Skip to main content

തിരഞ്ഞെടുപ്പ് ചെലവ് കണക്ക്: സ്ഥാനാര്‍ത്ഥികളുടെ യോഗം ചേര്‍ന്നു

ലോകസഭാ തിരഞ്ഞെടുപ്പില്‍ പൊന്നാനി, മലപ്പുറം മണ്ഡലങ്ങളില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്കും ഏജന്റുമാര്‍ക്കുമായി ചെലവ് കണക്ക് സംബന്ധിച്ച യോഗം ചേര്‍ന്നു. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച പൊതു, ചെലവ് നിരീക്ഷകരുടെ സാന്നിദ്ധ്യത്തില്‍ മലപ്പുറം കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളിലായിരുന്നു യോഗം. മാതൃകാ പെരുമാറ്റ ചട്ടം കൃത്യമായി പാലിക്കണമെന്നും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത് മുതലുള്ള ദൈനംദിന കണക്കുകള്‍ നിശ്ചിത ഫോറത്തില്‍ രേഖപ്പെടുത്തി സൂക്ഷിക്കണമെന്നും നിരീക്ഷകര്‍ യോഗത്തില്‍ നിര്‍ദ്ദേശം നല്‍കി. തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ഇലക്ട്രോണിക്‌ മാധ്യമങ്ങളില്‍ സ്ഥാനാര്‍ഥികളും വ്യക്തികളും നല്‍കുന്ന തിരഞ്ഞെടുപ്പ് പരസ്യങ്ങള്‍ക്ക് ജില്ലാതല മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്റ്  മോണിറ്ററിങ് കമ്മിറ്റിയുടെയും സംസ്ഥാനതലത്തില്‍  രാഷ്ട്രീയപാര്‍ട്ടികളും സംഘടനകളും നല്‍കുന്ന  ദൃശ്യ,  ശ്രവ്യ പരസ്യങ്ങള്‍ക്ക് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിലെ മീഡിയ സര്‍ട്ടിഫിക്കേഷന്‍ കമ്മിറ്റിയുടെയും അംഗീകാരം വാങ്ങണമെന്ന് ജില്ലാ കളക്ടര്‍ യോഗത്തില്‍ അറിയിച്ചു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ത്ഥികള്‍ക്കും രാഷ്ട്രീയപാര്‍ട്ടികള്‍ക്കും വിവിധ അനുമതികള്‍ ലഭ്യമാക്കുന്നതിനായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ സജ്ജമാക്കിയ സുവിധ പോര്‍ട്ടലുമായി ബന്ധപ്പെട്ട പരിശീലനവും യോഗത്തില്‍ നല്‍കി. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാർഥികൾക്കുള്ള സംശയങ്ങൾക്കും യോഗത്തിൽ മറുപടി നൽകി.
തിരഞ്ഞെടുപ്പ് പൊതു നീരീക്ഷകരായ അവദേശ് കുമാർ തിവാരി (മലപ്പുറം),  പുൽകിത് ആർ ആർ ഖരേ (പൊന്നാനി), ചെലവ് നിരീക്ഷകരായ ആദിത്യ സിങ് യാദവ് (മലപ്പുറം), പ്രശാന്ത് കുമാര്‍ സിന്‍ഹ (പൊന്നാനി), ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറും മലപ്പുറം മണ്ഡലം വരണാധികാരിയും ജില്ലാ കളക്ടറുമായ വി.ആര്‍ വിനോദ്, പൊന്നാനി മണ്ഡലം വരണാധികാരിയും അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റുമായ കെ. മണികണ്ഠന്‍, എക്സ്പെന്‍ഡിച്ചര്‍ മോണിട്ടറിങ് നോഡല്‍ ഓഫീസര്‍ പി.ജെ തോമസ്, മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിറ്ററിങ് സെല്‍ നോഡല്‍ ഓഫീസര്‍ കെ. മുഹമ്മദ്, തിരഞ്ഞെടുപ്പ് കമ്പ്യൂട്ടറൈസേഷന്‍ ആന്റ് ഐ.ടി നോഡല്‍ ഓഫീസര്‍ പി. പവനന്‍, വിവിധ സ്ഥാനാര്‍ത്ഥികള്‍, ഏജന്റുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

date