Skip to main content

മനുഷ്യാവകാശവും ആധുനിക പോലീസിംഗും: സെമിനാര്‍ 25ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

    സംസ്ഥാന പോലീസ് കംപ്ലയിന്റ് അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ ജൂലൈ 25 ന് ദേശീയ സെമിനാര്‍ നടത്തും. 'മനുഷ്യാവകാശവും ആധുനിക പോലീസിംഗും: നൂതന പ്രവണതകള്‍' എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന സെമിനാര്‍ രാവിലെ 9.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരം ടാഗോര്‍ തീയറ്ററില്‍ ഉദ്ഘാടനം ചെയ്യുമെന്ന് പോലീസ് കംപ്ലയിന്റ് അതോറിറ്റി ചെയര്‍മാന്‍ വി.കെ. മോഹനന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സുപ്രീം കോടതി മുന്‍ ജഡ്ജി വി. ഗോപാല്‍ ഗൗഡ മുഖ്യപ്രഭാഷണം നടത്തും. അതോറിറ്റി ചെയര്‍മാന്‍ വി.കെ. മോഹനന്‍ അധ്യക്ഷത വഹിക്കും. അതോറിറ്റി അംഗവും മുന്‍ ഡി.ജി.പിയുമായ കെ.എസ്. ബാലസുബ്രഹ്മണ്യന്‍ സ്വാഗതം പറയും.
    വിവിധ സെഷനുകളിലായി അഡ്വ. മജ ദാരുവാല, അഡ്വ. മിഹിര്‍ ദേശായ്, ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ, മുന്‍ ഡി.ജി.പി ജേക്കബ് പൂന്നുസ് എന്നിവര്‍ വിഷയങ്ങള്‍ അവതരിപ്പിക്കും. സമാപന സമ്മേളനം വൈകിട്ട് മൂന്നരയ്ക്ക് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ആന്റണി ഡൊമിനിക് ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യപ്രഭാഷണം നടത്തും.
    എല്ലാ പോലീസ് സ്‌റ്റേഷനുകളിലെയും എസ്.എച്ച്.ഒമാരാണ് സെമിനാറില്‍ പങ്കെടുക്കുന്നത്. മനുഷ്യാവകാശവും ആധുനിക പോലീസിംഗും സംബന്ധിച്ച് കൂടുതല്‍ അവബോധം എല്ലാ പോലീസ് സ്‌റ്റേഷനുകളിലും എത്താന്‍ പരിപാടി സഹായിക്കുമെന്ന് പോലീസ് കംപ്ലയിന്റ് അതോറിറ്റി ചെയര്‍മാന്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ അതോറിറ്റി സെക്രട്ടറി ജയ്‌സുഖ് ലാലും പങ്കെടുത്തു.
                                          പി.എന്‍.എക്‌സ്.3017/18

date