാര്‍ത്ഥികളും, രാഷ്ട്രീയ പാര്‍ട്ടികളും, തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്ന ബോര്‍ഡുകള്‍, ബാനറുകള്‍,കൊടി തോരണങ്ങള്‍ തുടങ്ങിയവ നിര്‍മ്മിക്കുന്നതിന് പ്ലാസ്റ്റിക്, പി.വി.സി മുതലായ വസ്തുക്കള്‍ ഉപയോഗിക്കുന്നതിന് പകരം പുനഃചംക്രമണം ചെയ്യാവുന്നതും, പരിസ്ഥിതിയ്ക്ക് അനുയോജ്യമായതുമായ പ്രകൃതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിക്കണം. 
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഔദ്യോഗിക പരസ്യങ്ങള്‍, സൂചകങ്ങള്‍, ബോര്‍ഡുകള്‍ തുടങ്ങിയവ പൂര്‍ണ്ണമായും കോട്ടണ്‍, പേപ്പര്‍, പോളിഎത്തിലീന്‍ തുടങ്ങിയ പുനഃചംക്രമണം ചെയ്യാന്‍ കഴിയുന്ന പരിസ്ഥിതി സൗഹാര്‍ദ്ദ വസ്തുക്കള്‍ മാത്രം ഉപയോഗിച്ച് നിര്‍മ്മിക്കുന്നവ മാത്രമേ പ്രചരണ പരിപാടികള്‍ക്ക് ഉപയോഗിക്കുവാന്‍ പാടുള്ളൂ.
പി.വി.സി. പ്ലാസ്റ്റിക് കലര്‍ന്ന കൊറിയന്‍ ക്ലോത്ത്, നൈലോണ്‍, പോളിസ്റ്റര്‍, പോളിസ്റ്റര്‍ കൊണ്ടുള്ള തുണി, ബോര്‍ഡ് തുടങ്ങി പ്ലാസ്റ്റിക്കിന്റെ അംശമോ, പ്ലാസ്റ്റിക്ക് കോട്ടിങ്ങോ ഉള്ള പുനഃചംക്രമണസാധ്യമല്ലാത്ത എല്ലാത്തരം സാമഗ്രികളുടേയും ഉപയോഗം ഒഴിവാക്കണം.
100% കോട്ടണ്‍, പേപ്പര്‍, പോളിഎത്തിലീന്‍ തുടങ്ങിയ പുനഃചംക്രമണ സാധ്യമായ വസ്തുക്കള്‍ ഉപയോഗിച്ച് അച്ചടിക്കുന്ന ബാനറുകളോ, ബോര്‍ഡുകളോ മാത്രമേ പ്രചാരണ പരിപാടികള്‍ക്ക് ഉപയോഗിക്കുവാന്‍ പാടുള്ളൂ. ഈ ബോര്‍ഡുകള്‍ക്ക് താഴെ പ്രിന്റ് ചെയ്ത സ്ഥാപനത്തിന്റെ പേര്, ഫോണ്‍ നമ്പര്‍, പി.സി.ബി നല്‍കിയ രജിസ്‌ട്രേഷന്‍ നമ്പര്‍ അല്ലെങ്കില്‍ ക്യു ആര്‍ കോഡ്, പ്ലാസ്റ്റിക് ഫ്രീ റീസൈക്ലബിള്‍ ലോഗോ എന്നിവ നിര്‍ബന്ധമായും ഉണ്ടായിരിക്കണം. 
നിരോധിത ഉല്‍പ്പന്നങ്ങളുടെ ഉപയോഗം കണ്ടെത്തിയാല്‍ അനുയോജ്യ നിയമ നടപടികള്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ സ്വീകരിക്കും. 
ഇലക്ഷന്‍ ഓഫീസുകള്‍ അലങ്കരിക്കുന്നതിന് പ്രകൃതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിക്കണം.  തെര്‍മോക്കോളിന്റെ ഉപയോഗം പൂര്‍ണ്ണമായും ഒഴിവാക്കണം. പോളിംഗ് ബൂത്തുകള്‍ സജ്ജമാക്കുമ്പോള്‍ നിരോധിത പ്ലാസ്റ്റിക് വസ്തുക്കള്‍ പൂര്‍ണ്ണമായും ഒഴിവാക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പ്രത്യേകം ശ്രദ്ധിക്കണം. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടികളില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ സംബന്ധിച്ച് ബോധവല്‍ക്കരണം നടത്തും. പോളിംഗ് ബൂത്തുകള്‍/വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ എന്നിവയുടെ ക്രമീകരണത്തിനും, ഇലക്ഷന്‍ സാധന സാമഗ്രികളുടെ കൈമാറ്റത്തിനും പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം നിയന്ത്രിക്കണം. പോളിംഗ് ഉദ്യോഗസ്ഥരും, ഏജന്‍്മാരും ഭക്ഷണ പദാര്‍ത്ഥങ്ങള്‍, കുടിവെള്ളം മുതലായവ കൊണ്ടുവരുവാന്‍ പ്ലാസ്റ്റിക് ബോട്ടിലുകളും, കണ്ടെയിനറുകളും പരമാവധി ഒഴിവാക്കണം.
പോളിംഗ് ബൂത്തിന്റെ പരിസരങ്ങളില്‍ ഉപേക്ഷിക്കുന്ന ഫോട്ടോ വോട്ടര്‍ സ്ലിപ്പ് /രാഷ്ട്രീയ പാര്‍ട്ടികള്‍ നല്‍കുന്ന സ്ലിപ്പുകള്‍ ശേഖരിച്ച് കളക്ഷന്‍ സെന്ററുകളില്‍ എത്തിച്ച് സ്‌ക്രാപ്പ് ഡിലേഴ്‌സിനു കൈമാറാനുള്ള നടപടികള്‍ സ്വീകരിക്കും. തിരഞ്ഞെടുപ്പിനു ശേഷം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, ഹരിതകേരള മിഷന്‍, ശുചിത്വ മിഷന്‍, സന്നദ്ധ സംഘടനകള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ തുടങ്ങിയവയുടെ സഹായത്തോടെ ഇലക്ഷന്‍ ക്യാമ്പയിന്‍ മെറ്റീരിയലുകള്‍ നീക്കം ചെയ്ത് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

date