Skip to main content
കളമശ്ശേരി കുസാറ്റ് ഓപ്പണ്‍ എയര്‍ സ്റ്റേഡിയത്തില്‍  ജില്ലാതല തൊഴില്‍ മേളയുടെ ഉദ്ഘാടനം ജില്ലാ കളക്ടർ ഡോ.രേണു രാജ് നിർവഹിക്കുന്നു

ജില്ലാതല തൊഴിൽ മേള  കുസാറ്റിൽ സംഘടിപ്പിച്ചു

 

കളമശ്ശേരി കുസാറ്റ് ഓപ്പണ്‍ എയര്‍ സ്റ്റേഡിയത്തില്‍ നടന്ന ജില്ലാതല തൊഴില്‍ മേള  ജില്ലാ കളക്ടർ ഡോ.രേണു രാജ് ഉദ്ഘാടനം ചെയ്തു.  കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ കൗശല്യ യോജന (ഡി.ഡി.യു.ജി.കെ.വൈ),യുവ കേരളം എന്നിവയുമായി സഹകരിച്ചാണ്  തൊഴില്‍ മേള സംഘടിപ്പിച്ചത്. 

അഭ്യസ്തവിദ്യരായ ധാരാളം യുവതി യുവാക്കൾ ഉള്ള നമ്മുടെ നാട്ടിൽ എല്ലാവർക്കും സർക്കാർ സംവിധാനങ്ങളിലൂടെയോ നേരിട്ട് മറ്റ് സ്ഥാപനങ്ങളിലൂടെയോ തൊഴിൽ ലഭിക്കുക എന്നത് പ്രാപ്യമല്ലെന്ന് ജില്ലാ കളക്ടർ ഡോ.രേണു രാജ് പറഞ്ഞു. പഠനം പൂർത്തിയാക്കിയ 18 നും 35 വയസിനും ഇടയിൽ പ്രായമുള്ള  ആവശ്യമായ  സ്കില്ലും വിദ്യാഭ്യാസവും പരീശീലനവും പൂർത്തിയാക്കിയ ഉദ്യോഗാർത്ഥികൾ ഒരു വശത്ത് ജോലി കിട്ടാൻ ബുദ്ധിമുട്ടുമ്പോൾ  ഇതേ യോഗ്യതകൾ ഉള്ള ഉദ്യോഗാർത്ഥികളെ ലഭിക്കാത്ത സ്ഥാപനങ്ങളും ഉള്ള സാഹചര്യമാണ് നിലനിൽക്കുന്നത്. ഇവരെ ഒരുമിച്ച് ഒരു കുടക്കീഴിൽ കൊണ്ടു വരികയാണ് ഏറ്റവും വലിയ വെല്ലുവിളി. ഇതിനു പരിഹാരമായാണ് തൊഴിൽ മേള സംഘടിപ്പിച്ചിരിക്കുന്നതെന്നും കളക്ടർ പറഞ്ഞു.

സൗജന്യ തൊഴിൽ നൈപുണ്യ പരിശീലന പദ്ധതികളുടെ ഭാഗമായി യുവാക്കൾക്ക് കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് മേള നടത്തിയത്. 4500 ഉദ്യോഗാര്‍ത്ഥികളാണ് മേളയില്‍ പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. മുന്‍കൂട്ടി രജിസ്റ്റർ ചെയ്തവരെക്കൂടാതെ സ്പോട്ട് രജിസ്ട്രേഷനും  ഉണ്ടായിരുന്നു. വിവിധ മേഖലകളിലെ 31 കമ്പനികള്‍ പങ്കെടുക്കുന്ന മേളയിലൂടെ 1200  തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നത്.  

ഒരു ഉദ്യോഗാര്‍ത്ഥിക്ക് മൂന്ന് കമ്പനികളുടെ അഭിമുഖത്തില്‍ പങ്കെടുക്കാൻ അവസരം ഉണ്ടായിരുന്നു.

ചടങ്ങിൽ കളമശേരി ഈസ്റ്റ് സി.ഡി.എസ് ചെയർ പേഴ്സൺ സുജാത വേലായുധൻ അധ്യക്ഷത വഹിച്ചു. കളമശ്ശേരി വെസ്റ്റ് സി.ഡി.എസ് ചെയർ പേഴ്സൺ ഫാത്തിമ മുഹമ്മദ്, കുടുംബശ്രീ ജില്ലാ മിഷൻ കോ ഓഡിനേറ്റർ എം.ബി പ്രീതി, പ്രോഗ്രാം മാനേജർ എൻ. അജേഷ് തുടങ്ങിയവർ പങ്കെടുത്തു.

date