Skip to main content

വായ്പാ വിതരണത്തില്‍ ജില്ലയിലെ ബാങ്കുകള്‍ ലക്ഷ്യം കവിഞ്ഞു

വായ്പാ വിതരണത്തില്‍ 2017-18 വര്‍ഷത്തില്‍ ജില്ലയിലെ ബാങ്കുകള്‍ ലക്ഷ്യം കവിഞ്ഞതായി ബാങ്കിങ് അവലോകന സമിതി യോഗം വിലയിരുത്തി.  ക്യഷി,വ്യവസായം, ഹൗസിംഗ്, വിദ്യാഭ്യാസ് തുടങ്ങിയ മേഖലകളില്‍ 10298 കോടി രൂപയായിരുന്നു വായ്പയായി നല്‍കാന്‍ ബാങ്കുകള്‍ ലക്ഷ്യമിട്ടിരുന്നത്.  എന്നാല്‍ സാമ്പത്തിക വര്‍ഷ അവസാനമായപ്പേഴേക്കും 12262 കോടി രൂപ വിതരണം ചെയ്ത് ബാങ്കുള്‍ ലക്ഷ്യം കവിഞ്ഞു.  119 ശതമാനമാണ് ആകെ നേട്ടം.   കാര്‍ഷിക രംഗത്ത് 4280 കോടി രൂപ ലക്ഷ്യമിട്ടപ്പോള്‍ 5891 കോടി രൂപ വിതരണം ചെയ്യാന്‍ കഴിഞ്ഞു.  വ്യവസായ മേഖലയില്‍ 1383 ലക്ഷ്യമിട്ടപ്പോള്‍ 1461 കോടി രൂപയാണ് നല്‍കിയത്.  വിദ്യാഭ്യാസം, ഹൗസിങ് വായ്പകള്‍ക്കായി 1411 കോടി രൂപ വിതരണം ചെയ്തു.  1362 കോടി രൂപയായിരുന്നു ലക്ഷ്യമിട്ടത്.
    അവലോകനയോഗം പി. ഉബൈദുള്ള എം.എല്‍.എ ഉദ്ഘാടനം ചെയ്തു.  വിദേശത്ത് നിന്നും തിരിച്ചു വരുന്നവര്‍ക്ക് പുനരധിവാസത്തിന് ബാങ്കുകള്‍ പ്രത്യേക പാക്കേജുകള്‍ തയ്യാറാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.   വ്യവസായ മേഖലയില്‍ ഗവണ്‍മെന്റ് കൂടുതല്‍ ഉദാരനയം നടപ്പാക്കുന്നതുപോലെ ബാങ്കുകളും വ്യവസായങ്ങള്‍ക്ക് വായ്പ നല്‍കുന്നതില്‍ ഉദാരനയം സ്വീകരിക്കണമെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ ജില്ലാ കലക്ടര്‍ അമിത്മീണ പറഞ്ഞു.
 ജില്ലയിലെ ബാങ്കുകളില്‍ 2018 മാര്‍ച്ച് വരെയുള്ള കണക്ക് പ്രകാരം 31838 കോടി രൂപ നിക്ഷേപമായുണ്ട്.  പ്രവാസികളുടെ നിക്ഷേപമായി 9797 കോടി രൂപയുണ്ട്.  വായ്പയായി 20316 കോടി രൂപ നല്‍കിയിട്ടുണ്ട്.   വായ്പാ നിക്ഷേപാനുപാതം 64 ശതമാനമാണ്.  
    ഹോട്ടല്‍ മഹേന്ദ്രപുരിയില്‍ നടന്ന പരിപാടി കനറാ ബാങ്ക് എ.ജി.എം എം. ജലീല്‍, ആര്‍.ബി.ഐ എല്‍.ഡി.ഒ ഹരിദാസ്. പി.ജി, നബാര്‍ഡ് ഡി.ഡി.എം ജെയ്മ്‌സ് പി.ജോര്‍ജ്, ലീഡ് ബാങ്ക് മാനേജര്‍ കുഞ്ഞിരാമന്‍. ടി.പി എന്നിവര്‍ പ്രസംഗിച്ചു.

 

date