Skip to main content

പിആര്‍ഡി-ഡിസി ബുക്‌സ് പുസ്തക വണ്ടി മന്ത്രി കെ. ടി. ജലീല്‍ ഫ്‌ളാഗ് ഓഫ് ചെയ്യും

 

വായനാപക്ഷാചരണത്തിന്റെ  ഭാഗമായി ഇന്‍ഫര്‍മേഷന്‍-പബ്ലിക്റിലേഷന്‍സ് വകുപ്പും ഡിസി ബുക്സും സംയുക്തമായി ഗ്രാമ വികസന വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ സഹകരണത്തോടെ നടത്തുന്ന പുസ്തകവണ്ടി ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ ഇന്നു മുതല്‍ പര്യടനം നടത്തും.  പുസ്തക വണ്ടിയുടെ പര്യടനം ഇന്ന് രാവിലെ 10ന് ജില്ലാ പഞ്ചായത്ത് അങ്കണത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി ജലീല്‍ ഫ്ളാഗ് ഓഫ് ചെയ്യും.                     സ്‌കൂളുകളില്‍ വിതരണം  ചെയ്യുന്നതിന് നൂറോളം പുസ്തകങ്ങള്‍ ഡി.സി ബുക്ക്‌സ് പബ്ലിക്കേഷന്‍ മാനേജര്‍ എ.വി ശ്രീകുമാര്‍ മന്ത്രിയ്ക്ക് കൈമാറും. ജില്ലാ കളക്ടര്‍ ഡോ. ബി.എസ്. തിരുമേനി, ജില്ലാ പഞ്ചായത്ത് ആക്ടിങ് പ്രസിഡന്റ് ശശികല നായര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ മന്ത്രിയില്‍ നിന്ന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സിനി.കെ.തോമസ്  പുസ്തകങ്ങളേറ്റു വാങ്ങും. ജില്ലയിലെ 11 ബ്ലോക്കുകളിലെയും തിരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളില്‍ അദ്ധ്യയന സമയത്ത് എത്തുന്ന പുസ്തക വണ്ടി സ്‌പോട്ട് ക്വിസ് നടത്തി കുട്ടികള്‍ക്ക്   പുസ്തകങ്ങള്‍ സമ്മാനിക്കും. ഇന്നും (ജൂണ്‍ 29) ജൂലൈ 2, 3 തീയതികളിലുമാണ് പര്യടനം. പിആര്‍ഡി പുസ്തകങ്ങളുടെയും പ്രസിദ്ധീകരണങ്ങളുടെയും പ്രദര്‍ശനവും വിതരണവും ഡിസി ബുക്ക്‌സ് ഉടന്‍  പ്രസിദ്ധീകരിക്കുന്ന ഒരു വട്ടം കൂടി എന്റെ പാഠപുസ്തകങ്ങള്‍ എന്ന സീരീസിന്റെ പരിചയപ്പെടുത്തല്‍ എന്നിവയിലൂടെ വായന സന്ദേശം നല്‍കുന്നതിനാണ് പര്യടനം.  1956 മുതല്‍ 1994 വരെ കേരളത്തിലെ വിദ്യാലയങ്ങളില്‍ പഠിപ്പിച്ച മലയാള പാഠാവലിയും ഉപ  പാഠാവലിയുമാണ് ഡിസി  പരിചയപ്പെടുത്തുന്നത്. ഇന്ന്  (ജൂണ്‍ 29) പള്ളം ബ്ലോക്ക് പരിധിയിലെ വടവാതൂര്‍ ഗവ.ഹൈസ്‌കൂളില്‍ രാവിലെ 10.നും പാമ്പാടി ബ്ലോക്കിലെ പൊന്‍കുന്നം വര്‍ക്കി മെമ്മൊറിയല്‍ സ്‌കൂളില്‍ 11നും, മുത്തോലി ആശ്രമം ഗവ.എല്‍.പി സ്‌കൂളില്‍ 1.30നും (ളാലം ബ്ലോക്ക്), തിടനാട് ജി.വി എച്ച്.എസ്.എസില്‍ (ഈരാറ്റുപേട്ട ബ്ലോക്ക്) 3മണിക്കും പുസ്തക വണ്ടി എത്തിച്ചേരും. ജൂലൈ 2ന് ഏറ്റുമാനൂര്‍ ഗവ.മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ ഫോര്‍ ഗേള്‍സ്, ഗവ. യു പി  സ്‌കൂള്‍ വെമ്പള്ളി, ഗവ.വി.എച്ച്.എസ്.എസ്. കടുത്തുരുത്തി, ഗവ.യു.പി സ്‌കൂള്‍ ഉദയനാപുരം, ജൂലൈ 3ന് കാഞ്ഞിരപ്പള്ളി പേട്ട ഗവ.എച്ച്.എസ്.എസ്, വാഴൂര്‍ ഗവ. ഹൈസ്‌കൂള്‍ കൊടുങ്ങൂര്‍,  സി.എസ്.യു.പി     സ്‌കൂള്‍ മാടപ്പള്ളി എന്നീ സ്‌കൂളുകളില്‍ പര്യടനം നടത്തും.

date