Skip to main content

പൈറേറ്റഡ് സോഫ്റ്റ് വേറുകളുപയോഗിച്ച് പുകപരിശോധന നടത്തുന്ന സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കും

 

 

കൊച്ചി: പൈറേറ്റഡ് സോഫ്റ്റ് വേറുകളുടെ സഹായത്തോടെ പുകപരിശോധന നടത്തി സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന സ്ഥാപനങ്ങളുടെ  ലൈസന്‍സ് റദ്ദാക്കുമെന്ന് ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എം.പി. അജിത് കുമാര്‍ അറിയിച്ചു. മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ ഒരുമാസം നീളുന്ന ക്ലീന്‍ എയര്‍ എറണാകുളം പരിപാടിയുടെ ഭാഗമായാണിത്. എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ ടി ഒ  കെ.എം. ഷാജിയുടെ കീഴില്‍ ഒരു മോട്ടോര്‍ വെഹിക്കിള്‍സ് ഇന്‍സ്‌പെക്ടര്‍, ഒരു അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍സ് ഇന്‍സ്‌പെക്ടര്‍ എന്നിവര്‍ അടങ്ങുന്ന പ്രത്യേക സ്‌ക്വാഡിനെ നിയോഗിച്ചിട്ടുണ്ട്. മേയ് ഒന്നു മുതല്‍ പരിശോധന ആരംഭിക്കും. ജൂണ്‍ ഒന്നു മുതല്‍ മുതല്‍ എറണാകുളം ജില്ലയിലെ എല്ലാ പൊല്യൂഷന്‍ ടെസ്റ്റിങ്ങ് സെന്ററുകളും ശരിയായ രീതിയില്‍ പരിശോധന നടത്തുന്നുവെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം. 

 

തൃപ്തികരമല്ലാത്ത പുകപരിശോധന സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന കേന്ദ്രങ്ങളുടെ ലൈസന്‍സ് റദ്ദാക്കുന്ന നടപടിയുടെ ഭാഗമായി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കും. ഏഴു ദിവസത്തിനകം റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ക്ക് കാരണം ബോധിപ്പിക്കണം. കാരണം തൃപ്തികരമല്ലെങ്കില്‍ ആദ്യപടിയായി മൂന്നു മാസത്തേയ്ക്ക് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും. മൂന്നുമാസത്തിനുശേഷം വീണ്ടും പരിശോധിക്കുമ്പോള്‍ പ്രവര്‍ത്തനം സത്യസന്ധമല്ലെങ്കില്‍ വീണ്ടും ആറുമാസത്തേയ്ക്ക് സസ്‌പെന്‍ഡ് ചെയ്യും.  വീണ്ടും പൈറേറ്റഡ് സോഫ്റ്റ് വെയര്‍ ഉപയോഗിക്കുന്നത് കണ്ടാല്‍ ക്രിമിനല്‍ നടപടി എടുക്കുവാന്‍ പോലീസിനോട് ശുപാര്‍ശ ചെയ്യും.

നൂറോളം പുകപരിശോധനാകേന്ദ്രങ്ങളാണ് ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത്. 10 ശതമാനം  പുകപരിശോധനകേന്ദ്രങ്ങളില്‍ മാത്രമാണ് ശരിയായ രീതിയില്‍ പ്രവര്‍ത്തനം നടക്കുന്നത്. പൈറേറ്റഡ് സോഫ്റ്റ് വേര്‍ ഉപയോഗിക്കുമ്പോള്‍ വാഹനപരിശോധന നടത്തിയില്ലെങ്കിലും  പുകപരിശോധനസര്‍ട്ടിഫിക്കറ്റ്  ലഭിക്കും. ഡീസല്‍ എന്‍ജിന്‍ വാഹനങ്ങളില്‍ 90 ശതമാനവും പെട്രോള്‍ വാഹനങ്ങളില്‍ 50% പരിശോധന നടത്താതെ പൈറേറ്റഡ് സോഫ്റ്റ് വേര്‍  ഉപയോഗിക്കുന്നു. 

ജില്ലയില്‍ വായു മലിനീകരണം അനുവദനീയമായ അളവിനേക്കാള്‍ കൂടുതലാണെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ ജില്ലയിലെ വിവിധ ആശുപത്രികളില്‍ ശ്വാസകോശസംബന്ധമായിട്ടുള്ള അസുഖത്തിനു ചികിത്സയ്ക്കായി 30000 ത്തോളം ആളുകളാണ് എത്തിയത്. ഈ സാഹചര്യത്തിലാണു പുകപരിശോധനകേന്ദ്രങ്ങള്‍ കുറ്റമറ്റമാക്കുന്നതിന് ആദ്യപടിയായി ക്ലീന്‍ എയര്‍ എറണാകുളം എന്ന ക്യാംപെയ്ന്‍ ആരംഭിക്കുന്നത്. 

 

അമിതമായ പുക വാഹനങ്ങളില്‍ നിന്നും വരുന്നില്ല എന്ന് എല്ലാ വാഹന ഉടമകളും ഉറപ്പ് വരുത്തണം. തെറ്റായ രീതിയില്‍ പരിശോധന നടത്തുന്ന കേന്ദ്രങ്ങളുടെ പേരും സ്ഥലവും ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട്കമ്മിഷണര്‍ക്ക്  വാട്ട്‌സ് ആപ്പ് ചെയ്യുക.  48 മണിക്കൂറിനകം നടപടി സ്വീകരിക്കും. വാട്ട്‌സ് അപ്പ് നമ്പര്‍ 7025950100, 7025501300.

date