Skip to main content

മുത്തോലി പഞ്ചായത്ത് ബാല സൗഹൃദമാകൂന്നു 

 

മുത്തോലി ഗ്രാമ പഞ്ചായത്ത് ജില്ലയിലെ ആദ്യ ബാലസൗഹൃദ പഞ്ചായത്ത് ആകുന്നു. എല്ലാ കുട്ടികള്‍ക്കു അവരുടെ മുഴുവന്‍ അവകാശങ്ങളും  യാഥാര്‍ത്ഥ്യമാക്കുന്നതിനുളള നടപടികള്‍ ഉറപ്പു വരുത്തിയിട്ടുള്ള മുത്തോലിയെ ബാലസൗഹൃദ പഞ്ചായത്തായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍  29 ന് പ്രഖ്യാപിക്കും. പുലിയന്നൂര്‍ ആശ്രമം ഗവ. എല്‍.പി സ്‌കൂളിന്റെ ശതാബ്ദി സ്മാരകമായി നിര്‍മ്മിച്ച പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വ്വഹിക്കും. വൈകിട്ട് 3.30ന് നടക്കുന്ന ചടങ്ങില്‍ കെ.എം. മാണി എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. വികസന രേഖ പ്രകാശനവും സ്മാര്‍ട്ട് ക്ലാസ് റൂമിന്റെ ഉദ്ഘാടനവും ജോസ് കെ മാണി എം.പി നിര്‍വ്വഹിക്കും. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ സലിം ഗോപാല്‍ മുഖ്യ പ്രഭാഷണം നടത്തും. എസ്.എസ്.എല്‍.സി, പ്ലസ്ടൂ പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിബി ഓടയ്ക്കല്‍ ആദരിക്കും. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ബെറ്റി റോയി നീന്തല്‍ പരിശീലന സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യും. പാലാ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ജോസ് വര്‍ഗ്ഗീസ്  ബിപിഒ അനിത സി നായര്‍, കിലാ ഫാക്കല്‍റ്റി കെ. ശശികലാ തുടങ്ങിയവര്‍ സംസാരിക്കും.  ബിനാ ബേബി സ്വാഗതവും അസി. സെക്രട്ടറി എസ്. ദേവേഷ് നന്ദിയും പറയും. 

                                                                 (കെ.ഐ.ഒ.പി.ആര്‍-1300/18)

date