Skip to main content

 'ഡോക്‌സി ഡേ' യ്ക്ക് ജില്ലയില്‍ തുടക്കമായി

പ്രളയാനന്തര പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എലിപ്പനിയെ തടയുക എന്ന ലക്ഷ്യത്തോടെ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ശനിയാഴ്ചകളില്‍ ആചരിക്കുന്ന ഡോക്‌സിഡേ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ജില്ലാതല ഉദ്ഘാടനം മാനന്തവാടി മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍ മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ശോഭ രാജന്‍ ജില്ലാ ആശുപത്രി എച്ച്.എം.സി മെമ്പര്‍ ഏചോം ഗോപിക്ക് ഡോക്‌സിസൈക്ലിന്‍ ഗുളിക നല്‍കി നിര്‍വ്വഹിച്ചു.  പ്രളയ കാലത്ത് മലിനജല സമ്പര്‍ക്ക സാധ്യത കൂടുതലായതിനാല്‍ എലിപ്പനി പിടികൂടാന്‍ സാധ്യത കൂടുതലാണ്. പ്രതിരോധ ഗുളിക കഴിച്ച് എലിപ്പനി പൂര്‍ണമായും തടയാന്‍ സാധിക്കും. 12 വയസ്സിനു മുകളില്‍ പ്രായമുള്ള എല്ലാവരും എലിപ്പനി പ്രതിരോധ ഗുളിക ഡോക്‌സിസൈക്ലിന്‍ 100 എം.ജി.. യുടെ രണ്ടെണ്ണം ആഴ്ചയിലൊരിക്കല്‍ കഴിക്കണം. 12 വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികള്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍ എന്നിവര്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശപ്രകാരം പ്രതിരോധ ഗുളിക കഴിച്ച് എലിപ്പനിയെ തടയണമെന്ന് ജില്ലാ ആശുപത്രി പി.പി. യൂണിറ്റ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ദിവ്യ പറഞ്ഞു. ജില്ലാ മെഡിക്കല്‍ ഓഫീസിലെ പ്രോഗ്രാം ഓഫീസര്‍മാര്‍, ആരോഗ്യപ്രവര്‍ത്തകര്‍, ജില്ലാആശുപത്രി പി.പി. യൂണിറ്റിലെ ആരോഗ്യ പ്രവര്‍ത്തകര്‍, ആശാ പ്രവര്‍ത്തകര്‍, പൊതുപ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ചടങ്ങില്‍ പങ്കെടുത്തവര്‍ക്ക് ഡോക്‌സി സൈക്കിള്‍ ഗുളിക വിതരണം ചെയ്തു. ജില്ലാ മാസ് മീഡിയ ഓഫീസര്‍ കെ.ഇബ്രാഹിം ടെക്‌നിക്കല്‍ അസിസ്റ്റന്റ് സി.സി ബാലന്‍ എന്നിവര്‍ സംസാരിച്ചു.

      പൊഴുതന സ്വദേശിയായ യുവാവ് മരിക്കാനിടയായത് എലിപ്പനി മൂലമാണെന്ന് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്ന് വീടുകളിലേക്ക് മടങ്ങിയവരും ക്യാമ്പുകളില്‍ തുടരുന്നവരും പ്രളയാനന്തര രക്ഷാ ശുചീകരണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരും ഡോക്‌സിസൈക്ലിന്‍ 100ാഴ രണ്ടെണ്ണം ആഴ്ചയിലൊരിക്കല്‍ നിര്‍ബന്ധമായും കഴിക്കേണ്ടതാണെന്ന്  ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 

date