Skip to main content

നവീകരിച്ച വിജിലന്‍സ് സ്യൂട്ടിന്റേയും വെബ്‌സൈറ്റിന്റേയും ഉദ്ഘാടനം

vigilanceവിജിലന്‍സിന്റെ എല്ലാ യൂണിറ്റുകളേയും റേഞ്ച് ഓഫീസുകളേയും സ്‌പെഷ്യല്‍ സെല്ലുകളേയും എല്‍.എ., എ.എല്‍.എ ഓഫീസുകളേയും ഡയറക്ടറേറ്റുമായി ബന്ധിപ്പിക്കുന്നതിനായി തയ്യാറാക്കിയ കേരള വിജിലന്‍സിന്റെ നവീകരിച്ച സോഫ്റ്റ് വെയറായ വിജിലന്‍സ് സ്യൂട്ടിന്റെയും വെബ്‌സൈറ്റിന്റെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു.

 അന്വേഷണങ്ങളുടേയും കേസുകളുടേയും തല്‍സ്ഥിതി എളുപ്പത്തില്‍ മേലുദ്യോഗസ്ഥര്‍ക്ക് മനസ്സിലാക്കാനും, യഥാസമയം ഉചിതമായ നിര്‍ദ്ദേശങ്ങള്‍ അന്വേഷണോദ്യോഗസ്ഥര്‍ക്ക് നല്‍കാനും വിവരങ്ങള്‍ പ്രത്യേകം ഡാറ്റാബേസ്സില്‍ സൂക്ഷിക്കുവാനും പൊതുജനസേവനം കൂടുതല്‍ കാര്യക്ഷമമാക്കുവാനും സഹായിക്കുന്നതാണ് വിജിലന്‍സ് സ്യൂട്ട് .  

വിജിലന്‍സ് കേസുകളില്‍ ഫസ്റ്റ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ടു മുതല്‍ ചാര്‍ജ്ജ് ഷീറ്റ് വരെയുള്ള വിവരങ്ങളും തുടര്‍ന്ന് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷമുള്ള നടക്കുന്ന കോടതി നടപടികളും ഇതില്‍ നിന്നും മനസ്സിലാക്കാനാവും. വിജിലന്‍സിന്റെ ലീഗല്‍ വിംഗിനെ ഉള്‍പ്പെടുത്തിയാണ് നവീകരിച്ച സ്യൂട്ട് തയ്യാറാക്കിയത്.

വിജിലന്‍സിന്റെ വിവിധ സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് വേഗപ്പത്തില്‍ മനസ്സിലാക്കാന്‍ സഹായിക്കുന്ന വിധത്തിലാണ് നവീകരിച്ച വെബ്‌സൈറ്റ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. പൊതുജനങ്ങള്‍ക്ക് വെബ്‌സൈറ്റ് മുഖേന പരാതികള്‍ നല്‍കുന്നതിനുള്ള സംവിധാനം സുതാര്യമാക്കിയിട്ടുണ്ട്.  വിജിലന്‍സ് സ്യൂട്ട് സി-ഡിറ്റും, വെബ്‌സൈറ്റ് എസ്.സി.ആര്‍.ബിയുമാണ് രൂപകല്‍പ്പന ചെയ്തത്.

സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി വി.എസ്. സെന്തില്‍, വിജിലന്‍സ് എഡിജിപി ഷേക് ദര്‍വേഷ് സാഹിബ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
                                    

പി.എന്‍.എക്‌സ്.4673/17
 

date