Skip to main content

സ്ത്രീകൾക്ക് സാമ്പത്തിക സ്വാശ്രയത്വം പ്രധാനം: മന്ത്രി വീണാ ജോർജ്, കാക്കനാട് വനിതാ മിത്ര കേന്ദ്രം ഉദ്ഘാടനം ചെയ്തു

 

സ്ത്രീകൾ സാമ്പത്തിക സ്വാശ്രയത്വം നേടുകയെന്നത് വനിതാ ശാക്‌തീകരണത്തിൽ പ്രധാനമാണെന്ന് ആരോഗ്യ, വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. കാക്കനാട് കുന്നുംപുറത്ത് വനിതാ വികസന കോർപറേഷൻ പുതുതായി ആരംഭിച്ച വനിതാ മിത്ര കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

 വനിതാ വികസന കോർപറേഷൻ വഴി ഈ സാമ്പത്തിക വർഷം 120 കോടി രൂപയുടെ വായ്‌പയാണ് വിതരണം ചെയ്തത്. ഒരു വായ്‌പയിൽ നിന്ന് കുറഞ്ഞത് മൂന്നു തൊഴിലുകൾ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. വരുന്ന നാലു വർഷത്തിനുള്ളിൽ 10 ലക്ഷം സ്ത്രീകൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. 

തൊഴിൽ ആവശ്യങ്ങൾക്കായി വീടുകളിൽ നിന്ന് മാറിനിൽക്കുന്ന ഓരോ സ്ത്രീക്കും സുരക്ഷിത താമസവും യാത്ര സൗകര്യവുമൊരുക്കേണ്ടതുണ്ട്. അത്തരത്തിലുള്ള സുരക്ഷിത താമസ സ്ഥലമെന്ന സുപ്രധാന ചുവടുവയ്പ്പാണ് വനിതാ മിത്ര കേന്ദ്രങ്ങളിലൂടെ വനിതാ വികസന കോർപറേഷൻ ലക്ഷ്യമിടുന്നത്. ജോലി ചെയ്യുന്ന അമ്മമാർക്ക് കുഞ്ഞുങ്ങളെ ഒപ്പം നിർത്താനുള്ള സൗകര്യവും കേന്ദ്രത്തിൽ ഒരുക്കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. 

വനിതാ വികസന കോർപറേഷൻ നൽകുന്ന വിവിധ വായ്‌പകളുടെ വിതരണോദ്ഘാടനവും മന്ത്രി നിർവഹിച്ചു. 

തൃക്കാക്കര നഗരസഭ അധ്യക്ഷ അജിത തങ്കപ്പൻ അധ്യക്ഷത വഹിച്ചു. മുൻസിപ്പൽ കൗൺസിലർ റാഷിദ്‌ ഉള്ളമ്പള്ളി, വനിതാ വികസന കോർപ്പറേഷൻ മാനേജിങ് ഡയറക്ടർ വി.സി ബിന്ദു, റീജിയണൽ മാനേജർ എം.ആർ രംഗൻ,  ഡയറക്ടർമാരായ ടി.വി അനിത, പെണ്ണമ്മ തോമസ്, ആർ.ഗിരിജ, എം.ഡി. ഗ്രേസ്, ഷീബ ലിയോൺ, ജില്ലാ വനിതാ ശിശു വികസന ഓഫീസർ പ്രേംന മനോജ്‌ ശങ്കർ, കെൽ ജനറൽ മാനേജർ ഇ.വി ഇന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

date