Skip to main content

അഞ്ചു നിയമസഭാ മണ്ഡലങ്ങളിൽ തിങ്കളാഴ്ച (21) ഉപതിരഞ്ഞെടുപ്പ്

* അഞ്ചു മണ്ഡലങ്ങളിലുമായി 9,57,509 വോട്ടർമാർ, 896 പോളിംഗ് ബൂത്തുകൾ
സംസ്ഥാനത്തെ മഞ്ചേശ്വരം, എറണാകുളം, അരൂർ, കോന്നി, വട്ടിയൂർക്കാവ് നിയമസഭാ മണ്ഡലങ്ങളിൽ തിങ്കളാഴ്ച (21) ഉപതിരഞ്ഞെടുപ്പ്. രാവിലെ ഏഴുമുതൽ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ് സമയം.
അഞ്ചു മണ്ഡലങ്ങളിലുമായി 9,57,509 വോട്ടർമാരുണ്ട്. ആകെ 896 പോളിംഗ് സ്റ്റേഷനുകളാണ് അഞ്ചു മണ്ഡലങ്ങളിലുമായി ഉള്ളത്. ആകെ 5225 പോളിംഗ് ഉദ്യോഗസ്ഥരെ തിരഞ്ഞെടുപ്പ് ജോലികൾക്ക് നിയോഗിച്ചിട്ടുണ്ട്.
മഞ്ചേശ്വരം മണ്ഡലത്തിൽ ആകെ 2,14,779 വോട്ടർമാരുണ്ട്. ഇതിൽ 1,07,851 പേർ പുരുഷൻമാരും 1,06,928 സ്ത്രീകളുമാണ്.
എറണാകുളം മണ്ഡലത്തിൽ 76,184 പുരുഷൻമാരും 79,119 സ്്ത്രീകളും മൂന്ന് ട്രാൻസ്ജെൻഡറുകളും ഉൾപ്പെടെ 1,55,306 വോട്ടർമാരുണ്ട്.
അരൂർ മണ്ഡലത്തിൽ 94,153 പുരുഷൻമാരും 97,745 സ്ത്രീകളും ഉൾപ്പെടെ 1,91,898 വോട്ടർമാരുണ്ട്.
കോന്നി മണ്ഡലത്തിൽ ആകെ 1,97,956 വോട്ടർമാരുണ്ട്. ഇതിൽ 93,533 പേർ പുരുഷൻമാരും 1,04,422 പേർ സ്ത്രീകളും ഒരാൾ ട്രാൻസ്ജെൻഡറുമാണ്.  
വട്ടിയൂർക്കാവിൽ 94,326 പുരുഷൻമാരും 1,03,241 സ്ത്രീകളും മൂന്നു ട്രാൻസ്ജെൻഡർമാരുമടക്കം 1,97,570 വോട്ടർമാരുണ്ട്.
ഇത്തവണ അഞ്ചു മണ്ഡലങ്ങളിലുമായി 12,780 വോട്ടർമാർ ലോക്സഭാ തിരഞ്ഞെടുപ്പിനേക്കാൾ വർധിച്ചിട്ടുണ്ട്.
മഞ്ചേശ്വരത്ത് 198 പോളിംഗ് സ്റ്റേഷനുകളുണ്ട്. എറണാകുളത്ത് 135 ഉം, അരൂർ 183 ഉം, കോന്നിയിൽ 212 ഉം, വട്ടിയൂർക്കാവിൽ 168 ഉം പോളിംഗ് സ്റ്റേഷനുകളുമാണുള്ളത്.
എല്ലാ മണ്ഡലങ്ങളിലും പൊതു നിരീക്ഷകരെയും ചെലവ് നിരീക്ഷകരെയും തിരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ചിട്ടുണ്ട്. മഞ്ചേശ്വരത്ത് സുഷമ ഗോഡ്ബോലെ, എറണാകുളത്ത് മാധവി കതാരിയ, അരൂരിൽ ഡോ: അരുന്ധതി ചന്ദ്രശേഖർ, കോന്നിയിൽ ഡോ. പ്രസാദ് എൻ.വി, വട്ടിയൂർക്കാവിൽ ഗൗതം സിംഗ് എന്നിവരാണ് പൊതു നിരീക്ഷകർ.
മഞ്ചേശ്വരത്ത് കമൽജീത്ത് കെ. കമൽ, എറണാകുളത്ത് ഗോവിന്ദരാജ് എ, അരൂരിൽ മൈമും ആലം, കോന്നിയിൽ കെ. അരവിന്ദ്, വട്ടിയൂർക്കാവിൽ മൻസറുൾ ഹസൻ എന്നിവരാണ് ചെലവ് നിരീക്ഷകർ.
മഞ്ചേശ്വരത്ത് 63 ഉം, അരൂരിൽ ആറും, കോന്നിയിൽ 48 ഉം, വട്ടിയൂർക്കാവിൽ 13 ഉം ഉൾപ്പെടെ ആകെ 130 മൈക്രോ ഒബ്സർവർമാർമാരെ നിയോഗിച്ചിട്ടുണ്ട്. എറണാകുളം മണ്ഡലത്തിൽ മൈക്രോ ഒബ്സർവർമാർ ഇല്ല.
മഞ്ചേശ്വരത്ത് 19 ഉം, എറണാകുളത്തും അരൂരും വട്ടിയൂർക്കാവിലും 14 വീതവും, കോന്നിയിൽ 25 ഉം സെക്ടറൽ ഓഫീസർമാരെ നിയോഗിച്ചിട്ടുണ്ട്.
അഞ്ചു മണ്ഡലങ്ങളിലെയും വോട്ടെണ്ണൽ 24ന് നടക്കും.
പി.എൻ.എക്‌സ്.3722/19

date