Skip to main content

ലോക്‌സഭ തിരഞ്ഞെടുപ്പ് ജില്ലയിലെ അവശ്യസര്‍വീസ് ആബ്‌സെന്റി വോട്ടര്‍മാര്‍ക്കായി മൂന്നു പോസ്റ്റല്‍ വോട്ടിംഗ് സെന്ററുകള്‍ :ജില്ലാ കലക്ടര്‍

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അവശ്യ സര്‍വീസ് വിഭാഗത്തില്‍പ്പെട്ട ആബ്‌സെന്റി വോട്ടര്‍മാര്‍ക്ക് (എ.വി.ഇ.എസ് ) ഫോം 12 ഡി പ്രകാരം സ്വന്തം നിയോജകമണ്ഡലത്തില്‍ ഇന്ന് (ഏപ്രില്‍ 21) മുതല്‍ 23 വരെ പോസ്റ്റല്‍വോട്ട് ചെയ്യാം. രാവിലെ 9 മുതല്‍ 5 വരെയാണ് സമയം. മൂന്നു പോസ്റ്റല്‍ വോട്ടിംഗ് സെന്ററുകളാണ് (പി.വി.സി) ക്രമീകരിച്ചതെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ എന്‍.ദേവിദാസ് അറിയിച്ചു. ജില്ലയിലും ഇതര ഇടങ്ങളിലും ജോലി ചെയ്യുന്ന അര്‍ഹരായവരുടെ പട്ടിക തയ്യാറാക്കി.

കൊല്ലം ലോക്‌സഭാ മണ്ഡലത്തില്‍ വോട്ടര്‍മാരായിട്ടുള്ള അവശ്യ സര്‍വീസ് വോട്ടര്‍മാര്‍ക്ക് തേവള്ളി സര്‍ക്കാര്‍ മോഡല്‍ ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ (മധ്യഭാഗത്തെ പ്രധാനകെട്ടിടം റൂം നമ്പര്‍ 2) വോട്ട് ചെയ്യാം. ആലപ്പുഴ ലോക്‌സഭാ മണ്ഡലപരിധിയിലുള്ള കരുനാഗപ്പള്ളി അസംബ്ലി സെഗ്മെന്റില്‍ ഉള്ള എ.വി.ഇ.എസ് വോട്ടര്‍മാര്‍ക്ക് കരുനാഗപ്പള്ളി സര്‍ക്കാര്‍ മോഡല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലും മാവേലിക്കര ലോക്‌സഭാ മണ്ഡലപരിധിയിലെ കുന്നത്തൂര്‍, കൊട്ടാരക്കര, പത്തനാപുരം അസംബ്ലി സെഗ്മെന്റ് വോട്ടര്‍മാര്‍ക്കായി കൊട്ടാരക്കര സര്‍ക്കാര്‍ ബോയ്‌സ് ഹയര്‍സെക്കന്ററി സ്‌കൂള്‍ പരിസരത്തുള്ള പ്രീ പ്രൈമറി സ്‌കൂളിലും വോട്ടിംഗ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും .

പോസ്റ്റല്‍ വോട്ടിംഗ് സെന്ററുകളുടെ സുഗമമായ പ്രവര്‍ത്തനത്തിന് സഹായകേന്ദ്രങ്ങള്‍, പോളിങ് സ്റ്റേഷനുകള്‍ എന്നിവ ക്രമീകരിച്ചിട്ടുണ്ട്. വോട്ടിംഗ് ആരംഭിക്കുന്നതിനു മുന്‍പ് ബാലറ്റ് പെട്ടി തുറന്ന് ശൂന്യമാണെന്ന് രാഷ്ട്രീയ പാര്‍ട്ടി, സ്ഥാനാര്‍ഥി, പ്രതിനിധികളെ ബോധ്യപ്പെടുത്തും. വോട്ട് ചെയ്ത ബാലറ്റ് പേപ്പര്‍ അടങ്ങിയ കവര്‍ സീല്‍ ചെയ്ത ബാലറ്റ് പെട്ടിയില്‍ വോട്ടര്‍മാര്‍ നിക്ഷേപിക്കണം. വോട്ടര്‍ ഫോം 13 എ സാക്ഷ്യപ്പെടുത്തി നല്‍കണം.

വോട്ടിംഗ് അവസാനിച്ച ശേഷം രാഷ്ട്രീയ പാര്‍ട്ടികള്‍, സ്ഥാനാര്‍ത്ഥികള്‍, പ്രതിനിധികള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ അനെക്‌സ്ച്ചര്‍ 13 റിപ്പോര്‍ട്ട് സഹിതം ആബ്‌സെന്റി വോട്ടേഴ്സ് നോഡല്‍ ഓഫീസര്‍ക്ക് കൈമാറും. വോട്ട് രേഖപ്പെടുത്തി ലഭിക്കുന്ന ബാലറ്റുകള്‍ അതത് ദിവസം തന്നെ ബന്ധപ്പെട്ട വരണാധികാരിക്ക് കൈമാറും. വോട്ടിംഗ് തീയതി, സമയക്രമം, സ്ഥലം എന്നിവ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളെ രേഖാമൂലം അറിയിക്കും. രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, സ്ഥാനാര്‍ത്ഥികള്‍ എന്നിവര്‍ക്ക് വോട്ടിംഗ് വീക്ഷിക്കാം. വോട്ടിങ്ങിന്റെ രഹസ്യ സ്വഭാവവും സൂക്ഷിച്ചുകൊണ്ട് നടപടിക്രമങ്ങള്‍ ചിത്രീകരിച്ച് സൂക്ഷിക്കും. ചുമതല നിര്‍വഹണത്തില്‍ വീഴ്ചകള്‍ക്കെതിരെ ജനപ്രാതിനിത്യ നിയമപ്രകാരം നടപടി സ്വീകരിക്കും എന്നും അറിയിച്ചു. അവശ്യസര്‍വീസ് ഉദ്യോഗസ്ഥരുടെ പോസ്റ്റല്‍ വോട്ടിംഗ് ഉപവരണാധികാരിയായി എല്‍.എസ്.ജി.ഡി അസിസ്റ്റന്റ് ഡയറക്ടര്‍ കെ. അനുവിനെ നിയോഗിച്ചു- ഫോണ്‍: 9746914328.

date