Skip to main content

2019-20 വാര്‍ഷിക പദ്ധതിരേഖ 31നകം സമര്‍പ്പിക്കണം

 

 2019-20 വര്‍ഷത്തെ പദ്ധതിരേഖ സമര്‍പ്പിക്കാന്‍ ബാക്കിയുള്ള തദ്ദേശ ഭരണസ്ഥാപനങ്ങള്‍ ഡിസംബര്‍ 31ന് മുമ്പ്  പദ്ധതിരേഖ സമര്‍പ്പിക്കണമെന്ന് ജില്ലാ ആസൂത്രണ സമിതി  ആവശ്യപ്പെട്ടു. ജില്ലയിലെ തദ്ദേശ ഭരണസ്ഥാപനങ്ങളുടെ 2018-19 വാര്‍ഷിക പദ്ധതികളിലെ ഭേദഗതികള്‍ക്കും സംയോജിത പദ്ധതികള്‍ക്കും അംഗീകാരം നല്‍കാന്‍ ജില്ലാ ആസൂത്രണഭവന്‍ എപിജെ ഹാളില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ജില്ലയിലെ 28 തദ്ദേശ ഭരണസ്ഥാപനങ്ങളിലെ 2018-19 വാര്‍ഷിക പദ്ധതിയില്‍ 175 പദ്ധതികള്‍ ഒഴിവാക്കുകയും 432 പദ്ധതികള്‍ ഭേദഗതി ചെയ്യുകയും ചെയ്തിട്ടുണ്ട്. പുതുതായി 259 പദ്ധതികളും തദ്ദേശ ഭരണസ്ഥാപനങ്ങള്‍ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഭേദഗതി വരുത്തിയ പദ്ധതികള്‍ സ്പില്‍ ഓവാറാക്കാതെ പൂര്‍ത്തീകരിക്കാനും സമിതി നിര്‍ദേശം നല്‍കി. ഗുണനിലവാരമുള്ള വാര്‍ഷിക പദ്ധതികള്‍ തയാറാക്കാന്‍ അനുബന്ധ സൗകര്യങ്ങള്‍ ഒരുക്കിതരണമെന്ന് ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു. ജില്ലാ പഞ്ചായത്ത് സ്പില്‍ ഓവര്‍ പദ്ധതിയായ എരനല്ലൂര്‍ കുളം നവീകരണ പ്രവൃത്തി സാങ്കേതിക തടസ്സങ്ങള്‍ പരിഹരിച്ച് ഈ വര്‍ഷം തന്നെ തുടങ്ങാനും സമിതി നിര്‍ദേശം നല്‍കി. മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട പദ്ധതികള്‍ ഒഴിവാക്കുമ്പോള്‍ ബദല്‍പദ്ധതികള്‍ ഉള്‍പ്പെടുത്താന്‍ തദ്ദേശ ഭരണസ്ഥാപനങ്ങളോട് സമിതി ആവശ്യപ്പെട്ടു. ജില്ലാപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഗ്രാമപഞ്ചായത്തുകളില്‍ നടപ്പാക്കുന്ന സംയോജിത പദ്ധതികളുടെ വിഹിതം ജില്ലാ ആസൂത്രണ സമിതിയെ അറിയിക്കാനും നിര്‍ദേശം നല്‍കി. പദ്ധതി വിഹിതം ഉപയോഗിക്കാതെ പോകുന്ന സാഹചര്യം ഒഴിവാക്കാനാണ് തീരുമാനം.

 

    നിലവില്‍ പദ്ധതിവിനിയോഗത്തില്‍ സംസ്ഥാനതലത്തില്‍ ജില്ല രണ്ടാംസ്ഥാനത്തും ജില്ലാ പഞ്ചായത്ത് ഒന്നാംസ്ഥാനത്തുമാണ്. ഗ്രാമപഞ്ചായത്തുകള്‍ 49.04 ശതമാനവും ബ്ലോക്കുപഞ്ചായത്തുകള്‍ 48.47 ശതമാനവും നഗസരഭകള്‍ 50.07 ശതമാനവും പദ്ധതിവിനിയോഗം പൂര്‍ത്തീകരിച്ചു.  ജില്ലാ പഞ്ചായത്തിന്റെ പദ്ധതിവിനിയോഗം 64.15 ശതമാനമാണ്. 2018-19 വാര്‍ഷിക പദ്ധതി വിനിയോഗത്തില്‍ സംസ്ഥാനതലത്തില്‍ ജില്ല ഇതുവരെ 51.59 ശതമാനമാനം വിനിയോഗിച്ചു.  യോഗത്തില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.ബി. നസീമ, ജില്ലാ കളക്ടര്‍ എ.ആര്‍. അജയകുമാര്‍, ജില്ലാ പ്ലാനിങ് ഓഫീസര്‍ കെ.എം. സുരേഷ്, ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ജനപ്രതിനിധികള്‍, പഞ്ചായത്ത് സെക്രട്ടറിമാര്‍, വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

 

date