Skip to main content

അന്ത്യോദയ എക്സ്പ്രസിന് ജില്ലയില്‍ സ്റ്റോപ്പില്ല: മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

തിരുവനന്തപുരം- മംഗലാപുരം റൂട്ടില്‍ റിസര്‍വേഷനില്ലാതെ സര്‍വ്വീസ് നടത്തുന്ന പുതിയ അതിവേഗ ട്രെയിന്‍ അന്ത്യോദയ എക്സ്പ്രസിന് മലപ്പുറം ജില്ലയില്‍ ഒരിടത്തും സ്റ്റോപ്പ് അനുവദിക്കാത്തതിനാല്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. തിരൂര്‍ റസ്റ്റ് ഹൗസില്‍ നടത്തിയ സിറ്റിംഗിലാണ്  മനുഷ്യാവകാശ കമ്മീഷന്‍ അംഗം അഡ്വ: കെ മോഹന്‍കുമാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. സ്റ്റോപ്പ് അനുവദിക്കാത്തതിന് ദക്ഷിണ റെയില്‍വെ ഡിവിഷനല്‍ മാനേജറോട് വിശദീകരണം തേടുമെന്ന് കമ്മീഷന്‍ വ്യക്തമാക്കി. സാധാരണക്കാര്‍ക്ക് കുറഞ്ഞ ചെലവില്‍ അതിവേഗം സഞ്ചരിക്കാന്‍ സൗകര്യമൊരുക്കിയ അന്ത്യോദയ എക്സ്പ്രസിന് മലപ്പുറം ജില്ലയിലെ പ്രധാന സ്റ്റേഷനായ തിരൂരില്‍ പോലും സ്റ്റോപ്പ് അനുവദിക്കാത്തതിനാലാണ് കമ്മീഷന്‍ നടപടി. പുതിയ ട്രെയിനിന് ജില്ലയില്‍ ഒരിടത്തും സ്റ്റോപ്പ് അനുവദിക്കാത്തത് ഉചിതമല്ലെന്നും സ്റ്റോപ്പ് അനുവദിക്കാന്‍ നടപടിയെടുക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. ഷൊര്‍ണൂര്‍ വിട്ടാല്‍ കോഴിക്കോട് മാത്രമാണ് അന്ത്യോദയ എക്സ്പ്രസിന് സ്റ്റോപ്പുള്ളത്. രക്ഷിതാക്കളുടെ അനുമതിയോടെ രണ്ട് പെണ്‍കുട്ടികള്‍ പീഢനത്തിനിരിയായ സംഭവത്തില്‍ ജില്ലാ സാമൂഹിക നീതി വകുപ്പ് ഓഫീസറുടെ റിപ്പോര്‍ട്ട് കമ്മീഷന്‍ പരിഗണിച്ചു. മഞ്ചേരിയിലെ ഷെല്‍ട്ടര്‍ ഹോമില്‍ താമസിക്കുന്ന പെണ്‍കുട്ടികളുടെ തുടര്‍ വിദ്യാഭ്യാസം ഉറപ്പാക്കണമെന്ന് കമ്മീഷന്‍ നിര്‍ദേശിച്ചു. സര്‍ക്കാര്‍ പണം വിനിയോഗിച്ച് നടപ്പാക്കുന്ന ജലനിധി പദ്ധതിയിലൂടെ ലഭ്യമാകുന്ന ജലം ഗുണഭോക്ത്യ സമിതികള്‍ എല്ലാവര്‍ക്കും പരമാവധി തുല്യമായി വിതരണം ചെയ്യണമെന്ന് കമ്മീഷന്‍ നിര്‍ദേശിച്ചു. തിരൂരിലെ സിറ്റിംഗില്‍ 42 പരാതികളാണ് കമ്മീഷന്‍ പരിഗണിച്ചത്. ഇതില്‍ 16 എണ്ണം തീര്‍പ്പാക്കി.

 

date