Skip to main content

ബാലാവകാശം സംരക്ഷിക്കുക സമൂഹത്തിന്റെ ഉത്തരവാദിത്തം- മന്ത്രി വീണാ ജോര്‍ജ്

ആലപ്പുഴ: ബാലാവകാശം സംരക്ഷിക്കുകയെന്നത് സമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്ന് ആരോഗ്യ, വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വീടുകളിലും സ്‌കൂളുകളിലും പൊതു ഇടങ്ങളിലും കുട്ടികളുടെ അവകാശം നിഷേധിക്കപ്പെടുന്നില്ലെന്നും അവര്‍ക്കെതിരെ അതിക്രമങ്ങള്‍ നടക്കുന്നില്ലെന്നും ഉറപ്പു വരുത്തേണ്ടത് സമൂഹത്തിന്റെ കടമയാണെന്ന് ബാലസൗഹൃദ കേരളം ഏകദിന ബോധവത്കരണ ശില്‍പശാല പൂങ്കാവ് മേരി ഇമ്മാക്കുലേറ്റ് ഹൈസ്‌കൂളില്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് മന്ത്രി പറഞ്ഞു. ബാലാവകാശ സംരക്ഷണ കമ്മിഷന്‍ സംഘടിപ്പിച്ച ചടങ്ങില്‍ പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ. അധ്യഷനായി. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി മുഖ്യാതിഥിയായി. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷണന്‍ അധ്യക്ഷന്‍ കെ.വി. മനോജ്കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി.

സംസ്ഥാനത്തെ ബാലസൗഹൃദമാക്കുക എന്നത് സര്‍ക്കാര്‍ നയത്തിന്റെ ഭാഗമാണെന്ന് മന്ത്രി പറഞ്ഞു. സര്‍ക്കാരിനെ സംബന്ധിച്ച് ഓരോ കുഞ്ഞും വിലപ്പെട്ടതാണ്. അവരുടെ മാനസികവും ശാരീരികവും ബൗദ്ധികവുമായ വളര്‍ച്ച ലക്ഷ്യംവെച്ച് വനിതാ ശിശുവികസന വകുപ്പ് ഒട്ടേറെ പദ്ധതികളാണ് ആവിഷ്‌കരിച്ച് നടപ്പാക്കുന്നത്. ബാലാവകാശ സംരക്ഷണത്തിന്റെ ഭാഗം തന്നെയാണ് അവര്‍ക്ക് പഠനത്തിന് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുകയെന്നതും. സ്‌കൂളുകള്‍ക്കൊപ്പം തന്നെ അങ്കണവാടികളിലെയും അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി അവയെ ഉയര്‍ന്ന നിലവാരത്തില്‍ എത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

ആരോഗ്യ, വിദ്യാഭ്യാസ സൂചികകളില്‍ കേരളം അന്താരാഷ്ട്ര നിലവാരത്തിലാണ്. ആയുര്‍ദൈര്‍ഘ്യം, മാതൃമരണം, ശിശുമരണം എന്നിവയിലെല്ലാം കേരളം മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണ്. കേരളത്തില്‍ കുഞ്ഞുങ്ങളുടെ മരണനിരക്ക് ആറാണ് (ആയിരം കുഞ്ഞുങ്ങള്‍ ജനിക്കുമ്പോള്‍ ആറ് കുഞ്ഞുങ്ങള്‍ മരിക്കുന്നു). ഇത് ഇനിയും കുറച്ചു കൊണ്ടുവരുന്നതിന്റെ ഭാഗമായി നടപ്പാക്കുന്ന പദ്ധതികളില്‍ ഒന്നാണ് ഹൃദ്യം. കുട്ടികളില്‍ ഹൃദ്രോഗം മൂലമുള്ള മരണനിരക്ക് കുറച്ചുകൊണ്ടുവരുക എന്ന ലക്ഷ്യത്തോടെയുള്ള ഈ പദ്ധതി പ്രകാരം 5000 കുട്ടികള്‍ക്കാണ് ഇതുവരെ സൗജന്യമായി ഹൃദയ ശസ്ത്രക്രിയ ചെയ്തു നല്‍കിയതെന്നും മന്ത്രി വ്യക്തമാക്കി.

ചടങ്ങില്‍ മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സംഗീത പി.പി., സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍ അംഗങ്ങളായ ജലജ ചന്ദ്രന്‍, വിജയകുമാര്‍ സി., ശ്യാമളാദേവി പി., ആലപ്പുഴ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അധ്യക്ഷ ജി. വസന്തകുമാരി, ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍ എല്‍. ഷീബ, തിരുവനന്തപുരം മെഡിക്കല്‍ കോളജ് അസിസ്റ്റന്റ് ഫ്രൊഫസര്‍ മോഹന്‍ റോയ്, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ മിനിമോള്‍ ടി.വി. എന്നിവര്‍ പങ്കെടുത്തു. ബാലസൗഹൃദ കേരളം-എന്ത് എങ്ങനെ, ബാലാവകാശ നിയമങ്ങളും സമൂഹവും, ഡെമോക്രാറ്റിക് പാരന്റിംഗ്, സൈബര്‍ കുറ്റകൃത്യങ്ങളും ലഹരി വസ്തുക്കളുടെ ഉപയോഗവും- മുന്‍കരുതല്‍ എന്നീ വിഷയങ്ങളില്‍ ക്ലാസ്സുകള്‍ നടത്തി.
 

date