Skip to main content

കടലോര വിനോദസഞ്ചാരത്തിന് താല്‍ക്കാലിക വിലക്ക്

കള്ളക്കടല്‍ പ്രതിഭാസം:

കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം  റെഡ്  അലര്‍ട്ട്  പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ ജില്ലയിലെ തീരപ്രദേശങ്ങളിലുള്ള വിനോദസഞ്ചാരകേന്ദ്രങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിരോധിക്കാന്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശം നല്‍കി. നിലവില്‍  മുഴപ്പിലങ്ങാട് ഫ്‌ളോട്ടിങ് ബ്രിഡ്ജ്  അഴിച്ചു മാറ്റിയിട്ടുണ്ട്. ഡി ടി പി സിയുടെ നേതൃത്വത്തില്‍ മുഴപ്പിലങ്ങാട് ഡ്രൈവ് ഇന്‍ ബീച്ചിലേക്ക് ഉള്ള വാഹനങ്ങളുടെ പ്രവേശനവും താല്‍ക്കാലികമായി  നിര്‍ത്തിവച്ചു.
തീരദേശ പ്രദേശങ്ങളില്‍ ജാഗ്രത പുലര്‍ത്തണം.  മൂന്ന് ദിവസത്തേക്ക് വിനോദസഞ്ചാര കേന്ദ്രങ്ങളായ കടലോര മേഖലകളിലേക്ക് വിനോദസഞ്ചാരം അനുവദിക്കില്ലെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
കടലാക്രമണ ബാധിത പ്രദേശങ്ങളില്‍ ആവശ്യമെങ്കില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിക്കുന്നതിനായി നേരത്തെ തന്നെ തയ്യാറാക്കിയിട്ടുള്ള സ്ഥാപനങ്ങളുടെയോ സ്‌കൂളുകളുടെയോ അടിസ്ഥാന സൗകര്യങ്ങള്‍ സജ്ജമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. തഹസില്‍ദാര്‍മാര്‍ക്കും ക്യാമ്പുമായി ബന്ധപ്പെട്ട വകുപ്പ് മേധാവികള്‍ക്കും ഇതു സംബന്ധിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി  നിര്‍ദ്ദേശം നല്‍കി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍, തീരദേശ പോലീസ് സ്റ്റേഷനുകള്‍, ഫയര്‍ സ്റ്റേഷനുകള്‍ എന്നിവിടങ്ങളിലേക്കും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.

date