Skip to main content

ആറളത്തെ കാട്ടാനശല്യം: സുരക്ഷക്ക് ആര്‍ ആര്‍ ടിയും പട്രോളിങ്ങ് സംഘവും സജ്ജം

കാട്ടാനശല്യത്തില്‍ നിന്നും ആറളം ഫാമിലെ ജനങ്ങളെ സംരക്ഷിക്കാന്‍ കര്‍ശന സുരക്ഷ നിലവിലുള്ളതായി ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ അറിയിച്ചു. ആര്‍ ആര്‍ ടി, രാത്രികാല പട്രോളിങ്ങിനുള്ള പ്രത്യേക ടീം എന്നിവ ജാഗ്രതയോടെ രംഗത്തുണ്ട്. ശാശ്വത പരിഹാരത്തിനായി 10.5 കിലോമീറ്റര്‍ നീളത്തില്‍ വന്യജീവി സങ്കേത അതിര്‍ത്തിയില്‍ ടി ആര്‍ ഡി എം മുഖേന നിര്‍മ്മിക്കുന്ന ആനമതിലിന്റെ പ്രവൃത്തി പുരോഗമിക്കുകയാണ്.
വന്യജീവി സങ്കേതത്തില്‍ നിന്ന് ആറളം ഫാമിലേക്കും ടി ആര്‍ ഡി എം മേഖലയിലേക്കും ഇറങ്ങുന്ന കാട്ടാനകളെ കാട്ടിലേക്ക് തുരത്താന്‍ കണ്ണൂര്‍ ഫോറസ്റ്റ് ഡിവിഷന് കീഴില്‍ കണ്ണൂര്‍ ആര്‍ ആര്‍ ടി 13-ാം ബ്ലോക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നുണ്ട്. കൊട്ടിയൂര്‍ റെയ്ഞ്ച്, ആറളം വൈല്‍ഡ് ലൈഫ് റെയ്ഞ്ച് എന്നിവിടങ്ങളില്‍ നിന്ന് രാത്രികാല പട്രോളിങ്ങിനായി പ്രത്യേക ടീമിനെയും നിയോഗിച്ചിട്ടുണ്ട്. രാത്രികാലങ്ങളില്‍ ആശുപത്രികളില്‍ പോകുന്നവര്‍ക്കും മറ്റ് ആവശ്യങ്ങള്‍ക്കായി പോകുന്നവര്‍ക്കും സുരക്ഷ ഒരുക്കുന്നുണ്ട്. ആര്‍ ആര്‍ ടി പബ്ളിക് ഇന്‍ഫര്‍മേഷന്‍' എന്ന പേരില്‍ ആര്‍ ആര്‍ ടി കൊട്ടിയൂര്‍/വൈല്‍ഡ് ലൈഫ് റെയ്ഞ്ച് സ്റ്റാഫ്, പുനരധിവാസ മേഖലയിലെ പ്രൊമോട്ടേര്‍മാര്‍, വാര്‍ഡ് മെമ്പര്‍, മറ്റ് ജനപ്രതിനിധികള്‍, സന്നദ്ധ സംഘടനകള്‍, ടി ആര്‍ ഡി എം സൈറ്റ് മാനജര്‍, ഫാം സെക്യൂരിറ്റി ഓഫീസേര്‍സ് തുടങ്ങിയവരെ ഉള്‍പ്പെടുത്തി വാട്‌സ് ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചിട്ടുണ്ട്. പുനരധിവാസ മേഖലയിലും ഫാമിലും ആനകള്‍ ഇറങ്ങിയാല്‍ ഈ ഗ്രൂപ്പ് മുഖേന വിവരം ബന്ധപ്പെട്ട ജീവനക്കാരന് ലഭിക്കും. തുടര്‍ന്ന് രാത്രിയും പകലും ആനയെ തുരത്തി ജനങ്ങള്‍ക്കുള്ള ഭീഷണി ഒഴിവാക്കുന്നുണ്ട്.
ഇതുമായി ബന്ധപ്പെട്ട് മാര്‍ച്ച് ആദ്യവാരത്തില്‍ സബ് കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗ തീരുമാന പ്രകാരം കണ്ണൂര്‍ വനം ഡിവിഷന്‍ വന്യജീവി സങ്കേതത്തിന് കുറുകെ ആറ് കിലോമീറ്റര്‍ ദൂരത്തില്‍ താല്‍കാലിക ഫെന്‍സിംഗ് നിര്‍മ്മിച്ചിരുന്നു. ഇതിനൊപ്പം പുനരധിവാസ മേഖലയിലും ഫാമിലുമെത്തുന്ന കാട്ടാനകളെ പ്രത്യേക സംഘത്തെ രൂപീകരിച്ച് ഒരാഴ്ചയോളം സ്ഥിരമായി കാട്ടിലേക്ക് തുരത്തിയിരുന്നു. പഴയ ആനമതില്‍ പൊളിച്ച് രാത്രികാലങ്ങളില്‍ ഇറങ്ങുന്ന ആനകള്‍ കാടിന് സമാനമായി കിടക്കുന്ന ഏക്കറ് കണക്കിന് ഫാമിനകത്തെയും പുനരധിവാസ മേഖലയിലെ താമസമില്ലാത്ത സ്ഥലത്തും നിലയുറപ്പിക്കുന്നുണ്ട്. ഈ ആനകളെ കണ്ടെത്തി ആര്‍ ആര്‍ ടിയുടെ നേതൃത്വത്തില്‍ കാട്ടിലേക്ക് തുരത്താറുണ്ട്. ആനമതില്‍ പൂര്‍ത്തിയായാല്‍ ഫാമിലെയും പുനരധിവാസ മേഖലയിലെയും ആന ശല്യത്തിന് ശാശ്വത പരിഹാരമാവുമെന്നും ആതുവരെ മേഖലയില്‍ ആര്‍ ആര്‍ ടിയുടെ സേവനം രാവും പകലും ലഭ്യമായിരിക്കുമെന്നും ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ അറിയിച്ചു. പ്രത്യേക പട്രോളിങ്ങ് ടീമിനെ 8547602678, 8547602635, 8547603440, 8547602641, 8547602644, 8547602647  എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം

date