Skip to main content

കാഷ്ലെസ് പാല്‍വിലവിതരണവുമായി മല്ലപ്പള്ളി ബ്ലോക്ക്

മല്ലപ്പള്ളി ക്ഷീരവികസന യൂണിറ്റില്‍ പാല്‍വിലവിതരണം പൂര്‍ണമായും ബാങ്കുകള്‍ വഴിയാക്കി. യൂണിറ്റിന് കീഴിലുള്ള 27 സംഘങ്ങളിലാണ് പാല്‍വില ബാങ്കുകളിലൂടെ ലഭ്യമാക്കുന്നത്. ഈ വര്‍ഷം ഏപ്രില്‍ മുതലാണ് പദ്ധതി നടപ്പാക്കിയത്. 1300 ക്ഷീരകര്‍ഷകരാണ് ഈ സംഘങ്ങളില്‍ പാല്‍ നല്‍കുന്നത്. പ്രതിമാസം 2.5 ലക്ഷം ലിറ്റര്‍ പാല്‍ സംഭരിക്കുന്നുണ്ട്. സംഘത്തില്‍ നല്‍കുന്ന പാലിന്‍റെ അതതു കാലയളവിലുള്ള വില കണക്കാക്കി സംഘം കര്‍ഷകരുടെ അക്കൗണ്ടിലേയ്ക്ക് നേരിട്ട്  പണം ട്രാന്‍സ്ഫര്‍ ചെയ്യുകയാണ് ചെയ്യുന്നത്. പ്രതിദിനം രണ്ട് ലക്ഷത്തോളം രൂപ കര്‍ഷകര്‍ക്ക് ലഭിക്കുന്നുണ്ട്. ക്ഷീരവികസവകുപ്പ് ഡയറി സോണ്‍ പദ്ധതി നടപ്പിലാക്കുന്ന 50 ബ്ലോക്കുകളില്‍ ഒന്നാണ് മല്ലപ്പള്ളി. കഴിഞ്ഞ വര്‍ഷം 50 ലക്ഷം രൂപയുടെ ക്ഷീരവികസന പ്രവര്‍ത്തനങ്ങളാണ് ഇവിടെ പൂര്‍ത്തീകരിച്ചത്. 120 പുതിയ കറവ പശുക്കളെ വാങ്ങുന്നതുള്‍പ്പെടെ ആധുനികരീതിയിലുള്ള കാലിത്തൊഴുത്തു നിര്‍മാണം, കറവയന്ത്രം തുടങ്ങി കര്‍ഷകര്‍ക്കായി നിരവധി സാമ്പത്തിക സാങ്കേതിക സഹായങ്ങള്‍ ഡയറി സോണ്‍ പദ്ധതിയിലൂടെ ബ്ലോക്കിന് ലഭ്യമായി. ഓട്ടോമാറ്റിക് മില്‍ക്ക് കളക്ഷന്‍ യൂണിറ്റ് ഉള്‍പ്പെടെ പാല്‍ സംഭരണത്തിന്‍റെ നൂതന മാര്‍ഗങ്ങള്‍ ഇവിടെ നടപ്പിലാക്കിയിട്ടുണ്ട്. ക്ഷീരസംഘങ്ങള്‍ വഴിയുള്ള പാല്‍ സംഭരണത്തില്‍ 21 ശതമാനത്തിന്‍റെ. വര്‍ധനവാണ് ഈ വര്‍ഷം ഉണ്ടായത്. ഡയറി സോണ്‍ ഉള്‍പ്പെടെയുള്ള ക്ഷീരവികസന വകുപ്പിന്‍റെ വിവിധ പദ്ധതികള്‍ വഴി ഈ വര്‍ഷം അവസാനം പാല്‍ സംഭരണം മൂന്നര ലക്ഷം ലിറ്ററിലേക്ക് വര്‍ധിപ്പിക്കുന്നതിനാണ് മല്ലപ്പള്ളി ബ്ലോക്ക് ലക്ഷ്യമിടുന്നത്. നോട്ട് ക്ഷാമത്തിന്‍റെ പശ്ചാത്തലത്തില്‍ 2016ലാണ് സംസ്ഥാനത്തെ ക്ഷീര കര്‍ഷകര്‍ക്ക് പാല്‍വില വിതരണം ബാങ്ക് അക്കൗണ്ട് വഴിയാക്കാന്‍ ക്ഷീര വികസന വകുപ്പ് ഉത്തരവിറക്കിയത്.
                                                (പി എന്‍പി 1666/18)

date