ജലജന്യരോഗങ്ങള്‍ക്കെതിരെ മുന്‍കരുതലെടുക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍
മഴക്കാല രോഗങ്ങളില്‍ ജലത്തില്‍ കൂടി പകരുന്ന വയറിളക്കം, കോളറ, മഞ്ഞപ്പിത്തം തുടങ്ങിയവയുടെ കാര്യത്തില്‍ ജനങ്ങള്‍ ശ്രദ്ധിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. മഴക്കാലമായതോടെ ജില്ലയില്‍ വയറിളക്കരോഗങ്ങളുടെ എണ്ണത്തില്‍ നേരിയ വര്‍ധനയുണ്ടായിട്ടുണ്ടെന്നും ഡിഎംഒ അറിയിച്ചു.
ദഹനവ്യൂഹത്തെ ബാധിക്കുന്ന ഗുരുതരമായ ആരോഗ്യ പ്രശ്‌നം ഉണ്ടാക്കുന്നതാണു വയറിളക്കരോഗങ്ങള്‍. അഞ്ചു വയസിനു താഴെയുള്ള കുഞ്ഞുങ്ങളെയാണ് ഈ രോഗം കൂടുതലായി ബാധിക്കുന്നത്. യഥാസമയത്തു ശരിയായ രീതിയിലുള്ള പാനീയ ചികിത്സ നല്‍കുക വഴി 90 ശതമാനം വയറിളക്ക മരണങ്ങളും തടയാം. സാധാരണയിലും അയഞ്ഞ് ദ്രാവകരൂപത്തില്‍ മൂന്നോ അതില്‍ കൂടുതലോ തവണ മലവിസര്‍ജ്ജനം ഉണ്ടാകുകയാണെങ്കില്‍ അതിനെ വയറിളക്കം എന്നു പറയാം. പ്രധാനമായും വൈറസുകള്‍, ബാക്ടീരിയകള്‍, അമീബ തുടങ്ങിയ പരാദ ജീവികള്‍ മൂലമാണ് വയറിളക്കമുണ്ടാകുന്നത്. ഈ രോഗാണുക്കള്‍ കുടിവെള്ളം വഴിയും ആഹാരത്തില്‍ കൂടിയുമാണു ശരീരത്തിലെത്തുന്നത്. വയറിളക്കം നിര്‍ജ്ജലീകരണത്തിനു കാരണമാകുന്നു. കുഴിഞ്ഞു വരണ്ട കണ്ണുകള്‍, ഒരു വയസിന് താഴെയുള്ള കുഞ്ഞുങ്ങളില്‍ താഴ്ന്ന ഉച്ചി, ഉണങ്ങിവരണ്ട ചുണ്ടും നാവും, അമിത ദാഹം, അളവില്‍ കുറഞ്ഞ് കടുത്ത നിറത്തോടു കൂടിയ മൂത്രം, ക്ഷീണം, അസ്വസ്ഥത, മയക്കം തുടങ്ങിയവയാണ് നിര്‍ജ്ജലീകരണത്തിന്റെ ലക്ഷണങ്ങള്‍. ഏതു വയറിളക്കവും അപകടകരമാകാം എന്നുള്ളതിനാല്‍ വയറിളക്കത്തിന്റെ ആരംഭം മുതല്‍ തന്നെ പാനീയ ചികിത്സ തുടങ്ങണം. പലപ്പോഴും 90 ശതമാനം വയറിളക്കരോഗങ്ങളും വീട്ടില്‍ വച്ചുള്ള പാനീയ ചികിത്സകൊണ്ടു ഭേദമാക്കാം. മാത്രമല്ല കൂടുതല്‍ നിര്‍ജ്ജലീകരണാവസ്ഥയിലേക്കും മരണത്തിലേക്കും നീങ്ങുന്നതിനെ തടയാനും കഴിയും. ചെറിയൊരു ശതമാനത്തിനു മാത്രമേ വിദഗ്ധ ചികിത്സയും ആശുപത്രിയില്‍ കിടത്തിയുള്ള ചികിത്സയും ആവശ്യമായി വരികയുള്ളൂ. ഒ.ആര്‍.എസ് മിശ്രിതമോ വീട്ടില്‍ തയ്യാറാക്കാകുന്ന ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന്‍ വെള്ളം, ഉപ്പും പഞ്ചസാരയും ചേര്‍ത്ത നാരങ്ങാവെള്ളം, തുടങ്ങിയവയെല്ലാം പാനീയ ചികിത്സക്കായി നല്‍കാം. സമീപത്തുള്ള ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്നും അങ്കണവാടിയില്‍ നിന്നും ഒ.ആര്‍.എസ്.-സിങ്ക് പാക്കറ്റുകള്‍ ലഭിക്കും.
നിര്‍ദേശങ്ങള്‍
• തിളപ്പിച്ചാറ്റിയ വെള്ളം മാത്രം ഉപയോഗിക്കുക.
• ഭക്ഷണ സാധനങ്ങള്‍ ചൂടോടെ ഉപയോഗിക്കുക. പഴകിയതും തണുത്തതും തുറന്നു വച്ചതുമായ ഭക്ഷണ സാധനങ്ങള്‍ ഉപയോഗിക്കരുത്.
• വഴിയോര കച്ചവടക്കാരില്‍ നിന്നും പാനീയങ്ങള്‍ വാങ്ങി ഉപയോഗിക്കാതിരിക്കുക, അല്ലെങ്കില്‍ അവര്‍ അണുവിമുക്തമാക്കിയ വെള്ളമാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കുക.
• ബേക്കറികള്‍, ഹോട്ടലുകള്‍ എന്നിവ ഭക്ഷണ സാധനങ്ങള്‍ അടച്ചു സൂക്ഷിക്കുകയും ഉപയോഗിക്കുന്ന വെള്ളം അണുവിമുക്തമാകുകയും ചെയ്യുക.
• ഭക്ഷണത്തിനു മുന്‍പ് സോപ്പ് ഉപയോഗിച്ചു കൈകള്‍ വൃത്തിയായി കഴുകുക.
• മാലിന്യങ്ങള്‍ സുരക്ഷിതമായി നിര്‍മാര്‍ജനം ചെയ്യുക.
• കുടിവെള്ള സ്രോതസുകള്‍ മലിനമാക്കാതിരുക്കുക; അണുനശീകരണം നടത്തുക.
• മലമൂത്ര വിസര്‍ജനം കക്കൂസില്‍ മാത്രം നടത്തുക; മലമൂത്ര വിസര്‍ജനത്തിനു ശേഷം കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകുക.
• കിണറിനു ചുറ്റുമതില്‍ കെട്ടുക; കിണര്‍ വെള്ളം ഇടയ്ക്കിടെ ക്ലോറിനേറ്റ് ചെയ്യുക.
• ടാങ്കറുകളിലും മറ്റും എത്തിക്കുന്ന വെള്ളം സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുക.
- Log in to post comments