Skip to main content
kollam2

സ്‌നേഹം കുറിച്ച് കലക്ടര്‍; പ്രിയവാക്കുകള്‍ക്കായി ഒരു ദിനം

കലക്‌ട്രേറ്റിന് മുന്നില്‍ സജ്ജീകരിച്ച ക്യാന്‍വാസില്‍ ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍ വടിവൊത്ത മലയാളത്തില്‍ എഴുതി - സ്‌നേഹം. തുടര്‍ന്ന് ജീവനക്കാരുടെ ഊഴമായിരുന്നു. കുടുംബം, അച്ഛന്‍, അമ്മ, മകന്‍, സത്യം, ദയ എന്നിങ്ങനെ വാക്കുകള്‍ ഒഴുകി.  ഔദ്യോഗികഭാഷാ വാരാചരണത്തിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് സംഘടിപ്പിച്ച    പ്രിയമുള്ള വാക്ക് പരിപാടിയാണ് വാക്കുകളുടെ ഉത്സവമായി മാറിയത്.

വിവിധ ആവശ്യങ്ങള്‍ക്കായി കലക്‌ട്രേറ്റില്‍ എത്തിയ പൊതുജനങ്ങളും പോലീസ് ഉദേ്യാഗസ്ഥരുമൊക്കെ ഇഷ്ടവാക്കുമായി ഒത്തുചേര്‍ന്നു. എഴുത്തിന്റെ ആവേശത്തില്‍ അഞ്ചു വയസുകാരി ഊര്‍മ്മിളയും പേനയേന്തി. ശമ്പളവും അവധിയുമൊക്കെ ചിലര്‍ക്ക് പ്രിയ വാക്കുകളായപ്പോള്‍ ഒരാള്‍ കുറിച്ചത് മരണമെന്നായിരുന്നു.

ആത്മാര്‍ത്ഥത എഴുതിത്തെളിയിക്കാന്‍ ശ്രമിച്ചവരുമുണ്ടായിരുന്നു. ധൃഷ്ടദുമ്‌നന്‍, ഘടോല്‍കചന്‍, ധൃതാരാഷ്ട്രാലിംഗനം തുടങ്ങിയ വാക്കുകള്‍ എഴുതി ഫലിപ്പിക്കാന്‍ പലരും പാടുപെട്ടത് ചിരിപടര്‍ത്തി. എഴുത്തില്‍ ഭാര്യയെ ഓര്‍ത്തവരും കാമുകി എന്ന് എഴുതിയവരുമുണ്ടായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ പേരും പ്രിയ വാക്കായി കാന്‍വാസില്‍ ഇടംപിടിച്ചു. മഴവില്ല്, സംഗീതം, പ്രകാശം, സമാധാനം, കഥകളി, പ്രകൃതി, ശുചിത്വം, ഒരുമ, വിനയം, ഇഷ്ടം, ന•, ദാനം, ലാളിത്യം ഇങ്ങനെ പോയി വാക്കുകളുടെ നിര.

ഭരണം ജനങ്ങള്‍ക്ക് പരമാവധി പ്രയോജനകരമാക്കാന്‍ ജീവനക്കാര്‍ മലയാള ഭാഷയ്ക്ക് പ്രാധാന്യം നല്‍കണമെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍ പറഞ്ഞു.

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. അജോയ്, എ.ഡി.സി ജനറല്‍ വി. സുദേശന്‍, സ്റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി ജി. രാജു തുടങ്ങിയവരാണ് നേതൃത്വം നല്‍കിയത്. ഔദ്യോഗിക ഭാഷാ വാരാചരണത്തിന്റെ ഭാഗമായി കലക്‌ട്രേറ്റിലെ ജീവനക്കാരെ പങ്കെടുപ്പിച്ച് സ്റ്റാഫ് കൗണ്‍സിലിന്റെ സഹകരണത്തോടെ മലയാള സാഹിത്യം, ഭാഷ എന്നിവയെ അധികരിച്ച് കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ക്വിസ് മത്സരവും നടന്നു. വൈദ്യുതി ബോര്‍ഡ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ തോമസ് അലക്‌സാണ്ടര്‍ നേതൃത്വം നല്‍കി. 

(പി.ആര്‍.കെ.നമ്പര്‍  2519/17)

date